വീട്ടിലെ മനോരമ പേപ്പറിന്റെ പേജ് മറിച്ചു ചിത്രം നോക്കിയിരിക്കുമ്പോഴാണ് ദാമോദരേട്ടനെ കാണാൻ കോഴിക്കോട് പോവുന്നുണ്ടെന്നു അച്ഛൻ അമ്മയോട് പറയുന്നത് കേട്ടത്. കേട്ട പാതി കേൾക്കാത്ത പാതി നേരെ ചാടി വണ്ടിയിൽ കയറി ഇരുന്നു. അമ്പലത്തിലേക്ക് സുപ്രഭാതം കമ്പോസ് ചെയ്യേണ്ട കാര്യം സംസാരിക്കാനായിരുന്നു അന്ന് പോയത്. അവിടെ എത്തി തിരുമേനിയെ കണ്ടു പഴയ കാര്യങ്ങളൊക്കെ സംസാരിക്കുമ്പോഴാണ് തിരുമേനി എന്നെ കാണിച്ചിട്ടു ഇതാരാണെന്നു അച്ഛനോട് ചോദിച്ചത് . അച്ഛൻ ” ഇവനാണ് എൻ്റെ മുടിയനായ പുത്രൻ” എന്ന് പറഞ്ഞപ്പോൾ മുടി വളർത്തിയത് കൊണ്ടാണോ വേറെ എന്തെങ്കിലും ഉദ്ദേശിച്ചതാണോ എന്ന് എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. തിരുമേനിക്ക് കാര്യം പിടി കിട്ടിയത് കൊണ്ടാവണം എന്താ പഠിക്കുന്നതെന്നു ചോദിച്ചു ” ഐ ടി ഫീൽഡ്” ആണെന് പറഞ്ഞതെ ഓര്മ ഉള്ളൂ..” മോനെ എനിക്ക് വേണം..ഇയാളെ ഞാൻ നേരെ ആക്കി എടുത്തോളാം” എന്ന് കേട്ടപ്പോൾ

” ഉണ്ണിക്കത്ഭുതമാഹ്ളാദം”
മലയാള സിനിമ ഗാനങ്ങളുടെ നെടുംതൂണായ മഹദ് വ്യക്തിയെ നേരിട്ട് കാണണം എന്ന് മാത്രം ആഗ്രഹിച്ച ഞാൻ എന്ത് ജോലി ചെയ്യാനാണെന്ന് കുറെ ആലോചിച്ചു. പാട്ടു പാടാൻ അറിയില്ലെങ്കിലും നന്നായി ആസ്വദിയ്ക്കാൻ അറിയാം. അങ്ങനെയുള്ള എന്നെ കൊണ്ട് എന്താ ആവശ്യം എന്ന് ആലോചിച്ചെങ്കിലും തിരുമേനിയുടെ ഫോണിൽ എന്റെ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ഇടയ്ക്ക് വിളിക്കും എന്ന് പറഞ്ഞപ്പോൾ “എന്ത് കാര്യവും നല്ല പോലെ പുഷ് ചെയ്താലേ ചെയ്യൂ” എന്ന് അച്ഛൻ. അത് ഇപ്പോഴത്തെ എല്ലാ കുട്ടികളും അങ്ങനെ തന്നെയെന്നു തിരുമേനിയും.
അങ്ങനെ അവിടുന്ന് നാട്ടിലേക്ക് തിരിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിരുമേനി വിളിച്ചു കോഴിക്കോടേക്ക് വരാൻ ആവശ്യപ്പെട്ടു. എനിക്ക് കുറച്ചു പ്രൊജക്റ്റ് വർക്കുകൾ തന്നു.
(അവിടെ ഉള്ളവർ സാർ എന്ന് വിളിക്കുന്നത് കേട്ട് തിരുമേനി എന്നുള്ള വിളി മാറ്റി സാർ എന്നാക്കി)
ആദ്യമൊക്കെ ഇടയ്ക്ക് വീട്ടിൽ നിന്നും സാർ വിളിച്ചാൽ കോഴിക്കോടേക്ക് പോവുമെങ്കിലും പിന്നെ നാട് വിടണം എന്ന ചിന്ത വന്നപ്പോൾ നേരെ അങ്ങോട്ടേക്കാണ് പോയത്. താമസവും ഭക്ഷണവും തിരുമേനിയുടെ അടുത്ത് തന്നെ ആയിരുന്നു. കൂടെ സാർ തരുന്ന വർക്കും ചെയ്യും. വൈകുന്നേരങ്ങളിൽ സമയം കിട്ടുമ്പോഴൊക്കെ ഇല്ലത്തിന്റെ ഉമ്മറ കോലായിൽ പോയി ഒരുമിച്ച് കൊതുക് കടി കൊള്ളും. ഞാനാണെങ്കിൽ കേൾക്കുന്ന പാട്ടുകളിലും അതിനോടനുബന്ധിച്ച കഥകളിലും ഉണ്ടായ പല സംശയങ്ങളും ചോദിക്കും. അതിന്റെ ഉത്തരം അത് പോലെ തന്നെ സാർ പറഞ്ഞു തരും. അതിലെ വലിയ സംശയമായിരുന്നു രവീന്ദ്ര സംഗീതത്തിൽ ദാസേട്ടൻ ദേവസഭാതലം പാടിയിട്ട് അതിൽ അവസാനം പറയുന്നുണ്ട് ” ഇത് എൻ്റെ രണ്ടാമത്തെ വരവിനു കാരണമായ പാട്ടാണ്”. അതെന്താ അങ്ങനെ പറഞ്ഞതിന് ചോദിച്ചപ്പോൾ വലിയൊരു കഥ തന്നെ പറഞ്ഞു തന്നിട്ടുണ്ട്. അത് പോലെ അനേകം കഥകൾ നേരിട്ട് കേട്ടിട്ടുണ്ട് ( അതൊക്കെ ഒരു ബ്ലോഗ് ആയി വരുന്നുണ്ട്)
മലയാള സിനിമയിലെ ഗാനങ്ങളെ കുറിച്ചും വരികളെ കുറിച്ചും പറഞ്ഞു തന്നതൊക്കെ വലിയൊരു അനുഭവമായിരുന്നു. അന്ന് സാർ പറഞ്ഞ കഥകളിൽ മിക്കപ്പോഴും ദാസേട്ടൻ, ചിത്ര ചേച്ചി, നെടുമുടി വേണു, മുരളി, ഫാസിൽ, ജോൺസൺ മാഷ്, രവീന്ദ്രൻ മാസ്റ്റർ അങ്ങനെ പോവും ലിസ്റ്റ്. ആ കഥകളൊക്കെ അവരോടു കൂടി സമയം ചിലവഴിച്ച മലയാള സിനിമയിലെ പേര് കേട്ട സംഗീതജ്ഞന്റെ മുന്നിലിരുന്നു അദ്ദേഹം തന്നെ പറയുന്നത് കേൾക്കാൻ കിട്ടിയ ഭാഗ്യം എന്ത് പുണ്യം ചെയ്തിട്ടാണെന്നു അറിയില്ലായിരുന്നു. സാറിന്റെ കൂടെ ചിലവഴിച്ചത് ജീവിതത്തിൽ എപ്പോഴും ഓർമിക്കാൻ പറ്റിയ ഒരു നല്ല കാലമായിരുന്നുവെന്നു ഇവിടെ ഇരുന്നു പലപ്പോഴും ചിന്തിക്കാറുണ്ട്.(അന്നത്തെ ഓർമ്മകൾ എല്ലാം ഒരു വലിയ ബ്ലോഗ് ആയി എഴുതാൻ ആഗ്രഹമുണ്ടെങ്കിലും ജോലി തിരക്ക് കാരണം ഇതുവരെ എഴുതി തീർന്നിട്ടില്ല)
ഇത്രയൊക്കെ ഭാഗ്യം കിട്ടിയിട്ടും വിരിച്ച സ്ഥലത്തു കിടക്കില്ല എന്ന സ്വഭാവം കാരണം അവിടുന്നും നാട് വിട്ടു ഇപ്പോൾ ദുബായിൽ എത്തിയപ്പോഴും രണ്ടു മാസം മുന്നേ തിരുമേനിയെ വിളിച്ചപ്പോ മനസ്സിന് ഭയങ്കര സന്തോഷമായി. വിളിക്കുമ്പോൾ കേൾക്കുന്ന ” എനിക്ക് വേണം പുഴ വെള്ളത്തിൽ തുള്ളി കളിക്കുന്ന ബാല്യം” അതെ.. ആ പാട്ട് ജീവിതത്തിൽ ഒന്നുകൂടെ യാഥാർഥ്യമാവണം എന്നാണ് എന്റെയും ആഗ്രഹം.![]()
തിരുവണ്ണൂർ ഗ്രാമവും കൈതപ്രം ഇല്ലവും അവിടുത്തെ ഭക്ഷണവും ” അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണിൽ.. അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതിൽ… മറക്കുവതെങ്ങനെ ആ മലർ വസന്തം..![]()
![]()