/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins ശബരിമല യാത്ര - ║കുത്തിക്കുറിപ്പുകൾ║

ശബരിമല യാത്ര

“രതീഷ് സിപി കോളിംഗ്”

നമസ്കാരം രതീഷേട്ടാ ..

നമസ്കാരം. എവിടെയാണ് ?

ഞാൻ വീട്ടിലുണ്ടല്ലോ..

കാണാനേ കിട്ടുന്നില്ല…

നാട്ടിൽ തന്നെ ഉണ്ട്. ഒരൂസം വരാം വീട്ടിലേക്ക്..

പിന്നെ ഞാൻ വിളിച്ചത്.. മാല ഇടണ്ടേ.. ഈ കൊല്ലം..

പിന്നെ.. എപ്പഴാണ് ഇടുന്നത്..

നമുക്ക് വൃശ്ചികം ഒന്നിന് ഇട്ടാലോ..

എല്ലാരും ഉണ്ടോ…

ഞാൻ, മിഥു..പിന്നെ അപ്പു ണ്ട് ബിജു ഉണ്ട്.. ഗിരി അപ്പോഴേക്കും എത്തും. ബാക്കി ഉള്ളവർ ഒന്നും പറഞ്ഞിട്ടില്ല.. പ്രസാദിനെ ഒരൂസം മാങ്ങാട്ട് കണ്ടപ്പോൾ ഈ കൊല്ലം ഉണ്ടാവും പറഞ്ഞിരുന്നു..

ആഹാ എല്ലാരും ഉണ്ടല്ലോ… ഒരു പത്ത് മിനുട്ട് രതീഷേട്ടാ ..ഞാൻ തിരിച്ചു വിളിക്കാം..എപ്പഴാണ് ഇടേണ്ടതെന്ന് അച്ഛനോട് ചോദിക്കട്ടെ. കഴിഞ്ഞ കൊല്ലത്തെ പോലെ ആയാൽ ശരിയാവില്ല..

ആ എന്നാൽ ചോദിച്ചിട്ട് പറ..

ഓക്കേ രതീഷേട്ടാ…ഞാൻ വിളിക്കാം…

കഴിഞ്ഞ വര്ഷം മാല ഇടുന്നതിനു മുന്നേ അച്ഛനോട് പറഞ്ഞിട്ടില്ല. രാവിലെ എണീറ്റ് മാല ഇടാൻ പോകുമ്പോൾ അച്ഛനൊരു ചോദ്യം..

നല്ല പോലെ തീരുമാനിച്ചിട്ടാണോ മാലയിടുന്നത്.. ?

അതെ..

കാരണം വൃതത്തിൽ ആണെങ്കിലും മാല ഇട്ടാലെ മുഴുവനാവൂ എന്നൊരു തോന്നൽ.. ഭജനയ്ക്ക് പോയാൽ മാല ഇടാതെ ഇരിക്കുമ്പോൾ എന്തോ പോലെ..

എന്നാൽ ഞാൻ പറയുന്നത് കേൾക്ക്.. ഇപ്പോൾ മാലയിടേണ്ട ..

ഞാൻ ഇന്നലെ ആനന്ദേട്ടന്റെ പൂജാ സ്റ്റോറിൽ നിന്നും മാല വാങ്ങി.. രതീഷേട്ടൻ കുറച്ചു കഴിഞ്ഞാൽ വരും.. മാല ഇട്ടു തരാം പറഞ്ഞിട്ടുണ്ട്..

എന്നാൽ പിന്നെ തോന്നിയ പോലെ ചെയ്തോ .. ഇതിനെ പറ്റി ഇനി എന്നോടൊന്നും ചോദിക്കേണ്ട ..

പക്ഷെ പറഞ്ഞാൽ കേൾക്കാതെ ധരിച്ച മാല അധിക കാലം നിന്നില്ല.. കുടുംബത്തിലെ ആരോ മരിച്ചത് കാരണം ആദ്യായിട്ട് മാല അഴിക്കേണ്ടി വന്നു.. അതിനു ശേഷമാണ് എന്തും അച്ഛൻ പറയുന്നത് പോലെ ചെയ്യാറുള്ളു.. കാരണം ചിലതൊക്കെ അങ്ങനെയാണ് നേരിട്ട് കിട്ടുമ്പോഴാണ് പഠിക്കുന്നത്..

ഈ പ്രാവശ്യം ചോദിച്ചപ്പോൾ വരുന്ന ഞായറാഴ്ച മാലയിടാനുള്ള അനുവാദം തന്നു..

ഓർമ വച്ച കാലം തൊട്ടു മോഹനേട്ടന്റെ ജീപ്പിൽ അച്ഛന്റെ മടിയിൽ തലയും മോഹനേട്ടന്റെ മടിയിൽ കാലും വച്ച് പോകുന്നതാണ് ശബരിമലയിൽ. അഞ്ചാം വയസ്സിൽ കുഞ്ഞി ചിറ്റപ്പന്റെ (അച്ഛന്റെ ഇളയ അനിയൻ നാരായണൻ കുട്ടി) തോളിലിരുന്നു പോയ കഥയൊക്കെ കേട്ടിട്ടുണ്ട്. പാവം പമ്പ മുതൽ സന്നിധാനം വരെ ഇരുമുടിക്കെട്ടിന്റെ കൂടെ എന്നെയും തോളിൽ വച്ചിട്ടാണ് മാല കയറിയത്.

ഡിസംബർ 2 നാണ് അച്ഛൻ എല്ലാ വർഷവും മലയ്ക്ക് പോകുന്നത് . ധർമശാലയിലെ മന്നി പപ്പേട്ടനും ഒരു ബസ്സ് സ്വാമിമാരും അച്ഛന്റെ കൂടെയുള്ളവരും ഒരു സംഘമായാണ് പോവാറുള്ളത്. അതുകൊണ്ട് തന്നെ തുടർച്ചയായി പോവാൻ സാധിച്ചില്ലെങ്കിലും മിക്ക വർഷവും മാലയിട്ട് കൂടെ പോവാറുണ്ട്. മലയ്ക്ക് പോവുന്നു എന്ന് പറയുമ്പോൾ തന്നെ വീട്ടിൽ ആഘോഷമാണ്. കാരണം അച്ഛൻ ഗുരുസ്വാമി ആയത് കാരണം എല്ലാ വർഷവും കെട്ടുനിറ വീട്ടീന്നായിരിക്കും. സ്വാമിമാർ ഇടയ്കിടയ്ക്ക് വരും. അവരുടെ സാധനങ്ങൾ കൊണ്ട് വയ്ക്കും. വീട്ടിലാണെങ്കിൽ അന്ന് ആളുകളുടെയും വണ്ടിയുടെയും ബഹളമായിരിക്കും.

മിക്കവാറും കെട്ടുനിറ തുടങ്ങുന്നത് പുലർച്ചെ രണ്ടുമണിക്കായിരിക്കും. രണ്ടു ബസ്സ് ആൾക്കാരുടെ ഗുരുസ്വാമി ആയിട്ടൊക്കെ അച്ഛൻ പോയിട്ടുണ്ട്. അന്നൊക്കെ കെട്ടുനിറ കഴിയാൻ തന്നെ രാവിലെ 10 മണിയാവും. എല്ലാം കഴിഞ്ഞു വണ്ടിയിൽ കയറിയാൽ ഗുരുസ്വാമിയുടെ മോനായത് കൊണ്ട് തന്നെ കെട്ടും നിറച്ചു യാത്ര ചെയ്തു തിരിച്ചു വീട്ടിലെത്തുന്നത് വരെ കൂടെ വന്ന ഒരു സ്വാമിയുടെ (പലപ്പോഴും ബസ് കണ്ടക്ടർ രാമേട്ടന്റെ) കസ്റ്റഡിയിലാണ് ഞാൻ.

കെട്ടുനിറയുടെ തലേന്ന് തന്നെ സാധനങ്ങൾ ഒരുക്കാൻ കുറച്ചു സ്വാമിമാർ വന്നിട്ടുണ്ടാകും. അച്ഛന്റെ കമ്പ്യൂട്ടറിൽ ദാസേട്ടൻ പാടിയ “ഗംഗയാറിലെ” പാട്ടു വച്ചാണ് പിറ്റേന്ന് വേണ്ടതൊക്കെ ഒരുക്കി വയ്ക്കുന്നത്.. മാലയിട്ടു ആ പാട്ടുകളൊക്കെ കേൾക്കുമ്പോ കിട്ടുന്ന ഫീൽ !!

പുലർച്ചെ രണ്ടു മണിക്ക് എല്ലാവരും വന്നിരുന്നാൽ ആദ്യം കന്നിസ്വാമിമാരുടെ കെട്ടുനിറയാണ് . പിന്നെ വരിവരിയായി ഓരോരുത്തർ വന്നിരിക്കും. ഓരോരുത്തർ മാറി മാറി ശരണവും വിളിക്കും. കെട്ടുനിറ പകുതിയായാൽ പോവാനുള്ള ബസ്സ് വീടിന്റെ മുറ്റത്ത് വന്നു നിൽക്കും. ചന്ദനവും ചാർത്തി അയ്യപ്പൻറെ ഫോട്ടോയും മാലയും ചാർത്തിയാൽ ആ വർഷത്തെ “ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു സാന്ത്വനം പകരുന്ന യാത്ര”യ്ക്ക് തുടക്കമായി.. ഇന്ന് എല്ലാവരും മൂന്നു നാലുപേരായി കെട്ടും നിറച്ചു മലയ്ക്ക് പോവുമ്പോൾ അന്നത്തെ കാലം ചുരുക്കി പറഞ്ഞാൽ ഒരു ആഘോഷം തന്നെയായിരുന്നു..

അങ്ങനെ അച്ഛന്റെ അനുവാദം വാങ്ങി ഈ പ്രാവശ്യത്തെ യാത്രയ്ക്കായി കറുപ്പുമുടുത്തു കൂടെ ഒരു തേങ്ങയും എടുത്തു തലേന്ന് ആനന്ദേട്ടന്റെ പൂജ സ്റ്റോറിൽ നിന്നും വാങ്ങിയ മാലയും കർപ്പൂരവും ചന്ദനത്തിരിയും കൂടെ നാലമ്പലത്തിൽ നിന്നും ‘അമ്മ കൊണ്ട് വച്ച വാഴയിലയും എടുത്തു..

“മേൽശാന്തിയോറ്.. മാല സോപാനപ്പടിയിൽ വച്ചിട്ടുണ്ടേ…”

തടുപ്പള്ളിയിൽ ഗണപതിഹോമം ചെയ്യുന്ന മേൽശാന്തി നേരെ വന്നു സോപാനപ്പടിയിലെ മാലയും തേങ്ങയുമെടുത്തു ശ്രീകോവിലകത്തേക്ക് പോയി..

വേറെ സ്വാമിമാരൊക്കെ തൊഴാൻ വന്നിട്ടുണ്ട്.. പലരും പ്രദക്ഷിണം വയ്ക്കുന്നു.. മറ്റു ചിലർ പ്രസാദത്തിനു കാത്തു നിൽക്കുന്നു.. അപ്പോഴേക്കും ഗുരുസ്വാമി രതീഷേട്ടൻ എത്തി.. ഞാൻ കറുപ്പുമുടുത്ത് പൂജിക്കാൻ കൊടുത്ത മാലയ്ക്ക് കാത്ത് നിൽക്കുവാണ്..

മേൽശാന്തിയോറ് പ്രസാദത്തിന്റെ കൂടെ പൂജിച്ച മാലയും ഗുരുസ്വാമിക്ക് കൊടുത്തു.

ഗുരുസ്വാമി പ്രസാദത്തിന്റെ കൂടെ കിട്ടിയ മാലയെടുത്തു കിഴക്കോട്ടു നോക്കി നിന്നു എന്നോട് മുന്നിൽ വന്നു നില്ക്കാൻ പറഞ്ഞു.

സ്വാമിയേ… ശരണമയ്യപ്പ… കൂടെയുള്ള സ്വാമിമാരും ഏറ്റു വിളിച്ചു. ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ മാല ധരിച്ചു.. കാൽ തൊട്ടു വന്ദിച്ചു കർപ്പൂരം കണ്ടു പ്രദക്ഷിണം വച്ചു എല്ലാവരും കൂടി തിരുവമ്പാടിയിലേക്ക് നടന്നു.എന്തോ മാലയുടെയും ലോക്കറ്റിന്റെ തണുപ്പ് ശരീരത്തിൽ സ്പർശിക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്..

മാല ധരിച്ചാൽ വേറെ തന്നെ പ്രത്യേകം ദിവസങ്ങളാണ്.. പിന്നെ അങ്ങോട്ട് എല്ലാം വൃത ശുദ്ധിയോടെയാണ് ദിവസങ്ങൾ കടന്നു പോകുന്നത്. കറുപ്പുടുത്തു ചെരുപ്പിടാതെ മാത്രമേ എവിടെയും പോവാറുള്ളു..കഴുത്തിലൊരു രണ്ടാംമുണ്ടും കാണും. രാവിലെ അഞ്ചു മണിക്ക് എണീറ്റ് കുളിച്ചു അമ്പലത്തിൽ പോയി പ്രസാദം വാങ്ങി കർപ്പൂരം ഉഴിഞ്ഞു. നേരെ തിരുവമ്പാടി അമ്പലത്തിലേക്കും പോയി അവിടുന്നും തീർത്ഥവും പ്രസാദവും വാങ്ങി അവിടുത്തെ നിവേദ്യ പായസവും വാങ്ങിയിട്ടാണ് വീട്ടിലേക്ക് വരുന്നത്. വന്നു നേരെ കോളേജിലേക്ക് പോയി. തിരിച്ചു ക്ലാസ് കഴിഞ്ഞു പൊരി വെയിലത്ത് ചെരുപ്പ് ഇടാതെ കണ്ണൂർ ടൗണിലൂടെ നടന്നു ബസ്റ്റാന്റിൽ എത്തി തിരിച്ചു വീട്ടിൽ എത്തിയിട്ടാണ് ജലപാനം കഴിക്കുന്നത്. അത് കഴിഞ്ഞു വൈകുന്നേരം അമ്പലത്തിൽ പോയി വീരമണിയുടെ “ഇരുമുടി താങ്കി ഒരു മനതാങ്കി ” പാട്ടും വച്ച് വന്നു കുളിച്ചാൽ ദീപാരാധന തൊഴാൻ ഒരോട്ടമാണ്. ദീപാരാധനയ്ക്ക് നട അടച്ചാൽ സ്വാമിമാർ വന്നു വരി വരിയായി നട തുറക്കാൻ കാത്ത് നിൽക്കും. നട തുറന്നാൽ ഉള്ള ശബ്ദം വച്ച് എല്ലാവരും കൂടിയൊരു ശരണം വിളിയാണ്. ശരണം വിളിയിൽ അമ്പാട്ട നാരാണേട്ടന്റെ നീട്ടിയുള “സ്വാമിയേ…” ശബ്ദമാണ് കേൾക്കേണ്ടതാണ്.. അത് കഴിഞ്ഞു കർപ്പൂരം തൊഴുതാൽ നേരെ തിരുവമ്പാടിയിലേക്ക് ഓടും. അവിടുന്നും ദീപാരാധന തൊഴുതാൽ പിന്നെ ഭജനയ്ക്ക് ഓരോ സ്ഥലം ഓരോ ദിവസവും ഉണ്ടാവും.

ഭജന എന്ന് പറഞ്ഞാൽ അതും വേറൊരു അനുഭൂതിയാണ്. മിക്കവാറും ആ വർഷത്തെ ഭജന തുടങ്ങുന്നത് ഗുരുസ്വാമിയുടെ വീട്ടിൽ നിന്ന് തന്നെ ആയിരിക്കും. വൈകുന്നേരം ദീപാരാധന തൊഴുതാൽ നേരെ അങ്ങോട്ടോടും. ഗുരുസ്വാമിയുടെ വീട്ടിൽ തന്നെ ആയത് കൊണ്ട് ഭജനയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നടന്നിട്ടുണ്ടാവും. അന്ന് വരാമെന്നു പറഞ്ഞ എല്ലാരും എത്തിയാൽ ആദ്യം തന്നെ ശരണം വിളിയിൽ തുടങ്ങും. ശരണം വിളി കഴിഞ്ഞു കർപ്പൂരം ഉഴിഞ്ഞാൽ എല്ലാവരും ഇരുന്നു ഓരോരുത്തർ ഓരോ ഭജനകൾ പാടും കൂടെ ഉള്ളവരത് ഏറ്റു പാടും. തുടങ്ങുന്നത് ” ഗണേശ ശരണം ശരണം ഗണേശ” എന്ന ഭജനയാണ്. അത് കഴിഞ്ഞാൽ അപ്പൂട്ടന്റെ “നീല മേഘ ശ്യാമ” ഗിരീഷേട്ടന്റെയും ചന്ദ്രേട്ടന്റെയും ബിജുവും മാറി മാറി ഭജന പാടുമ്പോൾ മറ്റുള്ളവർ ഏറ്റു ചൊല്ലും.. അത് ദേവി ഗീതങ്ങൾ മുരുഗൻ ഭജനകൾ, അങ്ങനെ പോവും ലിസ്റ്റ്. കഴിയാറായാൽ ഗുരുസ്വാമി തന്നെ പടിപ്പാട്ടു പാടും. കൂടെ നമ്മളും. പടിപ്പാട്ടിന് ശേഷം ഹരിവരാസനം പാടി മംഗളം ചൊല്ലും. പലപ്പോഴും പടിപ്പാട്ടു പാടി അവസാനം ഗുരുസ്വാമി അതിൽ ലയിച്ചു കണ്ണ് നിറയാറുണ്ട്. പിന്നെ ഹരിവരാസനം ചൊല്ലി മംഗളം പാടിയാൽ ഓരോരുത്തരായി നമസ്കരിച്ചു ഭജന അവസാനിപ്പിക്കും. ഭജന കഴിഞ്ഞാൽ ഭിക്ഷയാണ് അടുത്തത്. ഗുരുസ്വാമി തന്നെ പാചകം ചെയ്ത സ്പെഷ്യൽ ഭിക്ഷ…. ഭിക്ഷയ്ക്കായി നിലത്തു ഇല വച്ച് ഇരിക്കും. ആദ്യം കയ്യിൽ തീർത്ഥം തരും.. മന്ത്രം ചൊല്ലി തീർത്ഥം കണ്ണിലും ഭക്ഷണത്തിലും ഉഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അറ്റാക്കിങ് മോഡാണ്..

അങ്ങനെ ഓരോ ദിവസവും അമ്പലത്തിൽ തൊഴുതും ഭജന പാടിയും ദിവസങ്ങൾ കഴിയുമ്പോൾ മലക്ക് പോകുന്ന ദിവസം അടുത്ത് വരും. യാത്രയുടെ തലേന്ന് മൂന്നമ്പലം തൊഴാൻ പോവാറുണ്ട്. എല്ലാവരും കൂടി പുലർച്ചെ ബൈക്ക് എടുത്തു തളിപ്പറമ്പ് തൃച്ചംബരം കാഞ്ഞിരങ്ങാട് തൊഴുതു വരും. പുലർച്ചെ ബൈക്കിൽ മഞ്ഞു മൂടിയ വഴികളിലൂടെ നേരം വെളുക്കുന്നതിനു മുന്നേ പോവുമ്പോൾ ഭയങ്കര രസാണ്. ആദ്യം നേരെ തമ്പുരാനെ തൊഴുതു അവിടുന്ന് കാഞ്ഞിരങ്ങാട്ടേക്കു പോകും. പിന്നെ തൃച്ചംബരം..

നാലമ്പലം തൊഴുതു പിറ്റേന്നായിരിക്കും മലയ്ക്ക് പോവുന്നത്. തലേന്ന് തന്നെ കെട്ടുനിറയുടെ സാധനങ്ങൾ ഒരുക്കി വച്ചിട്ടുണ്ടാകും. കാക്കാംകോവിലപ്പന്റെ നടയിൽ നിന്ന് തന്നെയായിരിക്കും കെട്ടു നിറ. മലയ്ക്ക് പോവുന്ന ദിവസം രാവിലെ ഇരുമുടി സഞ്ചിയും തോൾസഞ്ചിയുമെടുത്ത് നേരെ അമ്പലത്തിലേക്ക് . അപ്പോഴേക്കും ഓരോരുത്തരായി വരുന്നതേ ഉണ്ടാവൂ.വന്നവർ വന്നവർ പായ വിരിച്ചു വിളക്കും അയ്യപ്പൻറെ ഫോട്ടോയും ഒരുക്കി വയ്ക്കും മറ്റു ചിലർ നെയ്‌ത്തേങ്ങയുടെ തേങ്ങ ശരിയാക്കുന്നുണ്ടാവും. മറ്റു ചിലർ കുപ്പിയിലുള്ള നെയ് ഉരുക്കുന്നുണ്ടാവും. വേറെ കുറച്ചുപേർ പപ്പടം വെള്ളത്തിൽ മുക്കി വയ്ക്കുന്നുണ്ടാവും. എല്ലാം ചെയ്തു കഴിഞ്ഞാൽ അകത്തു കയറി തൊഴുതു വന്നു ശരണം വിളിച്ചു കെട്ടു നിറ തുടങ്ങും. അപ്പോഴേക്കും സ്വാമിമാരുടെ കുടുംബാംഗങ്ങളെ കൊണ്ട് അമ്പലമുറ്റം നിറഞ്ഞിട്ടുണ്ടാവും.. ഗുരുസ്വാമിയുടെ ശരണം വിളി ഏവരും ഏറ്റു വിളിക്കും. ശരണം വിളി കഴിഞ്ഞു കർപ്പൂരം കണ്ടാൽ എല്ലാവരും പുല്ലു പായയിൽ ഇരിക്കും. ആദ്യം കെട്ടു നിറക്കുന്നത് കന്നിസ്വാമിമാരാണ്..ഓരോരുത്തരായി ഗുരുസ്വാമിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി കെട്ടു നിറയ്ക്കാൻ ഇരിക്കും. അതിൽ തന്നെ ശരണം വിളിക്കാൻ ഒരു സ്വാമി.. കർപ്പൂരം കത്തിക്കാൻ ഒരു സ്വാമി.. ഇരുമുടികെട്ട് എടുത്തു കൊടുക്കാൻ ഒരു സ്വാമി.. നെയ്‌ത്തേങ്ങയും ഇരുമുടിക്കെട്ടിലെ സാധനങ്ങളും ഒരുക്കിക്കൊടുക്കാൻ മറ്റു ചിലർ.. അങ്ങനെ ഒരു കൂട്ടായിമയുടെ യാത്രയാണ് ഓരോ കെട്ടു നിറയും. ഇരുമുടിക്കെട്ടിൽ അരി നിറക്കുമ്പോൾ അറിയുന്നവരും അറിയാത്തവരും പലരും വന്നനുഗ്രഹിക്കും. കൂടെ നെയ്ത്തേങ്ങ നിറക്കുമ്പോഴാണ് സ്വാമിയേ എന്ന് നീട്ടി വിളിക്കുന്നത്. ഗുരുസ്വാമി തന്റെ കൈ പിടിച്ചു നെയ്‌ത്തേങ്ങയിലേക്ക് നെയ് നിറക്കുമ്പോൾ തന്റെ ആത്മാവാണ് അതിൽ നിറക്കുന്നത് എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. എല്ലാം നിറച്ചു കഴിഞ്ഞാൽ ഇരുമുടികെട്ട് തലയിൽ വച്ച് തരും. ഗുരുസ്വാമിയുടെ കാലിൽ വീണു നേരെ ഇരുമുടികെട്ട് വച്ച പായയിലേക്ക് കൊണ്ടുവച്ചാൽ പിന്നെ പിറകിൽ പോയിരിക്കാം.

അപ്പോഴേക്കും പോവാനുള്ള വാഹനം വന്നു നിൽക്കുന്നുണ്ടാവും.കെട്ടുനിറ കഴിഞ്ഞ കുറച്ചുപേർ അയ്യപ്പൻറെ ഫോട്ടോയും അതിൽ ചാർത്താനുള്ള മാലയും ഒരു ചെറിയ പാത്രത്തിൽ കലക്കിയ ചന്ദനവും കുറിയുമെടുത്തു ചെല്ലും. ഡ്രൈവർ സനീഷേട്ടന്റെ സഹായത്തോടെ ഓരോ ഭാഗത്തും ചന്ദനം ചാർത്തി തീർന്നു വരുമ്പോഴേക്കും ഗുരുസ്വാമിയുടെ കെട്ടു നിറയുടെ സമയമായിട്ടുണ്ടാവും. ഗുരുസ്വാമിയുടെ കെട്ടുനിറ ശരണം വിളികളോടെയാണ് നടക്കുന്നത് അതുകൊണ്ട് തന്നെ എല്ലാവരും കൂടെ നിന്ന് ഒരുമിച്ചാണ് കെട്ടു നിറക്കുന്നത്. കെട്ടുനിറയൊക്കെ കഴിഞ്ഞാൽ ഒന്നുകൂടി അമ്പലത്തിൽ തൊഴുതു ഓരോരുത്തർ അവരവരുടെ ഇരുമുടികെട്ട് ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ വാങ്ങി തോൾ സഞ്ചിയിൽ നിന്നുമൊരു തേങ്ങയെടുത്തു വരി വരിയായി നിൽക്കും.

അമ്പലമുറ്റത്ത് തന്നെയുള്ള കല്ലിന്റെ മുകളിൽ ഒരു തിരി വച്ച് ഓരോരുത്തരായി തേങ്ങയടിച്ചു നേരെ വണ്ടിയിലേക്ക് കയറും. പിന്നെ അങ്ങോട്ട് ഭക്തിഗാനങ്ങളും ശരണം വിളിയും ആവേശവുമായി അയ്യനെ കാണാൻ ശബരിമലയിലേക്ക്…

വഴിയിൽ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും നിർത്തി വൈകുന്നേരമാകുമ്പോൾ വഴിയിലുള്ള അമ്പലകുളത്തിൽ കുളിച്ചു കർപ്പൂരം കാണും. അവിടുന്ന് ഭക്ഷണം കഴിച്ചു വീണ്ടും യാത്ര ചെയ്‌താൽ രാത്രി 12 മണിയാവുമ്പോൾ പമ്പയിലെത്തും ..

വണ്ടി എരുമേലിയിൽ നിർത്തിയാൽ കൂട്ടമായി വാവര്പള്ളിയിലേക്ക്… തൊഴുതു ഇറങ്ങിയാൽ പിന്നെ മുന്നിൽ കാണുന്നവരുടെ കൂടെ പേട്ടതുള്ളും. ചായങ്ങൾ തേച്ചും ശരണം വിളിച്ചും കുറേ ദൂരം പേട്ട തുള്ളിയിട്ടാണ് പമ്പയിലേക്കുള്ള യാത്ര.

പമ്പയിലെത്തിയാൽ എല്ലാവരും ഇരുമുടികെട്ടും തോൾസഞ്ചിയുമെടുത്ത് നേരെ ഒരു ഹോട്ടലിൽ വിരി വയ്ക്കും ഓരോരുത്തരായി കുളിക്കാൻ പോയാൽ വരുന്നത് വരെ കാത്തു നിൽക്കും. നമ്മുടെ ഊഴമായാൽ ഒന്നോ രണ്ടോ പേരായി നേരെ പമ്പയിലേക്ക്.. നല്ലൊരു സ്ഥലം കണ്ടു പിടിച്ചു രണ്ടും കല്പിച്ചു മുങ്ങും. തണുപ്പ് കാരണം ആദ്യമൊന്നു മുങ്ങാൻ നല്ല മടിയായിരിക്കും . പക്ഷെ പിന്നെ മൂന്നും നാലും തവണ മുങ്ങി കരയ്ക്ക് കയറിയാൽ എന്തോ പാപം ഒക്കെ ഒഴുകി പോയ പോലെ തോന്നും. തോന്നലല്ല.. അതൊരു സത്യമാണ്. കാരണം ഓരോ വർഷത്തെ യാത്രയും അതിനുള്ളതാണ്..

പമ്പയിൽ നിന്നും കുളിച്ചു ഈറനോടെ വന്നു വസ്ത്രം മാറിയാൽ ബാക്കിയുള്ളവർക്കുള്ള കാത്തിരിപ്പാണ്. അവരും വന്നാൽ ഗുരുസ്വാമിയുടെ കാലിൽ തൊട്ടു ഇരുമുടിക്കെട്ടും തലയിൽ വച്ചാൽ സന്നിധാനത്തേക്കുള്ള യാത്ര ആരംഭിച്ചു.. ഗുരുസ്വാമി എല്ലാവരോടും ഓരോ തേങ്ങ പമ്പാ ഗണപതിക്ക് അടിക്കാൻ കയ്യിൽ കരുതാൻ പറയും.

ഈറനുടുത്തു പുലർച്ചെ ഒരു മണിക്ക് ശരണം വിളിയുമായി കൂടെ വന്ന സ്വാമിമാരുടെ കൂടെ ആദ്യ പടിയിൽ കാണുന്ന കത്തിച്ചു വച്ച കർപ്പൂരത്തിൽ കയ്യിലുള്ള തേങ്ങയും കഴുത്തിലെ മാലയും ഉഴിഞ്ഞു പാദ ബലവും ദേഹ ബലവും തരാൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു കയറാൻ തുടങ്ങി.

നേരെ പമ്പാ ഗണപതിയുടെ മുന്നിൽ തേങ്ങയും ഉടച്ചു തൊഴുതു പ്രദക്ഷിണം വച്ചു യാത്ര തുടങ്ങിയാൽ അപ്പാച്ചിമേടും ശബരീപീഠവും ശരംകുത്തിയാലും കഴിയുമ്പോൾ തന്നെ സന്നിധാനത്ത് നട തുറന്നു മഞ്ഞു മൂടിയ അന്തരീക്ഷത്തിൽ ദാസേട്ടന്റെ ശബ്ദത്തിൽ മുഴങ്ങുന്ന”വന്ദേ വിഘ്നേശ്വരം തം കമല ജതയിതാം പന്തളേശസ്യ സൂനും സ്മൃത്വാ താ ഭക്തി നമ്രഃ സ്തവമിമമമലം സ്വാമി ഭക്തി പ്രധാനം” എന്ന് തുടങ്ങുന്ന സുപ്രഭാതം കേൾക്കാം.. തലയിൽ ഇരുമുടിയുമേന്തി തളർന്നു മല കയറുമ്പോൾ കേൾക്കുന്ന സുപ്രഭാതം മനസ്സിനും ശരീരത്തിനും തരുന്ന കുളിര് പറഞ്ഞറിയിക്കാനാവില്ല. അത് അനുഭവിച്ചറിയണം… ഏവരെയും പോലെ തലയിൽ ഇരുമുടിക്കെട്ടും വച്ച് മണിക്കൂറുകളോളം വരിയിൽ നിന്നാലും മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും ദാസേട്ടന്റെ ശബ്ദത്തിലുള്ള ആ സുപ്രഭാതം കോടമഞ്ഞും കീറി അടുത്തടുത്ത് വരുമ്പോൾ മനസ്സിനെന്തെന്നില്ലാത്ത സന്തോഷമാണ്.. തിരക്കൊക്കെ ഒഴിഞ്ഞു സന്നിധാനപന്തലിൽ കയറിയാൽ വെടി വഴിപാട് കേൾക്കാം. അവിടുന്ന് ആൽമരം കഴിഞ്ഞു പതിനെട്ടാം പടിയുടെ മുന്നിലെത്തിയാൽ തേങ്ങ ഉടച്ചു മുന്നോട്ട് നടക്കുമ്പോൾ ആ ഒഴുകി വരുന്ന തണുത്ത വെള്ളത്തിൽ കാലും കഴുകി ഓരോ പടിയായി തൊട്ട് തലയിൽ വച്ച് പതിനെട്ടു പടിയും കയറും.നേരെ കൊടിമരത്തിന്റെ മുന്നിൽ നിന്നും “തത്ത്വമസി”യും കൊടിമരവും തൊട്ട് തൊഴുമ്പോൾ പോലീസുകാർ തള്ളി അപ്പുറത്തെ വരിയിലേക്ക് മാറ്റിയിട്ടുണ്ടാവും. അവിടുന്ന് നടപ്പന്തലിലൂടെ പ്രദക്ഷിണം വച്ച് നേരെ സോപാനപ്പടിയുടെ മുന്നിലെത്തിയാൽ കോടാനു കോടി ഭക്തന്മാരുടെ മാനസ പൂജയും നെയ്യഭിഷേകവുമേറ്റ് പത്മ പീഠത്തിൽ യോഗാസനത്തിൽ അമർന്നരുളും
നിത്യ ബ്രഹ്മചാരിയായ ശ്രീഭൂതനാഥനായ അഖിലാണ്ടക്കോടി ബ്രഹ്മാണ്ഡ നായകനെ കൺകുളിർക്കെ തൊഴുമ്പോൾ മനസ്സിന് കിട്ടുന്നൊരു ആനന്ദമുണ്ട്. ഓരോരുത്തരുടെയും ജീവിതം ധന്യമാകുന്ന അസുലഭ നിമിഷം.

അയ്യനെ തൊഴുതു പുറത്തേക്കിറങ്ങിയാൽ കൂടെ വരുന്നവരെ കാത്തു നിൽക്കും.. എല്ലാവരും എത്തിയാൽ നേരെ ഒരു സ്ഥലം കണ്ടു പിടിച്ചു വിരി വച്ചാൽ കൊണ്ട് വന്ന നെയ്തേങ്ങയും അരിയും കർപ്പൂരവും എല്ലാം വേർതിരിച്ചു ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി കൊടുക്കും. ആഴിയിലെറിയേണ്ട നെയ്ത്തേങ്ങ ഞാനും അപ്പൂട്ടനും കൊണ്ടുപോയി എറിഞ്ഞിട്ടു വരുമ്പോഴേക്കും നെയ്യഭിഷേകവും കഴിഞ്ഞു നേരത്തെ ലിസ്റ്റിൽ പറഞ്ഞ ആരവണയും അപ്പവും രണ്ടാം മുണ്ടിൽ കെട്ടി രതീഷേട്ടനും ഗിരീഷേട്ടനും ചന്ദ്രേട്ടനും വന്നിട്ടുണ്ടാകും. അപ്പോഴും ബിജുവേട്ടനും മിഥുനും വിരിക്ക് കാവലിരിക്കുന്നുണ്ടാവും.

ഇതുപോലെ ഒരു പ്രാവശ്യം പോയപ്പോഴാണ് അച്ഛനൊരു പോലീസുകാരന്റെ നമ്പർ തന്നത്. സന്നിധാനത്ത് എത്തിയാൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു. പക്ഷെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തത് കാരണം ആരോടും പറഞ്ഞില്ല. പതിവ് പോലെ ഞാനും അപ്പൂട്ടനും പൊട്ടിച്ച നെയ്ത്തേങ്ങ ആഴിയിലെറിയാൻ പോയപ്പോഴാണ് ആ നമ്പറിൽ നിന്നും തിരിച്ചു കാൾ വരുന്നത്. എടുത്തു സംസാരിച്ചപ്പോ അദ്ദേഹം അവിടെ മുന്നിലുണ്ടായിരുന്നു. എന്നെയും അപ്പൂട്ടനെയും കൂട്ടി നേരെ സന്നിധാനത്ത് ഒരു പ്രത്യേക ക്യൂയിൽ നിർത്തി നേരെ അയ്യന്റെ മുന്നിലേക്ക്. “മഹാഭാഗ്യം…!”

എല്ലാവരും തിരിച്ചെത്തിയാൽ നേരെ മാളികപ്പുറത്തേക്ക്.. അമ്മയെയും തൊഴുതു പ്രദിക്ഷണം വച്ചാൽ സന്നിധാനം നോക്കുക ഒന്നൂടെ തൊഴുതു അടുത്ത വര്ഷം കാണാമെന്ന പ്രാർത്ഥനയോടെ മല ഇറങ്ങും. ഇറങ്ങുന്നത് വളരെ പെട്ടെന്നായിരിക്കും. ഓടി ചാടി താഴെ എത്തിയാൽ ഒരു കരിമ്പിൻ ജ്യൂസ് കുടിക്കുന്ന പരിപാടി ഉണ്ട്. അതും കുടിച്ചു പമ്പയിലെത്തിയാൽ കാലും മുഖവും കഴുകി നേരെ വണ്ടിയിലേക്ക്..

യാത്ര തിരിച്ചില്ല…ആ യാത്ര നേരെ പോവുന്നത് വടശ്ശേരിക്കരയ്ക്കാണ്..ഈ പ്രാവശ്യം മലയ്ക്ക് വരുന്നില്ലേ ചോദിച്ചാൽ “വടശ്ശേരിക്കരയിൽ പോകുന്നുണ്ടെങ്കിൽ വരാം” എന്ന് പറയുന്ന ടീമിസാ കൂടെ…! പമ്പയിൽ നിന്നും കുറച്ചു ദൂരം പോവാനുണ്ടെങ്കിലും ആ ഒഴുകി വരുന്ന തണുത്ത വെള്ളത്തിൽ കുളിച്ചു നേരെ മുന്നിൽ കാണുന്ന കടയിൽ കിട്ടുന്ന “ചൂട് കഞ്ഞിയും കാന്താരി മുളക് ചമ്മന്തിയും പപ്പടവും അച്ചാറും ” കൂട്ടി കഴിച്ചു കൂടെ കുറച്ചു ചൂട് വെള്ളം കുടിച്ചാൽ കണ്ണ് നിറഞ്ഞൊഴുകും. എന്നാലേ നമ്മുടെ യാത്ര പൂർണ്ണമാവൂ…

അവിടുത്തെ ഉച്ച ഭക്ഷണവും കഴിഞ്ഞാൽ പിന്നെ വരുന്ന വഴിയിലാണ് മിക്ക അമ്പലങ്ങളിലും കയറുന്നത് ഏറ്റുമാനൂരപ്പനെയും വൈക്കത്തപ്പനെയും ഗുരുവായൂരപ്പനെയും ചോറ്റാനിക്കരയിലും തൊഴുതു കോഴിക്കോട് ഹൽവയും വാങ്ങി ഒരു ഉറക്കം കഴിഞ്ഞു രാവിലെ നട തുറക്കാനാവുമ്പോഴേക്കും കാക്കാംകോവിലെത്തും.. കുളത്തിൽ നിന്നും കുളിച്ചു ഭഗവാനെ തൊഴുതു ഗുരുസ്വാമി തന്നെ മാല അഴിച്ചു പുറത്തു വന്നു തേങ്ങയുടച്ചാൽ ..ഗുരുസ്വാമി രതീഷേട്ടനും കൂട്ടരും ഗിരീഷേട്ടനും ബിജുവേട്ടനും പ്രസാദേട്ടനും ചന്ദ്രേട്ടനും അപ്പൂട്ടനും മിഥുനും സനലും കൂടെയുള്ളവരുടെയും അടുത്ത മണ്ഡലകാലത്തിനായുള്ള കാത്തിരിപ്പാണ് .. അതെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട “താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല ദോഷങ്ങൾ തീർക്കുന്ന യാത്ര…”

About the author

Leave a Reply

Your email address will not be published. Required fields are marked *