മാങ്ങാട്, കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയുടെയും ധർമശാലയുടെയും ഇടയിലുള്ള ഒരു കൊച്ചു മെട്രോപൊളിറ്റിക്കൽ ഗ്രാമം.തലയുയർത്തി നിൽക്കുന്ന കൃഷ്ണപിള്ള വായനശാലയും നാലാം ക്‌ളാസ് വരെ പഠിച്ച മാങ്ങാട് എൽ പി സ്കൂളും ഉപ്പുമാവ് വാങ്ങാൻ വേണ്ടി മാത്രം പോയിരുന്ന അംഗനവാടിയും മാങ്ങാട് ബാങ്കും ഇങ്ങു വായനശാല മുതൽ അങ്ങ് നാണുവേട്ടന്റെ ബേക്കറി വരെ റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്. ഓർമ്മകൾ കരൾ തലോടും പോലെ എന്ന് പാടിയ പോലെ ഓർമ വച്ച കാലം തൊട്ടു അച്ഛൻ പറയുന്നത് “ഇവനെ ഒരു സാധനം വാങ്ങാൻ പറഞ്ഞയച്ചാൽ അങ്ങാടി ആട് നടക്കാൻ പോയത് പോലെയാണ്” കാരണം വഴിക്കു കാണുന്ന ചപ്പിനോടും പുല്ലിനോടും വരെ സംസാരിച്ചു അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞിട്ടാണ് തിരിച്ചുവരാറ്.
ആ ഒരു ബന്ധം നാടിനോട് മാത്രമല്ല മുന്നിൽ കാണുന്ന നാട്ടുകാരോടും മണിക്കൂറുകളോളം സംസാരിക്കുന്ന ഒരു കാലമുണ്ടായിരുന്നു.ചെറുപ്പം മുതൽ കാണുന്ന ഹംസുക്കയും മാവേലി സ്റ്റോറും, റേഷൻ പീട്യയും റീചാർജ് കടയിലെ ഗീതം ബാബുവേട്ടനും മിൽമ രാജേഷേട്ടനും രാമചന്ദ്രേട്ടന്റെ ചിപ്സ് കടയും അക്ഷരതാളുകളെ ഡിജിറ്റലാക്കി മാറ്റിയ പ്രിന്റിങ് പ്രസ്സും ദാമോദരേട്ടന്റെ ടെയിലറിങ് കടയും ഒരുകാലത്തു മാങ്ങാട് നാട്ടിൽ പലരുടെയും ഫോൺ കോണ്ടാക്ടിൽ എന്റെ പേരായി പതിഞ്ഞ “ഈ എം എസ്”എന്ന് പേരിട്ട മിൽമ രാജേഷേട്ടന്റെ ബസ്റ്റോപ്പിലെ കടയ്ക്ക് മുട്ടിയിട്ടുള്ള അസൂഖയും ജനത ട്രേഡേഴ്സ് ബഷീർക്കയും മുന്തിരി സിപ് അപ് കിട്ടുന്ന കൊമ്പൻ ചന്ദ്രേട്ടന്റെ കടയും പുല്ലു മുട്ടായി വാങ്ങാൻ വേണ്ടി പോകുന്ന കൃഷ്ണപിള്ളയുടെ അപ്പുറത്തുള്ള സൂപ്പർമാർക്കറ്റും അതിനപ്പുറത്തുള്ള സിപീ രതീഷേട്ടന്റെ ടീവീ റിപ്പയറിങ് കടയും വാച്ച് പീട്യയും ആയുർവേദ മരുന്നുകളുടെ കൂടാരമായിരുന്ന ചന്ദ്രൻ വൈദ്യരുടെ ആര്യവൈദ്യശാലയും, ഉണ്ട ഗോവിന്ദേട്ടന്റെ പലചരക്ക് കടയും.. പണ്ട് പാസ്പോര്ട്ട് സൈസ് ഫോട്ടോ എടുക്കാൻ പോയിരുന്ന വർണ സ്റ്റുഡിയോയും എന്തിനു.. വൈകുന്നേരത്തിലെ ചായ സൽക്കാരങ്ങൾ ബോണ്ടയും പരിപ്പുവടയും പഴംപൊരിയുമായി കെങ്കേമമാക്കിയ അസൂഖയും സ്വന്തമായി ബ്രഡ് ഉണ്ടാക്കി ചൂടോടെ തരുന്ന മാങ്ങാട് ബേക്കറി നാണുവേട്ടനും. കയർ താർപ്പായി വിൽക്കുന്ന കുരിപ്പൻ ബാലേട്ടനും തൊട്ടു മുട്ടിയിട്ടുള്ള കുയിലൻ പ്രകാശേട്ടനും, ഡ്രസ്സ് കടയായ ജെ ആൻഡ് എസും സിമെന്റ് കടയും വൈകുന്നേരം ചൂടോടെ നെയ്പത്തിരി കിട്ടുന്ന അമ്പാടി ഹോട്ടലും പണ്ട് മുതലേ ദിനേശേട്ടനെയും ഹരീഷേട്ടനെയും സ്വര്ണപ്പണിയെടുക്കുന്ന കാണുന്ന കരുണ ജ്വല്ലറിയും എല്ലാം ഒരു സുപ്രഭാതത്തിൽ ശൂന്യമാവാൻ പോവുകയാണ്.
സാധനം വാങ്ങാൻ പോയാൽ എന്നെ കണ്ടാൽ തന്നെ എത്ര തിരക്കാണെലും ഹംസക്കയുടെ പീട്യെലെ “ഗോവിന്ദ വാര്യരുടെ സീമന്ത പുത്രന്”എന്ന് തുടങ്ങുന്ന പാട്ടു പാടുന്ന മൊയിദുക്കയെ വരെ മിസ് ചെയ്യും. പണ്ട് രാത്രി മാങ്ങാടേക്ക് ഒരു നടത്തമുണ്ട്. ആ സമയത്താണ് ബെന്യാമിന്റെ കഥയിൽ പറഞ്ഞ പോലെ നമ്മുടെ “വ്യാഴചന്ത” കൂടുന്നത്. പലരും അവരുടെ ജോലി തിരക്ക് കഴിഞ്ഞു കതിരുവയ്ക്കും തറ പച്ചക്കറിയുടെ മുന്നിൽ കൂടും. പല കാര്യങ്ങളും സംസാരിക്കും. സ്ഥിരം ആൾക്കാരും പിന്നെ പുതുതായി പരിച്ചയപെടുന്ന പലരും കൂടുന്ന വ്യാഴചന്ത. അന്നൊക്കെ രാത്രി പാല് വാങ്ങാൻ വരുന്നവരോട് കുശലം പറയുന്നതും പലരെയും പരിചയപ്പെടുന്നതും എല്ലാം ആ സമയത്താണ്. കയ്യിൽ ഫോൺ ഇല്ലാത്ത കാലമായത് കൊണ്ട് എവിടെയെത്തി എന്ന വിളി കേൾക്കാത്ത വലിയൊരു റിലാക്‌സേഷനായിരുന്നു.
ഇന്ന് കാലം മാറി.. കഥ മാറി.. ആൾക്കാരൊക്കെ വീടുകളിൽ കെട്ടിയിട്ടത് പോലെ ആയി. വഴിയിൽ കണ്ടാൽ തന്നെ പരിചയം ഒരു ഹോണിൽ ഒതുക്കും. തിരിച്ചു ഇങ്ങോട്ടും ഒരു ഹോൺ. പരിചമുണ്ടെന്നും ജീവിച്ചിരുപ്പുണ്ടെന്നും അറിയിക്കാനുള്ള സൈറൺ . അന്ന് കണ്ടവരൊക്കെ അവരവരുടെ ജീവിത പ്രാരാബ്ധങ്ങൾ കാരണം ഓരോ ഭാഗത്തേക്ക് മാറി. മാങ്ങാടിനെ മാങ്ങാടാക്കിയ പലരും പലവഴിക്ക് തിരിഞ്ഞു..
നാട്ടിൽ വരാൻ പറ്റാത്തവരും നാട് വിട്ടു പോയവരും ഓർമകളിൽ മണ്ണടിഞ്ഞു പോയവരുടെയും പുതിയതായി വന്നവരുടെയും കൂടെ നമ്മുടെ നാട് അലിഞ്ഞു ചേരും പാട്ടിൽ പറഞ്ഞ പോലെ “എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി ഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു “കഴിഞ്ഞു വസന്തം”…..
“പത്ത് വര്ഷം കഴിഞ്ഞു 30 സെക്കൻഡ് ട്രാഫിക് സിഗ്നലിൽ കാത്തു നിൽക്കുന്ന സമയത്ത് അടുത്ത ജനറേഷനോട്
“ഇവിടെയൊരു നാട് ജീവിച്ചിരുന്നു”എന്ന് പറയുമ്പോൾ
” പിന്നെ ഈ നടു റോഡിലല്ലേ നിങ്ങളെ നാട്.. ഒന്ന് പോ ചെങ്ങായി”
എന്ന് കേൾക്കാൻ ഇടവരാതിരിക്കട്ടെ…
ഓർമയിലുള്ള കടകളുടെ പേരാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. വിട്ടു പോയിട്ടുണ്ടെങ്കിൽ മനഃപൂർവമല്ല .. മറന്നതാണ് ![]()
അതുൽ കൃഷ്ണ വാര്യർ
