“വൈകി വരുന്നോർക്കും മോക്ഷം നൽകും വൈക്കത്തപ്പാ ശരണ പ്രഭോ”
വൈകുന്നേരം സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് കേറുമ്പോൾ തന്നെ അമ്പലത്തിൽ നിന്നും കേൾക്കുന്ന പാട്ട്. നേരെ റൂമിൽ പോയി ബാഗ് കിടക്കയിലേക്ക് ഒരൊറ്റ ഏറാണ്. എന്നിട് യൂണിഫോം ഒക്കെ വലിച്ച് ഊരി ട്രൗസേരൊക്കെ ഇട്ടു മുഖം ഒക്കെ കഴുകി നേരെ താഴേക്ക് പോകും.അമ്മേ ചായ..ചായ ഡൈനിങ് ഹാളിൽ കപ്പ് ൽ ഉണ്ട്. എടുത്ത് കുടിച്ചോ. എനിക്ക് ഇവിടെ നൂറു കൂട്ടം പണി ഉണ്ട്എന്താ കഴിക്കാൻ ഉള്ളത്അടുക്കളയിൽ അവില് കുഴച്ച് വച്ചിട്ടുണ്ട്.അതും എടുത്തോ..പിന്നെ ടീവിയും തുറന്നു ഒരു ഇരുത്തം ആണ്. കൂടെ അനിയത്തിയും . .അപ്പോഴേക്കും ആറര ആയിക്കാണുംഉണ്ണീ… സമയം ആറര ആയി. പാട്ട് ഓഫ് ആക്കി ദീപാരാധനയുടെ വിളക്ക് വച്ചിട്ട് വാ. ഇന്നലെ ഞാൻ അല്ലെ അമ്മേ പോയെ.. ഇന്ന് അവളോട് പോകാൻ പറഎനിക്ക് ആരോടും അടി ചെയ്യാൻ ഒന്നും പറ്റില്ല. സമയം വൈകുന്നു. ആരെങ്കിലും ഒന്ന് പോയിട്ട് വാ വേഗം.ടീവിയും ഓഫാക്കി നേരെ മുകളിലേക്കോടി ട്രൗസറും മാറ്റി മുണ്ടും ഉടുത്ത് അമ്പലത്തിലേക്ക് ഓടിമേൽശാന്തി വൈകുന്നേരം അഞ്ച് മണിക്ക് വരും. കുളത്തിൽ നിന്നും കുളിയും കഴിഞ്ഞു നേരെ തിടപ്പള്ളിയിൽ ( ഭഗവാന് നേദ്യം വയ്ക്കുന്ന മുറി) കയറി നേദ്യത്തിനുള്ള ഒരുക്കങ്ങൾ നടത്തും. പിന്നെ സൂര്യാസ്തമയത്തിനു അടുക്കുമ്പോൾ ദീപാരാധന. അത് കഴിഞ്ഞാൽ ഭഗവാന് നിവേദ്യവും പിന്നെ ഒരു പൂജയും ആണ് വൈകുന്നേരങ്ങളിൽ നിത്യേന പതിവ്.ഞാൻ നേരെ പോയി ചങ്ങലവട്ട( എണ്ണ ഒഴിച്ച് വിളക്ക് കത്തിക്കാനുള്ള ഒരു പാത്രം ) എടുത്ത് അതിൽ തിരി വച്ച് എണ്ണയും ഒഴിച്ചു.രണ്ടു ദീപാരാധന തട്ടും എടുത്ത് അതിൽ ചെറിയ ചെറിയ തിരികളായി ഇട്ടു എണ്ണയും ഒഴിച്ച് ശ്രീകോവിൽ നടയിൽ കൊണ്ട് വച്ചു.ആദ്യം ശ്രീകോവിലിന്റെ മുന്നിലെ തൂക്കു വിളക്കിൽ കത്തിച്ച് നേരെ ശ്രീകോവിലിന്റെ പിറകിലെ വിളക്കു കത്തിക്കണം. തിരിച്ച് വന്നു മുന്നിലൂടെ പുറത്തേക്ക്.നേരെ പിൻ ഭാഗത്തെ നാഗത്തിന്റെ വിളക്ക് കത്തിക്കും എന്നിട്ട് നേരെ ഭഗവതി അമ്മയുടെ നടയിലേക്ക്. അവിടെയും വിളക്ക് വച്ച് ചങ്ങലവട്ട ഉള്ളിൽ കൊണ്ട് വച്ചു നാല് പുറവും ഉള്ള ലൈറ്റ് ഒക്കെ ഇട്ടു പാട്ടും ഓഫ് ചെയ്തു ഗോപുരത്തിൽ വന്നിട്ട് ഇരിക്കും. ചിലപ്പോ കുളത്തിന് പടവിലേക്ക് പോവും. ആരെങ്കിലും ഒക്കെ അവിടെ നീന്തുന്നുണ്ടെങ്കിൽ അവരുടെ കൂടെ സംസാരിച്ച് കൊണ്ടിരിക്കും.രണ്ടു മുറിയുള്ള ഓട് കൊണ്ടുണ്ടാക്കിയ ചെറിയ ഒരു പഴയ ഗോപുരം. രണ്ടു ഭാഗത്തും ഇരിക്കാൻ ഉള്ള ഒരു സ്ഥലം ഉണ്ട്. തൊഴാൻ വന്ന പലരെയും അവിടെ ഇരുന്ന് ജപിക്കുന്നതൊക്കെ കാണാം.ഗോപുരത്തിൽ ഇരുന്നു മുന്നിലെ ദീപസ്തംഭത്തിന്റെ ഇടയിലൂടെ ശ്രീകോവിൽ ഭഗവാനെ കാണാൻ തന്നെ ഒരു സുഖാണ്. മനസ്സിൽ ഒരു കുളിർമ. അവിടെ ഇരുന്നു കൊതുകിന്റെ കടി കൊണ്ടാലും പോസിറ്റീവ് എനർജി വേറെ ഫീലാണ്. അങ്ങനെ അവിടെ ഇരിക്കുമ്പോഴേക്കും നാളെ ഭഗവാന് ചാർത്തേണ്ട മാലയും പൂവും ഒക്കെ എടുത്തിട്ട് അമ്മ വരും. ചില ദിവസങ്ങളിൽ അമ്പലത്തിലെ ജോലി ഒക്കെ കഴിഞ്ഞു പോയിട്ടായിരിക്കും അമ്മ മാല കെട്ടുന്നത്. അപ്പോഴേക്കും പൂജ കഴിഞ്ഞതിന്റെ മണി അടി കേൾക്കും. മേൽശാന്തി അന്ന് ചാർത്തിയ മാലയും പൂജ പാത്രവുമൊക്കെ പുറത്ത് വച്ചിട്ടുണ്ടാവും. ഞാൻ ആ മാല ഒക്കെ എടുത്ത് പുറത്ത് കളയും.അമ്മ പൂജാ പത്രം കഴുകും. പിന്നെ ഉള്ളത് രണ്ടു ബക്കെറ്റ് വെള്ളം അമ്പല കിണറ്റിൽ നിന്നും കോരി വയ്ക്കണം .ചിലപ്പോ മോട്ടർ ഓൺ ചെയ്യും. ഒരു ബക്കെറ്റ് വെള്ളം സോപാനം കഴുകാനും മറ്റേത് പൂജാ പാത്രം കഴുകാനും. ഞാൻ സോപാനം കഴുകുമ്പോഴേക്കും ‘അമ്മ കഴുകി വച്ച പൂജാ പാത്രം ബക്കറ്റിൽ ആക്കി വച്ചിട്ടുണ്ടാവും. അത് മണ്ഡപത്തിൽ കമിഴ്ത്തി വയ്ക്കും എന്നാലേ പിറ്റേന്ന് രാവിലെ മേൽശാന്തി വരുമ്പോഴേക്കും ഉണങ്ങുകയുള്ളൂ. അത് കഴിഞ്ഞാൽ ഓരോ ലൈറ്റ് ആയിട്ട് ഓഫ് ചെയ്തു പുറത്ത് ഇറങ്ങും.നട അടച്ചു വീട്ടിൽ പോയാൽ പിറ്റേന്ന് രാവിലെ മേൽശാന്തി വന്നിട്ടാണ് നട തുറക്കുന്നത്..രാവിലെയും പതിവ് പോലെ മേൽശാന്തി അഞ്ചര ആവുമ്പോഴേക്കും എത്തും. രാവിലെ നിർമാല്യം കഴിഞ്ഞു മാല ചാർത്തിയാൽ മേൽശാന്തി നേരെ തടുപ്പള്ളിയിൽ പോയി നിവേദ്യത്തിന്റെ കാര്യങ്ങൾ നോക്കും. മിക്ക ദിവസങ്ങളിലും പായസമൊക്കെ വഴിപാട് ആയി ഉണ്ടാവും. പായസം കഴിക്കാതെ ഒരു ദിവസം ആലോചിക്കാൻ പറ്റിയില്ലായിരുന്നു . അതാണ് ചെറുപ്പത്തിലേ പായസവും ഗണപതി ഹോമ പ്രസാദവും അമ്പലത്തിലെ നേദ്യവും കഴിച്ച് വളർന്നത് കൊണ്ട് കിട്ടാത്തപ്പോ ഭയങ്കര മിസ്സിംഗ് ആണ്, . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും… ” കർമം ചെയ്യുക നമ്മുടെ ലക്‌ഷ്യം… കർമ്മ ഫലം തരും ഈശ്വരനല്ലോ” എന്നാണല്ലോ…