/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins എന്നു വരും നീ... - ║കുത്തിക്കുറിപ്പുകൾ║

എന്നു വരും നീ…

ഓഫീസിലെ ജോലി തിരക്കിനിടയിലായിരുന്നു അച്ഛന്റെ കാൾ വരുന്നത്. സാധാരണ ഈ സമയത്ത് വിളിക്കാറില്ല. വാട്സാപ്പ് എടുത്തു നോക്കിയപ്പോൾ വീഡിയോ കോൾ ചെയ്യാൻ പറഞ്ഞു. ഹെഡ്സെറ്റും വച്ച് നേരെ മീറ്റിംഗ് റൂമിൽ പോയി തിരിച്ചു വിളിച്ചു. “നിനക്ക് ഒരാളെ കാണിച്ചു തരാലോ” എന്ന് പറഞ്ഞു കൊണ്ട് ക്യാമറ തിരിച്ചപ്പോ സാക്ഷാൽ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി.. നമ്മുടെ വിശ്വൻ സാർ..എന്ന് ഷാർജയിൽ വന്നപ്പോ കണ്ടതാ.. പിന്നെ ഇന്നാണ് കാണുന്നത്.. കുറച്ചു സമയം സംസാരിച്ചു.. ” രാത്രി വിളിക്കാം.. ഇനി നമ്മൾ സംസാരിക്കട്ടെ” എന്ന് പറഞ്ഞു അച്ഛൻ ഫോൺ വച്ചു. അപ്പോൾ തന്നെ സാറിനോട് എന്നു വരും നീ എന്ന പാട്ട് പാടി തരാൻ പറ്റുമോ എന്ന് ചോദിയ്ക്കാൻ പറഞ്ഞു അനിയത്തിക്ക് ഒരു മെസ്സേജ് അയച്ചു. അവൾ നോക്കട്ടെ എന്ന് പറഞ്ഞു പിന്നെ റിപ്ലൈ ഒന്നുല. ഓഫീസിൽ നിന്നും ഇറങ്ങേണ്ട സമയം ആയതു കൊണ്ട് നെറ്റ് കട്ടായി നേരെ റൂമിലേക്ക് പോയി. പിന്നെ തിരക്കാവും പെട്ടെന്ന് പോയിട്ടുണ്ടാവും എന്ന് വിചാരിച്ച് മെട്രോയിൽ കയറി പണ്ട് കോഴിക്കോട് ഒരുമിച്ചു ആസ്വദിച്ച പഴയ കഥകൾ ഇങ്ങനെ ആലോചിച്ചു..മലയാള സിനിമ സംഗീതത്തിന്റെ കിനാപന്തലിൽ ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച കൈതപ്രം ജേഷ്ഠാനുജന്മാരിൽ ഇളയ സഹോദരൻ. കോഴിക്കോട് കൈതപ്രം സാറെ കാണാൻ പോയപ്പോഴാണ് വിശ്വൻ സാറെ ആദ്യമായി കാണുന്നത്. അച്ഛനെ പോലെ തന്നെ സദാ സമയം വായിൽ മുറുക്കാനും കയ്യിൽ ഒരു മുറുക്കാൻ പൊതിയും വച്ചു സ്വാതി കലാ കേന്ദ്രത്തിലെ ഓഫീസിൽ മുറിയിൽ ഇരിക്കുകയായിരുന്നു. പഴയ കഥകളും പഴയ ബന്ധങ്ങളും പറഞ്ഞപ്പോൾ വർഷങ്ങൾക്ക് ശേഷം കാണുന്ന അച്ഛനെ ഓര്മ വന്നു, മലയാളത്തിൽ പല ഗാനങ്ങളും സാർ ചെയ്തെന്നു കേട്ടിട്ടുണ്ടെങ്കിലും ആദ്യം മനസ്സിലേക്ക് ഓടി വന്നത് നീ ഒരു പുഴയായി തഴുകുമ്പോൾ എന്ന പാട്ടായിരുന്നു. പിന്നെയാണ് “എന്ന് വരും നീ” എന്നതും “ഇനിയൊരു ജന്മമുണ്ടെങ്കിൽ” എന്ന പാട്ടും “സ്വന്തം സ്വന്തം ബാല്യത്തിലൂടെ” എന്തിനധികം.. “കയ്യെത്തും ദൂരെ ഒരു കുട്ടികാലം” ഒക്കെ ചെയ്ത മഹത്‌വ്യക്തികളിൽ ഒരാളാണെന്ന് മനസ്സിലായത്. അന്ന് ആദ്യമായി കണ്ടത് കൊണ്ട് പരിചയപെട്ടിലെങ്കിലും ഒന്നും അതികം സംസാരിച്ചില്ല. പക്ഷെ കൈതപ്രം സാർ കോഴിക്കോട് വരണമെന്ന് പറഞ്ഞു വിളിക്കുമ്പോഴൊക്കെ പലപ്പോഴായി സ്വാതി കലാകേന്ദ്രത്തിൽ ഓഫീസ് റൂമിൽ കാണാറുണ്ട്. ആദ്യമൊക്കെ മിണ്ടാൻ ഒരു മടി ആണെങ്കിലും പിന്നെ ഓരോ സംശയങ്ങൾ ചോദിച്ചു മിണ്ടാതിരിക്കാൻ പറ്റാതായി. ഓരോ പ്രാവശ്യം പോകുമ്പോഴും ഓരോ കഥ ചോദിക്കും. സാറിനാണെകിൽ പഴയ കഥകൾ പറഞ്ഞു തരാൻ ഭയങ്കര ഇഷ്ടമാണ്. എനിക്കാണെങ്കിൽ കേൾക്കാനും..അങ്ങനെ ഓരോ പ്രാവശ്യം കാണുമ്പോഴും ഓരോ കഥകൾ കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പഠിച്ച നീലേശ്വരം രാജാസ് സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി ചെയ്ത കഥയൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. അവിടുന്ന് തിരുവനന്തപുരത്തേക്ക് പോയതും.. തിരുവനന്തപുരത്തെ അമ്പലത്തിൽ ശാന്തി ചെയ്യുമ്പോൾ മലയാള സിനിമയിലെ അനശ്വര നടൻ മുരളിയെ പരിചയപ്പെട്ടതും എല്ലാം കേട്ടിരുന്നു പോയിട്ടുണ്ട് ആ സമയത്തായിരുന്നു സിനിമ മേഖലയിലേക്ക് കണ്ണകിയിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. അവിടെ നിന്നാണ് ശ്രുതിലയ എന്ന പേരിൽ സ്വന്തമായി ഒരു സംഗീത സ്കൂൾ തുടങ്ങുന്നത്. അവിടെ നിന്നും എറണാകുളത്തേക്ക് മാറി പിന്നെ കോഴിക്കോട്ടേക്കും. കോഴിക്കോട് തുടങ്ങിയപ്പോഴാണ് ഞാൻ പരിചയപ്പെടുന്നത്. അവിടെ കുറച്ച് കാലം സന്തത സഹചാരിയായി കൂടെ നിൽക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അന്നും ഇത് പോലെ രാത്രി സമയങ്ങളിൽ കുറെ കഥകൾ പറഞ്ഞു തരും. സംഗീതത്തിന്റെയും ദാസേട്ടനുമായിട്ടുള്ള അനുഭവങ്ങളും അങ്ങനെ പോവും കഥകൾ.. പിന്നെ അങ്ങോട്ട് കൂടെ തന്നെയായി. കോഴിക്കോട് ഒരുമിച്ചു നിൽക്കാൻ തുടങ്ങിയപ്പോഴും രാവിലെ ഭക്ഷണം ഇല്ലത്തു നിന്നും പാചകം ചെയ്തു കൊണ്ട് വരും. അതാണെങ്കിൽ ചൂട് ഇഡ്ഡലിയും ചട്ടിണിയും പിന്നെ ചട്ട്ണി പൊടിയും.. അതൊക്കെ ഒരു കാലം….!! കൂടെ നമ്പൂരിശ്ശൻ ശ്രീജിത്തും ബൈജു മാഷും ഷോജിഷേട്ടനും ആഷിലും അഷിനും എല്ലാവരും കൂടി ഒരു കാലത്ത് ഒരു ഉത്സവം തന്നെയായിരുന്നു. ഓരോ സാഹചര്യങ്ങൾ നമ്മൾ ഓരോരുത്തരെയും പല സ്ഥലങ്ങളിൽ എത്തിച്ചെങ്കിലും ഒരു നിമിഷം ആഗ്രഹിച്ചു പോകുന്നു കൈതപ്രം സാർ എഴുതിയ പോലെ “എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം..എന്‍ ബാല്യം തിരികെ തരുമോ..അനുരാഗ രാവും ഹരിവാസരവും…തിരികെ വരുമോ എന്നെങ്കിലും” ഇത്രയും ആലോചിച്ചു റൂമിൽ എത്തിയപ്പോൾ എവിടുന്നില്ലാത്ത സന്തോഷം. കാരണം ഞാൻ ആഗ്രഹിച്ച പോലെ സാർ ആ പാട്ട് മുഴുവനായി പാടിയിരിക്കുന്നു. അതും സംഗീത സംവിധായകരിൽ പ്രിയപ്പെട്ടവർ ഒരുമിച്ചു ചെയ്ത ഗാനം. പാട്ടുകളുടെ വരികളും സംഗീതവും പാടുന്നവരുടെ ശബ്ദവും ഒരു പോലെ നന്നാവുമ്പോഴാണല്ലോ ശ്രേഷ്ടാവിന്റെ പ്ലേയ്ലിസ്റ്റിൽ അത്ര ഏറെ ഇടം നേടുന്നത്…😍😍😍

About the author

Leave a Reply

Your email address will not be published. Required fields are marked *