ദേശാടനം മുത്തശ്ശൻ..

മൂന്ന് വർഷം മുന്നേ ഒരു ദിവസം രാവിലെ തന്നെ കൈതപ്രം സാർ എന്നോട് ഇല്ലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഞാൻ രാവിലെ തന്നെ എണീറ്റു കോഴിക്കോട്ടേക്ക്‌ തിരിച്ചു. ഇല്ലത്ത് എത്തുമ്പോൾ കണ്ടത് സാർ പുറത്ത് വന്ന ആൾക്കാരോട് സംസാരിക്കുകയായിരുന്നു. എന്നോട് അകത്തേക്ക് പോയിക്കോളു ഞാൻ വരാം എന്ന് ആംഗ്യം കാണിച്ചു. വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ കണ്ടത് വേറെ ആരും അല്ല.. മലയാള സിനിമയുടെ മുത്തശ്ശൻ.. ദേശാടനം മുത്തശ്ശൻ കസേരയിൽ ഇരിക്കുന്നു. പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. അവിടെ വരാരുണ്ടെന്ന് കേട്ടിരുന്നു. പക്ഷേ ഈ കണ്ടുമുട്ടൽ പ്രതീക്ഷിച്ചില്ല. അകത്ത് കയറിപ്പോ തന്നെ എന്നോട് “അവിടെ ഇരുന്നോളു . ദാമോദരൻ വരും..” പറഞ്ഞു. ഞാൻ അവിടെ സോഫയിൽ ഇരുന്നു. എന്നെ ഒന്ന് അടി മുടി നോക്കിയിട്ട് ചോദിച്ചു.

എവിടെ നിന്നാ വരണേ..

ഞാൻ പറഞ്ഞു കണ്ണൂരിന്ന് വരുവാ..

ഉവ്വോ.. സന്തോഷം എന്ന് പറഞ്ഞു തൊഴുതു.

എനിക്ക് ആണെങ്കിൽ പെട്ടെന്ന് കണ്ട സന്തോഷത്തിൽ എന്താ പറയേണ്ടത് അറിയുന്നില്ല. മനസ്സിലാണെങ്കിൽ ദേശാടനം സിനിമയും, കൈക്കുടുന്ന നിലാവും, കല്യാണ രാമനിലെ ചുണ്ണാമ്പ് ചോദിക്കുന്ന മുത്തശ്ശനും.. എന്തിന് അതികം.. രാപ്പകലിലെ പറമ്പിൽ കിളക്കുന്ന മമ്മൂക്കയെ “കൃഷ്ണാ” എന്ന് വിളിച്ചു ഓടി പോയി കെട്ടി പിടിക്കുന്ന സീനൊക്കെയാണ് സ്ലൈഡ്ഷോ പോലെ മാറി കളിക്കുന്നത്.

കുറച്ച് കഴിഞ്ഞപ്പോ എന്നോട് ചോദിച്ചു..

എന്താ മോനെ പേര് ?

ഞാൻ പറഞ്ഞു.. അതുൽ.. അതുൽ കൃഷ്ണ എന്നാണ്..

അതുൽ കൃഷ്ണനോ… ?

അതെ..

അപ്പൊൾ തന്നെ മുത്തശ്ശൻ ചൊല്ലി “അതുലഃ ശരഭോ ഭീമഃ സമയജ്ഞോ ഹവിർഹരിഃ സർവലക്ഷണലക്ഷണ്യോ ലക്ഷ്മീവാൻ സമിതിഞ്ജയഃ”എന്നിട്ട് എന്നോട് വിഷ്ണു സഹസ്രനാമത്തിലെ വരികളാണെന്ന് പറഞ്ഞു.

ഞാൻ വീണ്ടും ഞെട്ടി. കാരണം ആരെങ്കിലും എന്നോട് പേര് ചോദിച്ചാൽ ഞാൻ പേര് പറയുമ്പോൾ അച്ഛനാണ് വിഷ്ണു സഹസ്രനാമത്തിലെ ഈ വരികൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറ്. പക്ഷേ ആദ്യയിട്ടാണ് ഒരാൾ ഇങ്ങോട്ട് പറഞ്ഞു തരുന്നത്.അതും ദേശാടനം മുത്തശ്ശൻ 🙏

അച്ഛൻ അത് ഉദ്ദേശിച്ച് തന്നെയാണ് അ പേര് വിളിച്ചതെന്ന് ഞാൻ പറഞ്ഞപ്പോ എന്നോട് “കേമായി” ന്നും പറഞ്ഞു.

അത് കഴിഞ്ഞപ്പോൾ എന്നോട് കണ്ണൂർ എവിടെയാ വീടെന്നു ചോദിച്ചു..ഞാൻ പറഞ്ഞു കണ്ണൂർ മാങ്ങാട് നിന്നാ ന്ന്.. ഞാൻ ചോദിച്ചു ജ്യോത്സ്യൻ കാക്കംകോവിൽ കൃഷ്ണ വാര്യരെ അറിയോന്ന്.. അപ്പോ പറഞ്ഞു “അമ്പമ്പമ്പോ.. അറിയൊന്നോ.. പ്രഗത്ഭനല്ലേ… ബഹു കേമൻ..” ഞാൻ പറഞ്ഞു അദ്ദേഹത്തിന്റെ മകന്റെ മകൻ ആണെന്ന്… അപ്പോ തൊഴുതു.കണ്ടതിൽ സന്തോഷം ന്ന് പറഞ്ഞു. ഞാനും തൊഴുതു. പിന്നെ ഓരോ കാര്യങ്ങളും പറയാൻ തുടങ്ങി. തൊണ്ണൂറ്റി നാല് വയസ്സായി. ഇപ്പോഴും ഷുഗറും പ്രഷരും ഇല്ലാത്ത പ്രകൃതം. സത്യത്തിൽ ബഹുമാനം മാത്രമല്ല ആരാധനയും തോന്നി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ സാർ വന്നു എന്നെ ഒന്നൂടെ പരിചയപെടുത്തി. അപ്പോഴും പറഞ്ഞു “കൃഷ്ണ വാര്യരെ അറിയാം” എന്ന്. കേട്ടപ്പോൾ ഭയങ്കര സന്തോഷമായി. അപ്പോഴേക്കും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു.
ഭക്ഷണമൊക്കെ കഴിച്ച് പുറത്ത് വന്നിരുന്നപ്പോൾ ഞാനും അടുത്ത് പോയി ഇരുന്നു. എന്നെ കണ്ടപ്പോൾ തന്നെ “അതുല ശരഭോ ഭീമ” എന്ന് ചൊല്ലാൻ തുടങ്ങി. ഞാൻ തൊഴുതു. അടുത്തിരുന്നു മമ്മൂക്കയും ദിലീപും ജയറാമും ആയിട്ടുള്ള അനുഭവമൊക്കെ ചോദിച്ചറിഞ്ഞു. എല്ലാവരെയും വലിയ കാര്യമാണ്. രജനികാന്തിന്റെയും കമൽ ഹസന്റെ കൂടെയൊക്കെ മുത്തശ്ശൻ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഓരോ കഥ പറയുമ്പോഴാണ് യൂട്യൂബിൽ കൈകുടന്ന നിലവിലെ “മലയന്നാർ കണ്ണൻ” എന്ന പാട്ട് വച്ച് കൊടുത്തു. ആ പാട്ടിൽ തലയിൽ മുണ്ട് കെട്ടി ജയറാമിന്റെയും ആ മുത്തശ്ശിയുടെയും കൂടെ ഒരു ഡാൻസ് കളിക്കുന്നുണ്ട്. കണ്ടപ്പോൾ തന്നെ ചിരിക്കാൻ തുടങ്ങി. എഴുപത്തി മൂന്നാം വയസ്സിലാണ് ആ ഷൂട്ടിംഗ് നടന്നതെന്ന് പറഞ്ഞു. ഊട്ടിയിലും അവിടെ എവിടെയൊക്കെയോ ആണ് ഷൂട്ടിംഗ് എന്നും പറഞ്ഞു.പിന്നെ രാപ്പകലിൽ മമ്മൂക്കയെ കെട്ടി പിടിക്കുന്ന സീനും കാണിച്ചു കൊടുത്തപ്പോൾ ഭയങ്കര സന്തോഷമായി. എന്നിട്ട് ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ ചോദിച്ചു. അതിനെന്താ എന്നും പറഞ്ഞു പോസ് ചെയ്തു തന്നു. അപ്പോഴേക്കും സന്ധ്യയ്ക്ക് ജപതിന് സമയായി.കൈ പിടിച്ചു ഉള്ളിൽ ഇരുത്തി. പക്ഷേ അന്ന് സംസാരിക്കാൻ പറ്റിയത് വല്യോരു അനുഭവം തന്നെ ആയിരുന്നു..😍
.

About the author

Leave a Reply

Your email address will not be published. Required fields are marked *