/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins ചിലരുടെ ചിരി മനസ്സ് തുറന്നിട്ടാണെങ്കിലും മറ്റു ചിലത് മനസ്സിന്റെ.. - ║കുത്തിക്കുറിപ്പുകൾ║

ചിലരുടെ ചിരി മനസ്സ് തുറന്നിട്ടാണെങ്കിലും മറ്റു ചിലത് മനസ്സിന്റെ..

ചിലരുടെ ചിരി മനസ്സ് തുറന്നിട്ടാണെങ്കിലും മറ്റു ചിലത് മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്നതാണ്.☺️❤️

തലേന്ന് രാത്രി മാടായിക്കാവ് തൊഴാൻ പോവാമെന്നു പറഞ്ഞപ്പോ അനിയത്തിയാണ് എന്നെക്കാളും നേരത്തെ എണീറ്റ് റെഡി ആയത്. ബൈക്കിൽ കയറി ഹെൽമെറ്റ് വയ്ക്കുമ്പോൾ അപ്രതീക്ഷിതമായി ഒന്നൊന്നര മഴ പെയ്തെങ്കിലും അമ്പലത്തിലേക്ക് ഇറങ്ങിയതല്ലേ മടങ്ങേണ്ടെന്ന് പറഞ്ഞു അച്ഛൻ സുരേഷേട്ടനോട് “ആങ്ങളയും പെങ്ങളും കാത്തു നിൽക്കുന്നുണ്ടെന്നും പെട്ടെന്ന് വരാനും പറഞ്ഞു.മഴ നിൽക്കുന്ന ലക്ഷണമില്ല. നമ്മൾ യാത്ര മാറ്റി വയ്ക്കുന്ന ലക്ഷണവും.. ഒൻപതരയ്‌ക്കാണ്‌ ഡ്യൂട്ടി. അപ്പോഴേക്കും എത്തിയാൽ മതി. സുരേഷേട്ടൻ വന്നു. കാവിൽ എത്തിയപ്പോഴേക്കും പൂജയ്ക്കടച്ചിട്ടുണ്ടായിരുന്നു. എട്ടരയ്ക്ക് നട തുറന്നു തൊഴുതു പുറത്ത് വന്നു. ഫോണുമെടുത്തു നേരെ പ്രകൃതിരമണീയമായ മാടായിപ്പാറയിലേക്ക് നടന്നു. അവിടെ കുളത്തിന്റെയും അമ്പലത്തിന്റെയും ഫോട്ടോയെടുക്കുമ്പോഴാണ് വയസ്സായ നേരെ നിൽക്കാൻ പോലും പറ്റാത്തൊരാൾ ആ വഴി നടന്നു പോവുന്നത് കണ്ടത്. നമ്മളെ കണ്ടപ്പോൾ തന്നെ കൈ നീട്ടിയെങ്കിലും കയ്യിലൊന്നും ഇല്ലെന്നും ബാഗും പേഴ്‌സുമൊക്കെ വണ്ടിയിലാണെന്നും പറഞ്ഞപ്പോ തൊഴുത്തിട്ടു നടന്നു പോയി. കലാപരിപാടികളൊക്കെ കഴിഞ്ഞു നേരെ കാറിനടുത്തേക്ക് പോകുമ്പോഴാണ് നേരത്തെ കണ്ടയാൾ ദൂരെ ഒരു പാറപ്പുറത്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞാൻ വേഗം പേഴ്‌സെടുത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു. വേറെ എന്തോ ആലോചിച്ചിരിക്കുകയാണെന്ന് മനസ്സിലായി. നേരെ പോയി “രാവിലത്തെ കൈനീട്ടമാണെന്നു കൂട്ടിക്കോ” എന്ന് പറഞ്ഞു പേഴ്സിൽ നിന്നും പൈസയെടുത്ത് മടക്കി കയ്യിൽ കൊടുത്തപ്പോ പാവത്തിന്റെ കണ്ണ് നിറഞ്ഞു പോയി. “മുത്തപ്പൻ ഒരു മുട്ടും കൂടാതെ രക്ഷിക്കട്ടെ. ‘അമ്മ എപ്പോഴും മോന്റെ കൂടെയുണ്ടാവും.. കൈ വിടില്ല. ഞാനാണ് പറയുന്നത്” എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി. പിലാത്തറയാണ് നാട് . വീട്ടിലാരുമില്ല.. അതാണ് രാവിലെ നേരെ ഇങ്ങോട്ടു വരുന്നതെന്നും പറഞ്ഞു. “എല്ലാം ശരിയാവുമെന്നു പറഞ്ഞു ക്യാമറ ഓൺ ചെയ്തു കുളത്തിന്റെ ഫോട്ടോ എടുക്കാൻ പോകുമ്പോ.. “ഫോട്ടോ എടുക്കുവാണോ” എന്ന് ചോദിച്ചു. എന്നാൽ പിന്നെ ഒന്ന് നന്നായി ചിരിച്ചേ എന്ന് പറഞ്ഞപ്പോഴേക്കും മഴക്കാറ് നിറഞ്ഞ ആകാശം തെളിഞ്ഞ നീലാകാശമായ പോലെ ആ കരഞ്ഞ മുഖം നല്ല ചിരിക്കുന്ന മുഖമായി മാറി. “മച്ചാനത് പോരെ അളിയാ..❤️“.. അപ്പൊ തന്നെ ചറപറ ക്ലിക്കിയെങ്കിലും കൂട്ടത്തിൽ ഇഷ്ടപെട്ട ഫോട്ടോയാണിത്. ചിലർക്കൊക്കെ ആശ്വസിക്കാൻ നമ്മളുടെ ഒരു നോട്ടം അല്ലെങ്കിൽ ഒരു സംസാരം മതി. സ്ഥിരം ജോലിക്ക് പോകാൻ പോലും പറ്റാത്ത ഈ കാലത്ത് ഇങ്ങനെയുള്ളവരെ കണ്ടാൽ മുഖം തിരിച്ചു നടക്കാതെ പറ്റുന്ന പോലെ സഹായിക്കുക. ചിരിച്ചാൽ പോലും സന്തോഷമാകും. ചിലപ്പോ ഇദ്ദേഹത്തിന്റെ കഥ വേറെ എന്തെങ്കിലുമാവാം. എന്നാലും ആ പൊള്ളുന്ന വെയിലത്ത് അവിടെ ഇരിക്കുന്നുണ്ടെങ്കിൽ അദ്ദേഹവും സഹായത്തിനു അർഹതപെട്ടതാണ്. ഒരു ദിവസം ധർമ്മശാലയിൽ പച്ചക്കറി വാങ്ങാൻ പോയപ്പോഴാണ് ഒരു ലോട്ടറിക്കാരൻ ലോട്ടറി നീട്ടിയത്. “ഞാൻ എടുക്കാറില്ല. പക്ഷെ നീട്ടിയ ലോട്ടറി തിരികെ എടുക്കേണ്ടെന്നു പറഞ്ഞപ്പോ അദ്ദേഹം പറയുവാണ് “നീട്ടാതെ വേറെ നിവൃത്തിയില്ല. ജീവിക്കണ്ടേ”. ശരിയാണ്, മഹാമാരി കാരണം കൂടുതൽ അനുഭവിക്കുന്നത് ദിവസങ്ങൾ മുന്നിലേക്ക് നീക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഇതുപോലുള്ള സാധാരണക്കാരാണ് .സഹായിക്കുക, അവരുടെ കഥ ഉൾക്കൊള്ളാൻ ശ്രമിക്കുക. അപ്പോഴായിരിക്കും നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാവുന്നത്. ❤️❤️

About the author

Leave a Reply

Your email address will not be published. Required fields are marked *