പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അച്ഛൻ പറഞ്ഞത് ” ഉണ്ണീ, നീ ഇങ്ങനെ നാട്ടിൽ നിന്ന് തേരാ പാര നടന്നിട്ട് ഒരു കാര്യവുമില്ല, അത് കൊണ്ട് അടുത്ത ആഴ്ച നിന്റെ വിസ വരും. റെഡി ആയിക്കോ”എന്ന്.
ഇതേ കാര്യം ഞാൻ കുറെ പ്രാവശ്യമായി കേൾക്കുന്നത് കൊണ്ട് വല്യ പുതുമ ഒന്നും തോന്നിയില്ല. കഴിഞ്ഞ രണ്ടു മാസം എല്ലാം ശരിയായി എന്ന് വിചാരിച്ചപ്പോ എന്തോ പ്രാർത്ഥന പോലെ യാത്ര മുടങ്ങി. അത് ഈ പ്രാവശ്യവും നടക്കില്ല എന്ന് ഉറപ്പാ.
അങ്ങനെ പെട്ടെന്ന് പോവാൻ പറഞ്ഞാൽ എങ്ങനാ നടക്കുവാ. രാവിലെ എണീറ്റ് അമ്പലത്തിൽ പോകുന്നതും തളിപ്പറമ്പ തമ്പുരാനെ തൊഴാൻ പോവുന്നതും എല്ലാം മുടങ്ങും. പിന്നെ ആറ്റു നോറ്റു വാങ്ങിയ ബൈക്ക്, അത് ഓടിച്ച് കൊതി തീർന്നില്ല. ഇരുപതിനായിരം കിലോമീറ്റെർ തികച്ചും ആയില്ല. അപ്പോഴേക്കും എല്ലാം ഒഴിവാക്കി പോവുക എന്ന് വച്ചാൽ. പിന്നെ കൂടെ ഉള്ള ചെങ്ങായിമാർ, അറിയുന്നവർ.. വിളിച്ചാൽ ഓടി വരുന്നവർ.. അവരോടെയൊക്കെ വിട്ടു ഏതോ രാജ്യത്ത് അടിമ പണി എടുക്കാൻ പോവുക എന്ന് വച്ചാൽ.. പറ്റില്ല… പറ്റില്ല അത്ര തന്നെ.
ഇതിലും വലുതാണ് അമ്പലത്തിലെ പായസവും അപ്പവും നിറമാലയും. പിന്നെ ഉത്സവം, ചെണ്ട, ആന, തെയ്യം, ഇതൊക്കെ ചോരയിൽ ഉള്ളതാണ്. അതൊക്കെ ഒഴിവാക്കാൻ എങ്ങനെ സാധിക്കാ.
ഇതൊക്കെ അമ്മയോട് പറഞ്ഞു മനസിലാക്കി. അച്ഛനോട് പറഞ്ഞാൽ എപ്പോ വീട്ടീന്ന് പുറത്താക്കി ചോദിച്ചാ മതി. ‘അമ്മ പറഞ്ഞു അച്ഛൻ ഒന്നും കാണാതെ ചെയ്യില്ല എന്നൊക്കെ. പിന്നെ മനസ്സിൽ ഉറപ്പിച്ച് എന്തായാലും മുടങ്ങിയതല്ലേ വലുതായിട്ട് പേടിക്കുക എന്നൊന്നും വേണ്ട എന്ന്.
അങ്ങനെ വൈകുന്നേരങ്ങളിൽ കറങ്ങാൻ പോവും. നട്ട പാതിരായ്ക്ക് കേറി വരും. ഭക്ഷണം വീട്ടിൽന്നു കഴിച്ച കഴിച്ച്. ഒരു വല്ലാത്ത അവസ്ഥ. ജോലി ചെയ്യണം പൈസ ഉണ്ടാക്കണം എന്ന ഒരു മോഹവും ഇല്ല. ഇങ്ങനെ കറങ്ങണം. അച്ഛന്റെ കൂടെ എവിടെങ്കിലും പോവുമ്പോ ആരെങ്കിലും ചോദിക്കും മോൻ എന്താ ചെയ്യണേ എന്ന്. അച്ഛൻ നൈസ് ആയിട്ട് പറയും. അവനോ. അവൻ എന്റെ മുടിയനായ പുത്രൻ അല്ലേ എന്ന്. അതൊക്കെ കേൾക്കുന്നത് കൊണ്ട് ആ പോക്ക് അങ്ങ് നിർത്തി.
അപ്പോഴാണ് കുറച്ച് കാലം വീട്ടിൽ നിൽക്കാൻ തുടങ്ങിയത്. അപ്പോഴേക്കും ആൾകാർ പറഞ്ഞു ഉണ്ടാക്കാൻ തുടങ്ങി അവൻ വീട്ടിൽ തന്നെ ഉണ്ടല്ലോ. പണിക്കൊന്നും പോണില്ലേ എന്നൊക്കെ. ഒരുമാതിരി പരിഹാസം ആണ് എല്ലാർക്കും. നമുക്ക് പിന്നെ എല്ലാം ആന മയിൽ ഒട്ടകം ആയത് കൊണ്ട് ഇതൊന്നും നമ്മളെ ബാധിക്കില്ല. ഒരു വല്ലാത്ത കാലം.കയ്യിൽ പൈസ ഇല്ല. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും അമ്മയോട് പൈസ ചോദിക്കേണ്ട അവസ്ഥ. അച്ഛൻ തരില്ല എന്ന് പറഞ്ഞു. എങ്ങനെ തരാൻ ആണ്. എന്റെ ആ പ്രായത്തിൽ അച്ഛൻ ജോലിക്ക് കയറി സമ്പാദിക്കാൻ തുടങ്ങി എന്നൊക്കെ കുറെ കേട്ടിട്ടുണ്ട്. എന്നിട്ടും എനിക്ക് ഒരു ബോധം വന്നില്ല എന്ന് ആലോചിക്കുമ്പോഴാ എല്ലാർക്കും സങ്കടം. പറയത്തക്ക വിധം ദുശീലങ്ങൾ ഒന്നും ഇല്ല. പക്ഷെ എന്തോ എവിടെയോ വന്ന മടി. മനസ്സ് ശാന്തമാക്കാൻ പറശിനിയും തമ്പുരാന്റെ അടുത്തതും പിന്നെ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലും പോവും. അതൊക്കെ ആണ് മനസ്സ് ശാന്തമാകുന്നത്. പറശ്ശിനി പാലത്തിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ ആ വെള്ളം നീങ്ങുന്ന കാണുമ്പോൾ തന്നെ ഒരു റിലാക്സേഷൻ ആണ്. അതൊന്നും ഒരു മാളിലും കിട്ടില്ല..
കോഴിക്കോട് പോയിട്ട് ഒരു വര്ഷം തികച്ച് നിന്നു. വിരിച്ചിടത്ത് കിടക്കില്ല എന്ന സ്വഭാവം ആണല്ലോ. മര്യാദയ്ക്ക് കൈതപ്രം സാറുടെ കൂടെ നിന്നിട്ടുണ്ടെങ്കിൽ സാറിനു ഒരു കൂട്ടായേനെ. സാറിന്റെ വർക്കും ചെയ്‌താൽ സാറിനും എനിക്കും അതിന്റെ ഒരു മാറ്റം ഉണ്ടായേനെ. പക്ഷെ നില്കില്ലല്ലോ. അവിടെ വേറെ തന്നെ ഒരു ലോകം ആയിരുന്നു. സാർ വൈകുന്നേരങ്ങളിൽ വീട്ടിൽ ഉണ്ടെങ്കിൽ വിളിക്കും “അതുലേ മോനെ നീ ഫ്രീ ആണോ, ആണെങ്കിൽ ഇങ്ങു വാ നമുക്ക് കുറച്ച് സമയം ഇവിടെ ഇരിക്കാം” എന്ന് പറഞ്ഞു. മലയാളത്തിലെ സിനിമ രംഗത്ത് കോളിളക്കം സൃഷ്ടിച്ച മഹാനുഭാവൻ, സംഗീതം, സംവിധാനം, നടൻ, എല്ലാം. അദ്ദേഹം എന്നെ വിളിക്കുമ്പോൾ ഓടി പോവും ഉമ്മറ കോലായിലേക്ക്. കയ്യിൽ ഒരു കൊതുകിനെ കൊല്ലുന്ന ബാറ്റ് ഉണ്ടാവും. എന്നോട് പറയും “വാ മോനെ നമുക്ക് ഒരുമിച്ച് കൊതുക് കടി കൊള്ളാം എന്ന്. അങ്ങനെ വീട്ടിലെ കാര്യം ചോദിക്കും. പഴയ കാലത്തെ ഓരോ കഥകൾ പറഞ്ഞു തരും. ഞാൻ അതൊക്കെ കേട്ടിരിക്കും. കാരണം സാർ പറയുന്നത് കേട്ടാൽ കൂടുതൽ കേൾക്കാൻ തോന്നും. പറയുമ്പോൾ ഒക്കെ മുരളി വേണു എന്നൊക്കെ പറയും. പിന്നെ ആരാ ഇതൊക്കെ ചോദിച്ച പറയും നടൻ മുരളി പിന്നെ നെടുമുടി വേണു ഇവരൊക്കെ അടുത്ത കൂട്ടുകാരാണ്. നമ്മളൊക്കെ സിനിമയിൽ കണ്ട പരിചയം അല്ലെ ഉള്ളു. പക്ഷെ ഇതൊക്കെ സാറിന്റെ കൂടെ ഇരുന്നു കേൾക്കാൻ കിട്ടിയ ഭാഗ്യം. അതൊക്കെ ആണ് എന്നെ ഒരു സിനിമ പ്രാന്തനും സംഗീത പ്രാന്തനും ആക്കിയത്. ഒരു ദിവസം ഇത് പോലെ ഇരിക്കുമ്പോൾ എന്നോട് സാർ പറഞ്ഞു മോന്റെ നാട്ടിലെ ഒരു കാവിന്റെ പേര് ഞാൻ ഒരു പാട്ടിൽ എഴുതിയിട്ടുണ്ടെന്നു. ഞാൻ ഏതൊക്കെയോ കാവ് പറഞ്ഞു. എന്നോട് പറഞ്ഞു സിനിമ ഉറുമി ആണെന്ന്. ഞാൻ കുറെ ആലോചിച്ച്. കിട്ടിയില്ല അവസാനം യൂട്യൂബിൽ വയ്ക്കാൻ പറഞ്ഞു. ശരിയാ അതിലെ “ആരോ നീ ആരോ ആരോ” എന്ന ഗാനത്തിൽ “കാവില് വാഴുമൊരു കന്നി പൊന്കളരി വാതിലിലെ ദേവി” എന്ന വരി.. എത്ര ശരിയാ.. നമ്മുടെ കളരിവാതിക്കൽ കാവുണ്ട് ഈ പാട്ടിൽ എന്ന് അപ്പോഴാ മനസിലായത്. അത് പോലെ തന്നെ നരനിലെ ഗാനം ” ശൂരൻ പടയുടെ ചെങ്കോട്ട കെട്ടി” എന്ന പാട്ടിൽ ഒരു വരി ഉണ്ട് ” ഈ താരകാസുരനെ വടി വേലിൽ കോർക്കാണല്ലോ തിരുവണ്ണൂരിൽ വടിവേലൻ വന്നു” ശരിയാണ് അതിലും തിരുവണ്ണൂർ. സാറിന്റെ നാടിനെ പറ്റി പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് മനസിലായത് സാർ എഴുതിയ പാട്ടിലൊക്കെ ഒരു സിഗ്നേച്ചർ ഉണ്ടെന്നു. ഞാൻ സാരോട് പറഞ്ഞു. ഞാൻ ഇങ്ങനെ മ്യുസിക്കിന് കണക്കാക്കി പാടും എന്നല്ലാതെ വരി ഒന്നും ശ്രദ്ധിക്കാറില്ല എന്ന്.
അപ്പൊ സാർ പറഞ്ഞു. അത് തെറ്റാണ് മോനെ. എഴുതിയ വരിയിലൂടെ പാട്ട് മനസിലാക്കണം അവിടെ ആണ് ഒരു എഴുത്തുകാരൻ കഴിവ് തെളിയിക്കുന്നത്. അത് പോലെ തന്നെ ചിന്നി ചിന്നി മിന്നി തിളങ്ങുന്ന എന്ന ഗാനത്തിൽ അവസാനം ഒരു വരി ഉണ്ട്. അവളുടെ അന്നന്നട കണ്ടാൽ തെയ്യം മുടി അഴിക്കും . അതായത് അവളുടെ സൗന്ദര്യം കണ്ടാൽ തെയ്യം മുടി അഴിക്കും എന്ന്.. ഞാൻ ആലോചിച്ചു എന്തൊരു ഭാവന ആണെന്ന്. അതിനു ശേഷം ഓരോ പാട്ട് കേൾക്കുമ്പോഴും ഞാൻ വരികൾ മനസ്സിലാക്കും. സാർ അത് പറഞ്ഞു തരുന്നത് വരെ ഞാൻ പാട്ട് കേൾക്കാരായിരുന്നു. പിന്നെ അതിനു ശേഷം പാട്ട് “ആസ്വദിക്കുകയാണെന്നു”എനിക്ക് മനസ്സിലായി.
ഇത് പോലെ എത്രയോ കഥകൾ കേട്ടിട്ടുണ്ട്. സാർ സമയം ഉണ്ടെങ്കിൽ എല്ലാം പറഞ്ഞു തരും. അതൊക്കെ കേട്ടിരിക്കാൻ തന്നെ ഒരു സുഖാണ്. അവിടുത്തെ സരോമ്മയുടെ ഭക്ഷണം. അത് വേറെ ലെവൽ ആണ്. 3 നേരവും അവിടുന്നാണ് ഭക്ഷണം. അതൊക്കെ ആലോചിക്കുമ്പോ ഇപ്പൊ എന്തോ വല്യ നഷ്ടം പോലെ.
എന്തൊക്കെ പറഞ്ഞിട്ടെന്താ ഒരു ദിവസം അവിടുന്ന് ഇറങ്ങി. ഒരു ഓണത്തിന് ആയിരുന്നു ഇറങ്ങിയത്. ഓണത്തിന് സാർ മുണ്ടും ഷർട്ടും ഒക്കെ തന്നു. ഭയങ്കര സന്തോഷായി. കാരണം മനസ്സ് നിറയെ ആരാധിച്ച ആ സെലിബ്രിറ്റിയുടെ കയ്യിൽ നിന്നും ഗിഫ്റ് ഇങ്ങോട്ട് കിട്ടിയതിൽ ഭയങ്കര സന്തോഷം ആയിരുന്നു.
അങ്ങനെ അവിടുന്ന് ഇറങ്ങി നേരെ പോയത് കോഴിക്കോട് അപ്പുറത്തെ അറ്റത്തെ ചേവായൂരിൽ ആയിരുന്നു. അവിടെ കൈതപ്രം സാറുടെ അനുജന്റെ സ്ഥാപനം. അവിടെ ഒരു വീട് ആയിരുന്നു ഞായറാഴ്ച മാത്രം ക്ലാസ് ഉണ്ടാവും. ബാക്കി ഉള്ള ദിവസം ഇടയ്ക്ക് വിശ്വൻ സാർ ഉണ്ടാവും. അല്ലെങ്കിൽ സാറുടെ ശിഷ്യന്മാർ. അങ്ങനെ അവിടെ കുറച്ച് കാലം നിന്നു. ഇതിന്റെ ഒക്കെ അൾട്ടിമേറ്റ് എന്താണെന്ന് വച്ചാൽ ഒരു കോഴ്സ് ചെയാൻ പോയതായിരുന്നു. അത് തീർത്തു കഴിഞ്ഞപ്പോൾ ആണ് തിരിച്ച് നാട്ടിലേക്ക് വന്നത്.
കമിങ് ബാക് റ്റു ഹോം.
അങ്ങനെ നാട്ടിൽ നിന്നും ഇങ്ങനെ ഒരു വ്യവസ്ഥ ഇല്ലാതെ നടക്കുന്ന ഒരു ദിവസം രാവിലെ എണീറ്റ് അമ്പലത്തിൽ പോയി വന്നപ്പോൾ ഉണ്ട് ‘അമ്മ പറയുന്നു വിസ വന്നിട്ടുണ്ട് അടുത്ത വ്യാഴാഴ്ച പോകണം എന്ന്. ആകെ മൂന്നു ദിവസം. സ്റ്റക്ക് ആയി. പ്രിപ്പയർഡ് അല്ല. പക്ഷെ വേറെ വഴി ഇല്ല. മുന്നോട് ശൂന്യത ആണ്. ഒരു ട്വിസ്റ്റ് ഇല്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ. പിന്നെ പോകുന്നത് വേറെ എവിടെയും അല്ലല്ലോ ബുർജ് ഖലീഫയും ജുമേയ്‌റ ബീച്ചും ഉള്ള നാടല്ലേ. രാജ്യം ഒകെ കണ്ടിട്ട് വരാം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ പറയാൻ പറ്റുന്നവരോടൊക്കെ പറഞ്ഞു. കുറെ പേരോട് പറഞ്ഞിട്ടില്ല. കാരണം എനിക്ക് തന്നെ വിശ്വാസം ഇല്ല ഞാൻ നാട് വിടുവാണ് എന്ന് ചിന്തിച്ചപ്പോ.പിറ്റേന് പുലർച്ചെ 3 മണിക്ക് ഇറങ്ങണം 8 മണിക്ക് കോഴിക്കോട് ആണ് ഫ്ലൈറ്റ്. പറ്റുന്ന പോലെ എല്ലാം എടുത്ത് വച്ച് കിടന്നുറങ്ങി. രാവിലെ തമ്പുരാന്റെ അടുത്ത് പോവാൻ എണീക്കുന്ന അതെ സമയം മനസ്സില്ലാ മനസ്സോടെ എണീറ്റ് റെഡി ആയി. ആരോടും യാത്ര പറയാൻ നിന്നില്ല എല്ലാം ഒരു സ്വപ്നം പോലെ വണ്ടിയിൽ കയറി ഇരുന്നു. അച്ഛനും വന്നു. വണ്ടിയിൽ നല്ല ഉറക്കം ഉറങ്ങി. ഉള്ളിൽ നെഞ്ച് പൊട്ടുന്ന സങ്കടം. എന്റെ വണ്ടി. എന്റെ നാട് എല്ലാം ഓരോ നിമിഷം കൂടുംതോറും പിറകിലോട്ട് പോകുകയാണ്. ഇനി അങ്ങോട്ട് പുതിയ ആൾക്കാർ. പുതിയ രാജ്യം എല്ലാം പുതിയത്. പഴയ ശീലങ്ങളും പഴയ ചിന്തകളും എല്ലാം ഫോർമാറ്റ് ചെയ്യാനുള്ള സമയം. വണ്ടി കോഴിക്കോട് എത്തി ഒരു സ്ഥലത്ത് നിർത്തി. അപ്പൊ വണ്ടിയിലെ ഡ്രൈവറും ഞാനും പുറത്ത് ഇറങ്ങി. എന്നോട് കുറച്ച് ഇപ്പുറം വിളിച്ചിട്ട് പറഞ്ഞു ” ഉണ്ണി. നീ എന്തെങ്കിലും ഒക്കെ ആവണം. അച്ഛന് വേറെ ഒന്നും അല്ല ടെൻഷൻ നിന്നെ പറ്റി ആലോചിച്ചിട്ടാണ് എല്ലാ ടെൻഷനും എന്ന്. അത് കൊണ്ട് ജോലി ഇല്ലാതെ തിരിച്ച് വരാൻ ഉള്ള അവസ്ഥ ആക്കരുത് എന്നൊക്കെ.. പോകുന്ന ടെന്ഷനിലെ തകർന്നിരിക്കുകയാണ് ഇത് കൂടി കേട്ടപ്പോ മൊത്തം ഫ്യുസും പോയി. പിന്നെ എന്താ എല്ലാം ശരിയാവും എന്ന മൈൻഡിൽ അങ്ങ് ഫ്ലൈറ്റ് കയറി. ഫ്ലൈറ്റ് പറക്കുമ്പോൾ നാട് താഴേക്ക് പോകുന്ന പോലെ നാടിനെ പറ്റിയുള്ള ചിന്തകളും മറക്കാൻ ശ്രമിച്ചു. എന്നിട്ട് ദുബായ് ഇറങ്ങി. ഇവിടെ ഒരു രണ്ടു മാസം കഷ്ടപ്പെട്ട്. അവസാനം നാട്ടിലേക്ക് തിരിച്ച് പോകാം എന്ന മൈൻഡിൽ നിൽക്കുമ്പോഴായിരുന്നു ഒരുകമ്പന്യിൽ നിന്ന് വിളിച്ചത്. ആരുടെയൊക്കെയോ അനുഗ്രഹം കൊണ്ട് ജോലിയിൽ കയറി. അവിടുന്ന് മെല്ലെ വേറെ റൂമിലേക്ക് മാറി. അതിനു ശേഷം സംഭവിച്ചത്.
സമയം അഞ്ചര
അലാറം അടിച്ചു
ആദ്യത്തെ ആൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി
അടുത്തത് ഞാനാ. സമയം ഒരു മിനുട്ട് വൈകിയാൽ അടുത്ത ആൾ ഡോറിൽ മുട്ടാൻ തുടങ്ങും. കുളി ഒക്കെ കഴിഞ്ഞു പുറത്ത് വന്നാൽ കിച്ചണിൽ പോയി ബ്രെഡ് ടോസ്റ്റ് ചെയ്യും.കൂടെ ഒരു കട്ടൻ ചായ.അത് കഴിച്ച് കഴിയുമ്പോൾ 7 മണി ആകും. 7 മണിയുടെ ബസ്സിന് പോയാൽ ആണ് 8 മണിക്ക് ഓഫീസിൽ എത്താൻ പറ്റു. ഓടി പിടിച്ച് ബസ് കേറിയാൽ നേരെ മെട്രോ സ്റ്റേഷനിലേക്ക്. അവിടുന്ന് മെട്രോ നേരെ ലാസ്‌റ് സ്റ്റോപ്പിലേക്ക്. അവിടുന്ന് ഒരു 20 മിനുട്ട് ആ പൊള്ളുന്ന പൊരിവെയിലത്ത് നടക്കണം. ഓഫീസിൽ എത്തുമ്പോഴേക്കും വിയർത്ത് എന്തൊക്കെയോ ആവും. പിന്നെ നേരെ എസീലേക്കാണ്. അവിടെ ഇരുന്നു വൈകുന്നേരം ആക്കണം. വൈകുന്നേരം ആയാൽ നേരെ മെട്രോയിലേക്ക് ലിഫ്റ്റ് കിട്ടും. ചിലപ്പോ റൂമിലേക്കും. മൂഡ് പോലെ ഭക്ഷണം പുറത്ത് നിന്നും കഴിക്കും. വന്നു എന്തെങ്കിലും അട്ജെസ്റ് ചെയ്യും. പിന്നെ പുറത്തൊക്കെ ഇറങ്ങി നടക്കും.. നേരെ റൂമിൽ വന്നു ഫോൺ കുത്തി കളിച്ച് ഒരു 10 മണി ആക്കും. പിന്നെ കിടന്നു അങ്ങ് ഉറങ്ങും. ഇതാണ് ആകെ എല്ലാ ദിവസവും സംഭവിക്കുന്നത്.. പിന്നെ വീക്കെൻഡ് ആയാൽ ചിലപ്പോ എവിടെങ്കിലും പോകും. ഫ്രണ്ട്സിന്റെ വീട്ടിലോ മാള്ളിലോ അങ്ങനെ എവിടെ എങ്കിലും. അങ്ങനെ എല്ലാ സമയവും ജോലി ജോലി ജോലി എന്ന് ചിന്തിച്ച് സമയം കൂട്ടും.ഏറെക്കുറെ ഇതാണ് ഓരോ പ്രവാസിയുടെയും ദിവസങ്ങൾ. പിന്നെ ആകെ സമാധാനം കിട്ടുന്നത് വീട്ടിലേക്കും ഫ്രണ്ട്സിനെയും ഫോണിൽ വിളിക്കുമ്പോൾ ആണ്.
പക്ഷെ ദുബായ് ഒകെ നാട്ടിൽ ഇരിക്കുന്നവർക്ക് കാണാൻ സുഖാണ്. കാരണം സിനിമയിൽ നല്ല നല്ല ലൊക്കേഷൻ മാത്രം കാണിച്ചല്ലേ ശീലം. ബുർജ് ഖലീഫയും കണ്ടു ഇവിടേക്ക് വന്നവർ അത് പോലെ തന്നെ ആകാശം നോക്കി ഇരിക്കാനേ പറ്റൂ . (അനുഭവം).
പണ്ട് വീട്ടിലൊക്കെ രാവിലെ എണീക്കാൻ വേണ്ടി അച്ഛനും അമ്മയും “ഉണ്ണി.. ഉണ്ണി”എന്ന് നീട്ടി വിളിക്കുമ്പോൾ ” കുറച്ച് സമയം കൂടി ഉറങ്ങട്ടെ” എന്ന് പറഞ്ഞു തള്ളി കളഞ്ഞ ഞാൻ ഇപ്പോൾ അലാറം കേട്ട് എണീക്കാൻ തുടങ്ങി.
എവിടെയെങ്കിലും പോകുമ്പോൾ ‘അമ്മ പറയും “ഭക്ഷണം കഴിച്ചിട്ട് ഇറങ്ങിക്കോ. എന്നാൽ വിശന്ന് ഇരിക്കണ്ടല്ലോ എന്ന്. പലപ്പോഴും ആ പറയുന്നത് നിഷേധിച്ച ഞാൻ ഇന്ന് സ്വന്തമായിട്ട് ഭക്ഷണം ഉണ്ടാക്കി എന്നെ തന്നെ തീറ്റി പോറ്റാൻ തുടങ്ങി. അതും ഒരു വറ്റ് പോലും വേസ്റ്റ് ആക്കാതെ. എന്താ ല്ലേ.. ജീവിതം ഒരു യൂണിവേഴ്സിറ്റി ആണെന്നും പ്രവാസം അതിലെ പോസ്റ്റ് ഗ്രാജുവേറ്റ് പഠനം ആണെന്നും മനസിലാക്കി തന്ന ദിവസങ്ങൾ.
പിന്നെ റൂമിന്റെ കാര്യം
എല്ലാരുടെയും ഒരു വിചാരം ഉണ്ട്. ദുബായിൽ വരുന്നവർ താമസിക്കുന്നത് ഒക്കെ ഫൈവ് സ്റ്റാർ റൂമിൽ ഒറ്റയ്ക്കു ആണെന്ന്. ഞാനും അങ്ങനെയാ വിചാരിച്ചത്. പക്ഷെ ഒരു റൂമിൽ.. നമ്മുടെ വീട്ടിലെ ഒരു റൂമിൽ ഒരു 10 ആൾകാർ താമസിക്കുന്നത് ആലോചിച്ചിട്ടുണ്ടോ.. ആ പറ്റും. രണ്ട് ബെഡ് താഴെയും മുകളിലും ഇട്ടു ഒരു അഞ്ചെണ്ണം. അതിൽ പല രാജ്യക്കാർ പാകിസ്താനിയും നൈജീരിയക്കാരനും മലയാളിയും എല്ലാരും ഒരു റൂമിൽ. എന്ത് രസാ ല്ലേ. പിന്നെ ഈ പത്ത് പേർക്ക് ഒരു ബാത്റൂമും. അതാണ് ജീവിതം. ഞാൻ ഇപ്പോൾ ഏകദേശം ആറു മാസം ആയി താമസിക്കുന്നു. പിന്നെ ഇവിടെ ജോലിക്ക് ഇമ്പോര്ടൻസ് ഉള്ളത് കൊണ്ട് ബാക്കി ഉള്ളതൊക്കെ സെക്കണ്ടറി ആണ്. അപ്പൊ ഇതൊക്കെ സർവ സാധാരണ ആണ്.
എവിടെയെങ്കിലും പോയി വന്നാൽ വീട്ടിൽ ആണെങ്കിൽ ഡ്രസ്സ് ഒക്കെ ഞാൻ അഴിച്ച് ഇടുന്നത് എവിടെയൊക്കെയോ ആണ്. അലക്കാനും നിൽക്കാറില്ല വേണ്ട ഡ്രസ്സ് കിട്ടിയില്ലങ്കിൽ അമ്മയെ പറഞ്ഞിട്ടുണ്ടും ഉണ്ട്. ആ ഞാൻ ഇന്ന് ഇട്ട ഡ്രസ്സ് സ്വന്തമായിട്ട് അലക്കാനും ഉണക്കാനും തേക്കാനും സമയം കണ്ടെത്തുന്നുണ്ട്.
അങ്ങനെ നാട്ടിൽ സുഹിച്ച് നടന്ന ഞാൻ ഇന്ന് പലതും പഠിച്ചു. ഗൾഫ് രാജ്യം പൈസ ഉണ്ടാക്കാൻ മാത്രം ഉള്ളതാണ്. ഇവിടെ വരുന്നവർ പലതും പല പ്രശ്നങ്ങളും പല പ്രാരാബ്ധങ്ങളും കൊണ്ട് ഇങ്ങോട്ടേക്ക് കയറ്റി അയക്കുന്നവർ ആണ്. മനസ്സ് നാട്ടിൽ വച്ചിട്ട് ശരീരം മാത്രം ആണ് ഇവിടുന്നു മെഷീൻ പോലെ പ്രവർത്തിക്കുന്നത്. ഞായറാഴ്ച രാവിലെ സ്വിച്ച് ഇട്ടാൽ വ്യാഴാഴ്ച വൈകുന്നേരം ഓഫ് ആകുന്ന മെഷീൻ.
കല്യാണത്തിന് ആരെങ്കിലും വിളിച്ചാൽ വന്നില്ലേൽ പറയും അവന് ദുബായിൽ പോയതിൽ പിന്നെ ഭയങ്കര ജാഡ ആണ്. നമ്മളെ ഒന്നും വേണ്ട. പൈസ കിട്ടിയപ്പോ നമ്മളെ ഒക്കെ മറന്നെന്നു.
സത്യാവസ്ഥ മനസ്സിലാക്കണമെങ്കിൽ ഇവിടെ വരണം. കല്യാണത്തിന് വിളിച്ചാൽ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഇടയ്ക്കൊക്കെ സാലറിയുടെ പകുതിയും ടിക്കറ്റ് റേറ്റ് ആവും. പിന്നെ ഒരു ദുബൈക്കാരൻ നാട്ടിൽ വന്നാൽ ഉള്ള ചിലവ്. എല്ലാം നോക്കുമ്പോൾ ഇവിടെ മൂടി പുതച്ച് ഉറങ്ങാൻ തോന്നും. അതൊക്കെ മനസിലാവണമെങ്കിൽ ടിക്കറ്റും എടുത്ത് ഇങ്ങോട്ടു കയറണം.അല്ലാതെ അഹങ്കാരം കൊണ്ടല്ല ഇവിടെ ജീവിക്കുന്നത്.
നാട്ടിൽ സവർണരുടെ പ്രശ്നം കേട്ടപ്പോഴാണ് ചിരി വന്നത്.. എന്റെ പേരിൽ വാര്യർ എന്നുണ്ടെന്നു വച്ച് ബാക്കി ഉള്ളവരെ വേർതിരിഞ്ഞു കാണാൻ ഒന്നും പഠിച്ചിട്ടില്ല കാരണം ഇവിടെ ആഷിഖും അറഫാതും വാര്യരും ഒക്കെ കഴിക്കുന്നത് ഒറ്റ പ്ലേറ്റിൽ ആണ്. ഉറങ്ങുന്നത് ഒരു റൂമിൽ ആണ്.. നിസ്കരിക്കുമ്പോഴും പ്രാര്ഥിക്കുമ്പോഴും എല്ലാവരും ബഹുമാനിക്കുന്ന രാജ്യമാണിത്. ഇതൊക്കെ മനസ്സിലാവാൻ പ്രവാസം നല്ലതാ..
എന്നിട്ടും ഇതൊക്കെ ഇതിന്റെ ഒരു ഭാഗമാണെന്നു വിചാരിച്ച് ദിവസം മുന്നോട്ട് കൊണ്ട് പോകുന്നവരാണ് ഓരോ പ്രവാസിയും.
കിട്ടിയ ശമ്പളം ഓരോ കാര്യത്തിന് മാറ്റി വച്ചാൽ വട്ട പൂജ്യമാണ് സേവിങ്സ്. മമ്മൂക്ക പറഞ്ഞ പോലെ കടം വാങ്ങിയും കൂട്ടി വച്ചും ഒക്കെ ആണ് ഓരോ പ്രവാസിയും മുന്നോട്ട് കൊണ്ട് പോകുന്നത്.
അത് പോലെ തന്നെ ആണ് ഇവിടെ ഉള്ള ജീവിതവും. ശരീരം എസിയിൽ ഇരുന്നു തണുപ്പിച്ച് ജോലി ചെയ്യിപ്പിക്കുന്ന രാജ്യം. ഇതൊക്കെ മെഷീൻ ചെയുന്ന പോലെ ഉള്ള പണി. ഓരോ വര്ഷം കഴിയുമ്പോഴും ആവശ്യമായ അവയവങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ കിട്ടാതാകുമ്പോ സ്റ്റോപ്പ് ആവുന്നത് പോലെ അസുഖങ്ങൾ കൂടി വരും. അത് മാത്രമാണ് ഇവിടെ ക്ഷണിക്കാത്ത അഥിതി.
ഒരറ്റം അപ്പുറത്തേക്ക് കൂട്ടി മുട്ടിക്കാനും നാട്ടിൽ രണ്ടു നില വീട് ഇവിടെ ഒരു ബെഡിൽ താമസിച്ച് സമ്പാദിച്ച് വീട്ടുകാരുടെ ഒരു ആവശ്യങ്ങളും വേണ്ട എന്ന് വച്ച് ജീവിക്കുന്ന പലരെയും ആണ് ഞാൻ ഇവിടെ കണ്ടത്.ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഓര്മ വരുന്നത് നമ്മളൊക്കെ സങ്കടപെട്ടാലും ബോസ് വഴക്ക് പറഞ്ഞാലും ജോലി പോയാലും വീട്ടുകാര് നന്നായി ജീവിക്കണം എന്ന മൈൻഡ് ആണ് ഇവിടെ എല്ലാർക്കും.
കയ്യിൽ ഒന്നും നിൽക്കില്ല എന്നറിഞ്ഞിട്ടും ഓരോ മാസം സേവിങ്സ് എന്ന് പറഞ്ഞ നാട്ടിലേക്ക് അയക്കുന്നത് മാത്രം ആണ് എല്ലാര്ക്കും മിച്ചം. പിന്നെ നാട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നതും.
അങ്ങനെ പ്രവാസി എന്ന് മുദ്ര കുത്തിയിട്ട് ഒരു വര്ഷം തികച്ചു. എന്റെ പല ശീലങ്ങളും മാറി. പല ചിന്തകളും മാറി. പലരെയും പരിചയപെട്ടു. നാട്ടിൽ നിന്നും ഇവിടെ കൊണ്ട് വന്നിട്ടും ഇന്നും ഇവിടെ എന്നെ പോലെ ഉള്ളവർ പിടിച്ച നിൽക്കണമെകിൽ എന്തോ ഈ ദുബായിൽ ആകർഷിക്കുന്നുണ്ട്. അത് എന്നെ പോലെ ബാക്കി ഉള്ളവരെയും. ജീവിതം പഠിക്കാൻ പ്രവാസം ഏറ്റവും വലിയ ഒരു പ്ലാറ്റഫോം ആണ്. അതും താഴെ തട്ടിൽ നിന്നും ഉയർന്നു വരുമ്പോൾ ആണ് ഒരു സുഖം. അങ്ങനെ കയറി വന്നവർക്ക് മാത്രമാണ് വിജയം സുനിശ്ചിതം.അങ്ങനെ ഉയർന്നു വരുമ്പോഴാണ് നമ്മളും ഒരു ഫിനിക്സ് പക്ഷി ഒക്കെ ആവണത്.
അതുൽ കൃഷ്ണ വാര്യർ

Onnum parayanilla
Nammal kanunna burj khalifa,burj khalifa allalle
😅
എഴുത്ത് നല്ല രസണ്ട്
prajithettaaa 😍
അടിപൊളി അതുലേ…. ഒന്നും പറയാൻ ഇല്ലാ.ഓരോ വാക്കുകളും വായിക്കുമ്പോൾ scene മുന്നിൽ മാറി മറയും..നല്ല വിവരണം…grt.. good job ബ്രോ..keep it up…
സുനീഷേട്ടാ..😍😍🙏🏻
Onnum parayanilla mwonoose, nammude
Jeevitham oru timelapsil kanda pole ind 👌
😍😍😍😍
പ്രവാസ ജീവിതത്തിന്റെ മറയില്ലാത്ത സത്യങ്ങൾ . അക്ഷരാർത്ഥത്തിൽ വളരെ ശെരി തന്നെ
എന്റെ എല്ലാ ഭാവുകങ്ങളും അതുൽ
മോനേ😥❤️❤️❤️❤️