/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins 5 year since…. - ║കുത്തിക്കുറിപ്പുകൾ║

5 year since….

എഴുത്തിലൂടെ… ✍🏻

തിന്നിട്ട് എല്ലിന്റിടയിൽ കുടുങ്ങിയ സമയത്താണ് ഒരു ദിവസം രാവിലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരാഴ്ച തികച്ചുമില്ലാത്ത ഫ്ലൈറ്റ് ടിക്കറ്റും വിസിറ്റ് വിസയും കാണിച്ച് അച്ഛൻ ദുബായ് സജ്ജെസ്റ് ചെയ്തത്. ഒരുപക്ഷെ ജീവിതത്തിൽ ഇങ്ങനെയൊരു സജ്ജഷൻ ഇല്ലായിരുന്നെങ്കിൽ ഇന്നീക്കാണുന്ന ഞാനായിരിക്കില്ലെന്നുറപ്പാണ്. നെയ്പായസവും ഗണപതിഹോമ പ്രസാദവും അമ്പലങ്ങളും ഉത്സവപ്പറമ്പും ആനയും ചെണ്ടയും തെയ്യവും ഭാഗവത സപ്താഹവുമായി ശരാശരി അമ്പലവാസിയായി ഒതുങ്ങികൂടേണ്ട എന്നെ പുറംലോകത്തേക്കയച്ചപ്പോൾ മനസ്സൊക്കെ ആദ്യത്തെ ഒന്ന് രണ്ടു വര്ഷം മരുഭൂമിയുടെ ചൂടേറ്റു വാടിയെങ്കിലും പിന്നീടുള്ള സന്ദർഭങ്ങളിൽ മധുരവും കൈപ്പുമേറിയ അനുഭവങ്ങളും പരിചയപെട്ടവരുടെ വാക്കുകളും അവരോടപ്പമുള്ള ഓർമകളും എല്ലാം കൊണ്ടും നാട് വിട്ടെന്ന ചിന്തയിൽ നിന്നും ഒരുപാട് മാറ്റിയെടുത്തു. വിസയുടെ കാലാവധി കഴിയേണ്ട അവസാന ആഴ്ചയായിരുന്നു കമ്പനിയിലേക്കുള്ള വിളി വരുന്നത്, നേരെ കയറി ചെന്നത് ഒരു അറബി മാനേജരുടെ മുന്നിലേക്കാണ്. അവർക്കവിടെ വെബ്സൈറ്റും കംപ്യൂട്ടറൊക്കെ അറിയാവുന്ന ഒരാളെ വേണമത്രേ.. ഒന്നും നഷ്ടപെടാനില്ല മണ്ഡലകാലം തുടങ്ങുന്ന അടുത്ത ആഴ്ച നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണെന്ന ചിന്തയിൽ എന്തൊക്കെയോ ചോദിച്ച സമയത്ത് അറിയാവുന്ന പോലെ ഓരോ കാര്യങ്ങളും പറഞ്ഞെങ്കിലും , “യാ ഹബീബി” അടുത്ത ആഴ്ച ജോലിക്ക് കയറിക്കോ എന്ന് കേട്ടപ്പോൾ മൊത്തത്തിൽ കിളി പാറി “അടിച്ചു മോനേ” എന്ന അവസ്ഥയായിരുന്നു. പക്ഷെ അവരോട് സംസാരിച്ചു ശരിയാവാത്ത കാരണം ആദ്യത്തെ മാസം തന്നെ ഇറങ്ങി ഓടിയാലോ വിചാരിച്ചെങ്കിലും അന്നവിടെ കൂടെ ഉണ്ടായവരാണ് “ഇത് ഗൾഫാണ് ഇവിടിങ്ങനാണ് പിടിച്ചു നിന്നവർ മാത്രമേ രക്ഷപെട്ടിട്ടുള്ളു” എന്ന് പറഞ്ഞു സമാധാനിപ്പിച്ചത്. രാവിലെ ഭക്ഷണം കഴിക്കാൻ സമയമില്ലാത്ത കാരണം മെട്രോയിൽ നിന്നും ഒരു കട്ടൻ ചായയും പേരിനെങ്കിലും “ഗുഡ് ഡേ” ബിസ്കറ്റ് കഴിച്ച കാലം. ഇതിനിടെ കൊറോണ സമയത്ത് വെക്കേഷന് നാട്ടിലേക്ക് പോയി ആറു മാസം നാട്ടിലായിരുന്നു. പക്ഷെ തിരിച്ചു വന്നപ്പോഴാണ് ഒരു അനുഗ്രഹം പോലെ ദുബായ് എക്സ്പോ തുടങ്ങിയത്. തുടങ്ങിയ രണ്ടാമത്തെ ആഴ്ച്ച മുതൽ എല്ലാ ഒഴിവു ദിവസവും രാവിലെ ഒറ്റയ്ക്കിറങ്ങിയാൽ രാത്രി വരെ അവിടെയുള്ള കാഴ്ചകൾ കണ്ടു തിരിച്ചു വരുന്ന കാലം. ഒരുപക്ഷെ ഈ കാണുന്ന ഞാനായി മാറ്റിയത് എക്സ്പോയിലെ അനുഭവങ്ങളാണ്. ആരും കൂടെയില്ലാതെ പുറത്തു പോകാത്ത എന്നെ ഒറ്റയ്ക്ക് സിനിമ കാണാനും ഹോട്ടലിൽ പോയി ഒറ്റയ്ക്കു ഇഷ്ടഭക്ഷണം കഴിക്കാനും പഠിപ്പിച്ച കാലം. പക്ഷെ വലിയൊരു ട്വിസ്റ്റ് എന്താണെന്നു വച്ചാൽ പോയത് എപ്പോഴും ഒറ്റയ്ക്കാണെങ്കിലും എക്സ്പോ കഴിഞ്ഞു തിരിച്ചു വന്നത് ഒരുപാട് പുതിയ സൗഹൃദങ്ങൾ കൊണ്ടായിരുന്നു. അറിയാത്തവരോട് അങ്ങോട്ട് കയറി സംസാരിക്കാനും പുതുതായി ആരെയൊക്കെയോ പരിചയപ്പെട്ടതും അവരുടെ കഥകൾ കേൾക്കുന്നതും ഈ സമയത്താണ്. ഞാൻ അറിയാതെ പോയ എന്റെ ഈ എഴുതാനുള്ള കഴിവ് മനസ്സിലാക്കി ഇങ്ങനൊരു എഴുത്തുകാരനായി അറിയപ്പെടാനും അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതാനും കാരണം അങ്ങനെ സംഭവിച്ച പരിചയപ്പെടലുകളാണ്. ആദ്യമായി എഴുതിയ “ബുർജ് ഖലീഫ നമ്മൾ കാണുന്ന പോലെയല്ല ഷാജിയേട്ടാ” എന്ന അനുഭവ കഥയിൽ വായിച്ചപ്പോൾ മറ്റുള്ളവർക്ക് സാമ്യത തോന്നിയത് കാരണം നാട്ടിൽ പറഞ്ഞു കേട്ട ഗൾഫിനു വേറൊരു മുഖം കൂടിയുണ്ടെന്ന് കാണിച്ചു കൊടുത്തപ്പോൾ ലഭിച്ച അഭിനന്ദന പ്രവാഹം അടുത്ത കഥക്കുള്ള പ്രചോദനമായി.അതിലൂടെ ഓർമകളും അനുഭവങ്ങളും തീയിൽ കുരുത്തപ്പോൾ അതൊക്കെ എഴുതാനുള്ള വാക്കുകളായി മാറി. ഇതിലുപരി എനിക്ക് എഴുതാനുള്ള പുസ്തകവും പേനയും വാങ്ങി തന്നു “എഴുത് വാര്യരെ” എന്നും പറഞ്ഞു കുഴി മടിയനായ എന്നെ എഴുത്തിന്റെ ലോകത്തേക്ക് തള്ളി പറഞ്ഞയച്ചവർക്കും കൂടെ ഇടയ്ക്കിടയ്ക്ക് “കഥ എവിടെ വാര്യരെ” എന്ന് അന്വേഷിക്കുന്നവർക്കും ഒരായിരം നന്ദി (ഉപകാരസ്മരണ). നാട്ടിൽ നിന്നും ഓരോരുത്തരും അയച്ചു തരുന്ന പായസത്തിന്റെയും ഉത്സവത്തിന്റെയും വിഡിയോയും ഫോട്ടോയും കാണുമ്പൊൾ നാട് വിട്ടു നിൽക്കുന്ന ചിന്ത ഇടയ്ക്കിടെ കയറി വരുമെങ്കിലും നല്ലോണം സങ്കടം വന്നാൽ കല്യാണരാമനിൽ പോഞ്ഞിക്കര പപ്പടം കാച്ചുന്ന പോലെ എന്തെങ്കിലുമൊക്കെ കുത്തി കുറിക്കും.. പിന്നെന്താ… എന്തും ദൂരെ നിന്ന് കാണുമ്പോഴാണ് ഭംഗി എന്ന് പലപ്പോഴും തോന്നാറുണ്ട്. കാരണം ലാലേട്ടൻ പറഞ്ഞ പോലെ കണ്ടത് മനോഹരം കാണാത്ത അതിമനോഹരം എന്നാണല്ലോ.. ഈ അഞ്ചു വർഷത്തെ യാത്ര ഇത്രയധികം സന്തോഷപൂർണമാക്കിയ ഓരോരുത്തർക്കും വെറുപ്പിച്ചു കയ്യിൽ തരുന്ന എന്നെയൊക്കെ ഇത്രയധികം സഹിക്കുന്നവർക്കും ഒരായിരം നന്ദി.. നിങ്ങൾക്കൊക്കെ അങ്ങനെ തന്നെ വേണം. 😍❤️❤️ #athulkwarrier #athulkrishnawarrier #malayalam #kathakal

About the author

Leave a Reply

Your email address will not be published. Required fields are marked *