/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins കാക്കാംകോവിലപ്പന്റെ ശിവരാത്രി - ║കുത്തിക്കുറിപ്പുകൾ║

കാക്കാംകോവിലപ്പന്റെ ശിവരാത്രി

ഉണ്ണീ .. രാജീവനെ വിളിച്ചു മാല കെട്ടാൻ കുറച്ച് കവുങ്ങിന്റെ പൂക്കൊല കൊണ്ടു തരാൻ പറ.. ഇളനീരും വേണം .. മഹാദേവന് നാളെ അഭിഷേകം വേണ്ടേ.. പിന്നെ ചിറ്റോത്തിടത്ത് പോയാൽ നല്ല കൂവളം കിട്ടും. അതും പോയി കൊണ്ട് വാ.

ശിവരാത്രി ആണെങ്കിൽ തലേന്ന് തുടങ്ങും ഒരുക്കങ്ങൾ. ചന്ദ്രൻ വൈദ്യരുടെ കടയിൽ ആനന്ദേട്ടൻ ഒരുക്കി വച്ച സാധങ്ങൾ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ചാൽ അതിലുണ്ടാവും തിരിയും എണ്ണയും കർപ്പൂരവും ചന്ദനത്തിരിയും..ഓരോന്ന് അമ്പലത്തിലെത്തിച്ചു കിടന്നുറങ്ങിയാൽ പിന്നെ കോളാമ്പിയിൽ എസ് പി ബിയുടെ ശബ്ദത്തിൽ “പ്രഭും പ്രാണ നാദം”കേൾക്കുമ്പോഴാണ് രാവിലെ അറിയുന്നത് …

ഉണ്ണി.. മേൽശാന്തി വന്നേ..

ഓടി പോയി കുളിച്ചു മുണ്ടുടുത്തു ഇളനീരും തിരിയും എണ്ണയും അമ്പലത്തിലേക്ക് എത്തിക്കണം. തലേന്ന് ഒരുക്കി വച്ച് നെയ്യമൃതും നെയ് വിളക്കും എല്ലാം എടുത്തു കൊണ്ട് വന്നു പുറത്തെ മേശയിൽ ഇരിക്കും. വഴിപാട് രശീത് മുറിക്കുമ്പോൾ ഓരോന്നായി എടുത്തു കൊടുക്കണം. പുഷാഞ്ജലി ആണേൽ മാത്രം മേൽശാന്തിക്ക് കൊടുത്താൽ അദ്ദേഹം ചെയ്യും..

ശിവരാത്രി ദിവസം രാവിലെ തന്നെ കുറേ യാമപൂജകളുണ്ട്. കൃത്യം കണക്കറിയില്ലെങ്കിലും ഓരോ നിശ്ചിത സമയം കഴിയുമ്പോഴാണ് പൂജ. അന്ന് രാവിലെ തുറന്ന നട അടക്കുന്നത് പിറ്റേന്ന് രാവിലെയാണ്. അതിനിടയിലാണ് ഓരോ സമയം ഇടവിട്ടു ഓരോ നിവേദ്യവും പൂജയും ഉള്ളത്.അതുകൊണ്ട് തന്നെ പിറ്റേന്ന് രാവിലെ വരെ മേൽശാന്തി അമ്പലത്തിൽ തന്നെയായിരിക്കും.

രാവിലത്തെ കൗണ്ടർ ജോലി കഴിഞ്ഞാൽ പിന്നെ അകത്ത് വന്നു നിവേദ്യം വാങ്ങി നേരെ വീട്ടിലേക്കാണ്.. വീട്ടിലെത്തിയാൽ എല്ലാവരും കൂടി വൈകുന്നേരത്തേക്ക് വേണ്ട മാല ഒരുക്കുന്നത് കാണാം.ചിലപ്പോ തൂക്കുമാല കെട്ടേണ്ടി വരും അല്ലേൽ മാലകെട്ടാനുള്ള പൂ ആഞ്ഞിട്ട് കൊടുക്കണം അതും അല്ലേൽ ദർഭപ്പുല്ല് കഴുകി കൊടുക്കണം അങ്ങനെ എന്തേലുമൊക്കെ പണികളുണ്ടാവും. അപ്പോഴേക്കും ഉച്ച കഴിയും.

ഉച്ച കഴിഞ്ഞാൽ പിന്നെ തലേന്ന് തന്നെ കാർത്തിയേച്ചി കഴുകി വച്ച തൂക്കുവിളക്കൊക്കെ അളവ് നോക്കി തൂക്കണം.. ഓരോന്നായി കൊണ്ട് വന്നു അളവ് കൃത്യമാക്കി തൂക്കി.കെട്ടി വച്ചതോ കൊണ്ടുവന്നതോ ആയ തൂക്കുമാലയും തൂക്കുമ്പോഴാണ് നാലമ്പലം നിറഞ്ഞു നില്കുന്നത്.. എന്നിട്ട് ഇന്നലെ കൊണ്ടുവന്ന തിരി അഞ്ചെണ്ണമായി ഓരോ തൂക്കു വിളക്കിലും ഇടണം കൂടെ എണ്ണയും ഒഴിച്ച് വയ്ക്കണം. അപ്പോഴേക്കും ദീപാരാധന സമയമാകും. നേരെ ഓടിപോയി കുളിച്ചു വന്നു മൂന്നു തിരി കത്തിച്ചാൽ വീണ്ടും കൗണ്ടർ ഡ്യൂട്ടി. നെയ്യമൃതും നെയ്വിളക്കും എടുത്തു കൊടുക്കണം. ഇതൊന്നും ഒറ്റയ്ക്കല്ല.. അതുല്യയോ കണ്ണനോ കൂടെയുണ്ടാവും.. അവരുണ്ടെങ്കിൽ കൗണ്ടറിൽ അവരെ ഇരുത്തും. കെടുന്ന തിരികളൊക്കെ കത്തിക്കാനും.. കത്തി കഴിഞ്ഞ നെയ്‌വിളക്ക് കൊണ്ടുവന്നു വൃത്തിയാക്കി കൗണ്ടറിൽ കൊടുക്കാനും അങ്ങനെ പോവും ഓരോ തിരക്കുകൾ.

അപ്പോഴേക്കും ഭഗവാന് ഇളനീർ അഭിഷേകം തുടങ്ങിയിട്ടുണ്ടാവും.. അമ്പലമുറ്റത്ത് ഉണക്കി വച്ച ചാണകം കത്തിച്ചു ഭസ്മം ഉണ്ടാക്കാറുണ്ട്.. ശിവരാത്രിക്കാണ് പതിവായി അമ്പലത്തിലേക്ക് ആവശ്യമുള്ള ഭസ്മം ഉണ്ടാക്കുന്നത്. അത് കഴിഞ്ഞാൽ നിവേദ്യത്തിനു ശേഷം കൊടുക്കുന്ന പാനകത്തിനായിട്ടുള്ള കാത്തിരിപ്പ് .. തടുപ്പള്ളിയിൽ നിന്നും പാനകം പുറത്തെത്തിച്ചാൽ പിന്നെ ഗ്ലാസ് വിതരണമാണ്.. ഓരോരുത്തർക്ക് പാനകം കൊടുത്തു തിരക്കൊഴിഞ്ഞാൽ ഒരു ഗ്ലാസ് കുടിക്കും. നല്ല എരിവും ചൂടും കൊണ്ട് പ്രത്യേക രുചിയാണ് ശിവരാത്രിക്ക് പ്രസാദമായി കിട്ടുന്ന “പാനകം”.

രാത്രി ഒൻപത് മണിയൊക്കെ ആയാൽ തിരക്ക് കുറയും.. വീട്ടിലൊക്കെ പോയി പിന്നീട് വരുന്നത് അർധരാത്രി പൂജയ്ക്കാണ്… പണ്ടൊക്കെ രാത്രിയായാൽ വൃതമെടുത്ത കുറെപേരെയും കാണാം.. ഉറക്കൊഴിയാൻ വേണ്ടി ഗോപുരത്തിലിരുന്നു നാമജപവും ഏതേലും ഗ്രന്ഥങ്ങളും വായിക്കുന്നതും കേൾക്കാം..അപ്പോഴേക്കും അത്താഴ പൂജയ്ക്കുള്ള സമയാവും.. നേരെ വിളക്കുകൾ അഞ്ചു തിരി കത്തിച്ചു പൂജയ്ക്കായി കാത്തിരിക്കും..

രണ്ടു കാര്യങ്ങൾക്ക് വേണ്ടിയാണ് ശിവരാത്രി ദിവസത്തെ അർധരാത്രി പൂജയ്ക്കായി കാത്തിരിക്കുന്നത്. ഒന്ന് അന്ന് നടക്കുന്ന അർധരാത്രി പൂജ മാത്രമാണ് നട തുറന്നിട്ട് ചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് അങ്ങനെ പൂജ ചെയ്യുന്നത് എന്നാണ് എന്റെ ഓർമ..രണ്ടാമത് പ്രസാദമായി കിട്ടുന്ന അപ്പത്തിന് വേണ്ടിയും. അതിന് പ്രത്യേക സ്വാദാണ്.. അർധരാത്രി പൂജ കഴിഞ്ഞാൽ പിന്നെ പിറ്റേന്നു രാവിലെയുള്ള പൂജയോടെ ഈ വർഷത്തെ ശിവരാത്രി യാമ പൂജകളും ചടങ്ങുകളും കഴിഞ്ഞു. കാത്തിരിപ്പാണ് അടുത്ത ശിവരാത്രിക്കായി …

About the author

Leave a Reply

Your email address will not be published. Required fields are marked *