ഉണ്ണിയേട്ടാ.. എപ്പാ നമ്മൾ ഒറ്റപ്പാലത്തേക്ക് പോവുന്നത്..
നമ്മളാ..
അങ്ങനെ പറയല്ലപ്പാ.. ഏയ്..
നീ ഇപ്പോഴേ റെഡിയായാ..
എന്റെ ഉണ്ണീ.. ഞായറാഴ്ച ശ്രുതിടെ നിശ്ചയമാണ് ഇരിട്ടിയിൽ.. ഇവനോട് രണ്ടു ദിവസം മുന്നേ പോവാൻ പറഞ്ഞപ്പോ തുടങ്ങിയതാ.. “എനിക്ക് ഉണ്ണിയേട്ടന്റെ കൂടെ ഒറ്റപ്പാലം പോവാനുണ്ട്. ഞാൻ അന്ന് രാവിലെ എത്തിക്കോളാം…” എന്ന് ഇന്ദു ചിറ്റ.. (കണ്ണന്റെ ‘അമ്മ)
ഇവനോട് എന്തോ സംസാരത്തിൽ വണ്ടി കൊണ്ടുകൊടുക്കാൻ ചിലപ്പോ ഒറ്റപ്പാലം പോവേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ ഇവനെ കൂട്ടും എന്നൊന്നും പറഞ്ഞില്ല..
ഞാനും വരും.. നമക്ക് പോവാ.. ഒരു ലോങ്ങ് ട്രിപ്പ് ഒക്കെ അടിക്കേണ്ട എന്നൊക്കെ പറഞ്ഞൊരു കള്ള ചിരി.
ചിലപ്പോ ഗുരുവായൂരും പോവും.. സമയം പോലെ..
എന്നാ അവനും വന്നോട്ടെ.. അമ്പലത്തിലേക്ക് പോകാനുള്ള ചിന്ത ഒന്നും ഇല്ല ഇപ്പൊ.. അങ്ങനെ എങ്കിലും തൊഴട്ടെ ഗുരുവായൂരോക്കെ..
ആ ബെസ്റ്.. വരുണിനു പിന്നെ പണ്ടേ ഇല്ല.. നല്ല ടീമ്സിനെ കൂട്ടിട്ടാണ് പോണത്.. കണ്ടറിയണം..
വരുണിനോട് എപ്പഴാ ലീവെന്നു ചോദിച്ചു..
നിങ്ങൾ പറ ഞാൻ അന്ന് എത്താം എന്നായിരുന്നു അവന്റെ മറുപടി..
ഇവിടെ രണ്ടുപേരെ പരിചയപെടുത്താനുണ്ട്.. ഒന്ന് വരുൺ മറ്റേത് കണ്ണൻ ..
ആദ്യത്തേത് അമ്മയുടെ അനിയത്തിയുടെ മോൻ മറ്റേത് അച്ഛന്റെ അനിയന്റെ മോൻ.. അതിൽ കണ്ണനെ ഞാൻ പണ്ട് എടുത്തു നടന്ന ചെക്കനാണ് എന്നതാണ് വലിയ ഹൈലൈറ്റ്..
അങ്ങനെ യാത്ര വെള്ളിയാഴ്ച അതിരാവിലെ അഞ്ചുമണിക്ക് നിശ്ചയിച്ചു. വരുൺ ജോലി കഴിഞ്ഞു വൈകിയത് കൊണ്ട് അവന്റെ മയിൽവാഹനം (മാരുതി 800, എന്നെ എപ്പോഴും നൊസ്റ്റു അടിപ്പിക്കുന്ന വണ്ടി) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തു ഒരുമിച്ചു പോവാം എന്നായി പ്ലാൻ..
അങ്ങനെ പ്ലാനിങ് ഒക്കെ സെറ്റ്.. രാവിലെ നാലരയ്ക്ക് കണ്ണൻ വിളിക്കാൻ തുടങ്ങിയതാ. ഞാൻ ആണേൽ ഉറങ്ങി പോയി. ചെക്കൻ അഞ്ചുമണിക് കുളിച്ച് റെഡിയായി ഒരേ വിളി..
തോർത്തെടുത്ത് ഓടി പോയി കുളിച്ചു ‘അമ്മ തന്ന ഒരു ഗ്ലാസ് ചായയും കുടിച്ചു വണ്ടി എടുത്ത് വിടുമ്പോൾ സമയം അഞ്ചര.. ഇവിടുന്നു പുറപ്പെട്ടെന്നു വരുണിനെ വിളിച്ചു പറഞ്ഞു.. തറവാടിന് മുന്നിലെത്തിയപ്പോൾ കണ്ണൻ കുളിച്ചു റെഡിയായി നിൽക്കുന്നുണ്ട്.. ഇന്ദു ചിറ്റയോട് ടാറ്റയും കാണിച്ചു ഇടയ്ക്കിടയ്ക്ക് ഓരോ ക്ലിപ്പ് എടുത്തു വച്ചോ നമുക്കൊരു വീഡിയോ ഉണ്ടാക്കണം എന്ന് പറഞ്ഞു കണ്ണന് ഫോണും കൊടുത്തു യാത്ര നേരെ കണ്ണൂരേക്ക്..
പ്ലേയ്‌ലിസ്റിൽ യാദൃശ്ചികമായി ഹരീഷേട്ടന്റെ “രംഗ പുര വിഹാര” വന്നപ്പോൾ വൈബായി… പുറത്തെ നല്ല തണുത്ത കാലാവസ്ഥയിൽ പാട്ടും കേട്ട് ഗിയർ മൂന്നിലും നാലിലും അഞ്ചിലും മാറി മാറി ഇട്ട് പോവുമ്പോൾ കിട്ടുന്ന ഫീൽ.. നേരെ റെയിൽവേ മുത്തപ്പന്റെ മുന്നിൽ നിന്നും വരുണിനെയും കൂട്ടി യാത്ര നേരെ ഗുരുവായൂരേക്ക്..
പിള്ളേരുടെ കൂടെ പോകുമ്പോൾ ഭയങ്കര രസാണ്.. സംസാരിക്കുന്നതൊക്കെ വല്യ വല്യ കാര്യങ്ങളായിരിക്കും. അങ്ങനെ ഓരോന്ന് സംസാരിച്ചു പോവുമ്പോഴാണ് എന്തുകൊണ്ട് ഒരു ചായ കുടിച്ച യാത്ര തുടർന്നൂടേ എന്നൊരു ചോദ്യം കണ്ണൻ മുന്നിലേക്ക് വച്ചത്.. അതിനെന്താ എന്നും ചോദിച്ചു കൊടുവള്ളി പാലം കഴിഞ്ഞുള്ള റോഡ് സൈഡിലെ ചായക്കടയിൽ സൈഡ് ആക്കി മൂന്ന് ചായ പറഞ്ഞു..
ഈ കണ്ണനെയും വരുണിനെയും വർഷങ്ങൾക്ക് ശേഷം ഈ കല്യാണത്തിന് ഒരു മാസം മുന്നെയാണ് ഇത്രയധികം ദിവസം ഒരുമിച്ചു കിട്ടുന്നത്. അതുകൊണ്ട് തന്നെ ഏകദേശം വൈബൊക്കെ മനസിലായിരുന്നു. ഇതിൽ ചാ എന്ന് പറയുമ്പോ ചായ എന്നത് അല്ലേൽ പോലും പിന്നെന്താ സ്ട്രോങ്ങ് ആയിക്കോട്ടെ എന്ന് പറയുന്നത് കണ്ണനാണ്. വരുൺ ആണേൽ വേണോ. കുടിക്കാം.. വേണ്ടേ വേറെ നോക്കാം ടൈപ്പും.. എന്നാലും രണ്ടും പറ്റിയ ടീമാ..

ഗുപ്തനെ പോലെ ഊതി ഊതി കുടിക്കുന്ന കണ്ണനോട് പെട്ടെന്ന് കുടിച്ചിട്ട് വന്നാൽ പെട്ടെന്ന് ഗുരുവായൂർ എത്തി ജഗണ ജഗണതാ എന്ന പാട്ടിൽ റീല് എടുക്കാമെന്ന് പറഞ്ഞു പൈസയും കൊടുത്തു യാത്ര തുടർന്നത് നേരെ പെട്രോൾ പമ്പിലേക്ക്.. എന്തോ അന്ന് മാഹി പാലം അടച്ചപ്പോ വേറെ ഏതൊക്കെ വഴിയിലൂടെ പോയി മൂന്നു പേരും “വഴി തെറ്റി ഗയിസ്”. വണ്ടിയിലെ പെട്രോൾ തീരാനായി എന്നത് വേറൊരു സീൻ.. ഇതൊരു ഒറ്റ പെട്ട സംഭവം ആണെന്നും ഇങ്ങനെയുള്ള അവസരങ്ങളിൽ ആത്മവിശ്വാസം നഷ്ടപെടരുതെന്നും കണ്ണൻ ഇടയ്ക്കിടയ്ക്ക് പിറകിലിരുന്നു ഓര്മിപ്പിക്കുന്നുണ്ട്.
അങ്ങനെ മാപ്പും നോക്കി നഷ്ടപെട്ട വഴി തിരിച്ചു പിടിച്ചു പെട്രോൾ പമ്പിൽ നിന്നും “പൈസ പോട്ട്.. പവർ വരട്ടെ” എന്ന മൈൻഡിൽ ഫുൾ ടാങ്ക് അടിച്ചു നേരെ കയറിയത് ചീറി പായുന്ന മാഹി ബൈപാസിലേക്ക്..
ആദ്യായിട്ടാണ് മാഹി ബൈപാസിൽ ഓടിക്കുന്നത് അതിന്റെ അഹങ്കാരം കാണിക്കാൻ 120 പിടിച്ചു പോയപ്പോഴാണ് ഗയിസ് അടുത്ത പണി കിട്ടിയത്.. ഗ്ലൂ കൊണ്ട് ഒട്ടിച്ചു വച്ച ഡ്രൈവർ സൈഡിലെ ബമ്പർ പുറത്തേക്ക് വന്നു.. മ്യാരക സീൻ. എന്തോ ആരുടെയോ ഭാഗ്യം കൊണ്ടും വണ്ടികൾ കുറവായത് കൊണ്ടും സ്പീഡ് കുറച്ചു സൈഡ് പിടിച്ചു അടുത്ത ജങ്ക്ഷനിൽ നിർത്തി പരിശോധന തുടങ്ങി..
ആ ജങ്ക്ഷനിൽ ആണെങ്കിൽ രാവിലെ ജോലിക്ക് പോകുന്നവരും അല്ലാത്തവരും ഉള്ളൊരു ബസ്റ്റോപ്പായിരുന്നു. നിർത്തിയ ബസ്സിൽ നിന്നും പോകുന്നവരും വരുന്നവരും നമ്മളെ നോക്കുന്നുണ്ട്.. അതിനിടയിൽ
ഗയിസ് ഞങ്ങൾ വീണ്ടും ട്രാപ്പിലാണ്.. വണ്ടിയുടെ ബമ്പർ പുറത്തേക്ക് വന്നു ഗെയിസ്. നമ്മൾ എന്ത് ചെയ്യും എന്നറിയില്ല.. യാത്ര തിരിച്ചു പോവുമോ.. സ്റ്റേ ട്യൂൺ.. എന്ന് പറഞ്ഞു അവൻ റീച് ഉണ്ടാക്കുന്നുണ്ട്.
എന്നാ ചെയ്യാ.. എന്ന് വരുൺ..
ആ ബമ്പർ നമുക്ക് ഊരി വച്ചാലോ.. എന്നും പറഞ്ഞു ഒരു സൈഡ് കയ്യിൽ വന്നു. പക്ഷെ മറ്റേ ഭാഗം കിട്ടാൻ സ്റ്റാർ സ്ക്രൂ ഡ്രൈവർ വേണം..
എവിടുന്നു കിട്ടാനാ എന്നും പറഞ്ഞു കണ്ണനും വരുണും അവിടെ കണ്ടൊരു ബൈക്ക് ചേട്ടനോട് ചോദിച്ചു. ചേട്ടൻ വന്നു നോക്കി.. കയ്യിൽ ഇല്ലെന്നു പറഞ്ഞു തിരിച്ചു പോയി. അവർ വീണ്ടും ദൂരെ ഒരു കടയിൽ പോയി നോക്കി. ലോട്ടറി കടയും ഹോട്ടലും എല്ലാ സ്ഥലത്തും കയറി ഇറങ്ങി. എന്തായി എന്ന് ആംഗ്യം ചോദിച്ചപ്പോ ദൂരെ നിന്നും ഇല്ല എന്നാണ് വരുണിന്റെ മറുപടി. ഞാൻ പറ്റുന്ന പോലെ നോക്കിയപ്പോൾ അവർ ഒരു അഞ്ചാറുപേരെ കൂട്ടി തല്ലാനെന്ന പോലെ ദൂരെ നിന്ന് വരുന്നുണ്ട്. കൂടെ ഉള്ളതെല്ലാം ഒരു ഗുണ്ടാ ലൂക്ക് ടീം.. ഇനീപ്പോ ഒറ്റപ്പാലം കൊണ്ടൊവാം എന്ന് പറഞ്ഞു പറ്റിച്ചതിനു പിള്ളേർ കൊട്ടേഷൻ കൊടുത്തതാണോ എന്ന് വരെ ഒരുനിമിഷം വിചാരിച്ചു. അവർ വന്നു സംഭവം നോക്കി.. കൂടെ ഉള്ള ഒരാളുടെ കയ്യിൽ സ്ക്രൂ ഡ്രൈവർ ഉള്ളത് കൊണ്ട് രക്ഷപെട്ടു എല്ലാവരോടും താങ്ക്സ് പറഞ്ഞു വണ്ടിയിൽ കയറി..
അല്ലടാ നീ ഇത് എവിടുന്നാ ഇത്രേം പേരെ കൊണ്ട് വന്നത്.. ഞാൻ പേടിച്ചു വരവ് കണ്ടിട്ട്..
ഞാൻ എന്ന ചെയ്യാ.. സ്ക്രൂ ഡ്രൈവർ ചോദിച്ചതേ ഓര്മയിലുള്ളൂ.. ആ ബസ്റ്റോപ്പിൽ എല്ലാരും കൂടി വരും എന്ന് എനിക്ക് അറിയുമോ..
അടിപൊളി.. ഇത്പോലെ സഹായിക്കുന്ന ആൾക്കാരാണ് നമുക്ക് വേണ്ടത്. ഒന്നുമില്ലെങ്കിലും ഒരു പ്രശ്നം വന്നപ്പോ ആരാണെന്നു പോലും അറിയാതെ ഇരുന്ന സ്ഥലത്തു നിന്ന്എണീറ്റ് വന്നു നോക്കിയില്ലേ. അത് തന്നെ വല്യ കാര്യാ..
ശരിയാ അവർ വന്നില്ലേൽ നമ്മുടെ യാത്ര ഇവിടെ തീർന്നേനെ..കണ്ടന്റ് കുറഞ്ഞേനേ എന്ന് കണ്ണൻ..
ഈ യാത്രയുടെ പ്രത്യേകത എന്താണെന്നു വച്ചാൽ പല വട്ടം കോഴിക്കോടേക്ക് ബൈക്ക് എടുത്തു പോയിട്ടുണ്ടെങ്കിലും ആറുവരിപ്പാതയുടെ പണി നടക്കുന്നത് കാരണം സർവീസ് റോഡിലായിരുന്നു യാത്ര. അതുകൊണ്ട് തന്നെ കോഴിക്കോട് എത്തുന്നത് വരെ സ്ഥലങ്ങൾ ഒന്നും മനസ്സിലാവുന്നുണ്ടായിട്ടില്ല..
അല്ല ഡാ ഭക്ഷണം കഴിക്കണ്ടേ നമുക്ക്..
വേണ്ടേ ന്നാ.. സ്പോട്ടിഫയിൽ പാട്ട് മാറ്റുന്ന കണ്ണൻ…
“ന്നാ ഒരു ഹോട്ടൽ കണ്ടു പിടിക്ക്.. നല്ല വൈബ് വേണം.. ഇരിക്കാൻ തോന്നണം.. പൈസ ഒരു പ്രശ്നം അല്ല..” ആ ഒരു ഡയലോഗ് പറഞ്ഞതെ ഓര്മയുള്ളു..
പയ്യോളി കഴിഞ്ഞു കൊയിലാണ്ടി കഴിഞ്ഞു രാമനാട്ടുകരയിൽ ആണെന്ന് തോന്നുന്നു ഒരു വെജ് ഹോട്ടൽ കണ്ടത്. MRA.. കയറി മൂന്നു മസാല ദോശയും പറഞ്ഞു കാത്തിരുന്നു. പിന്നെ കണ്ണൻ മൂന്നു ചായ പറയാൻ മറന്നിട്ടില്ല… ഓർഡർ വന്നു നാല് തരം ചട്ടിണി.. ഏജ്‌ജാതി വൈബ്..!!

ഭക്ഷണം കഴിച്ചു ബില്ലും കൊടുത്തു പുറത്തേക്കിറങ്ങുമ്പോഴാണ്..
ഉണ്ണിയേട്ടാ താക്കോൽ താ.. ഞാൻ എടുക്കാമെന്ന് വരുൺ..
ന്നാ പിന്നെ അങ്ങനെ ആവട്ടെ എന്നും പറഞ്ഞു താക്കോൽ കൊടുത്തു. കണ്ണന്റെ പിറകിലേക് തട്ടി.
അവിടുന്ന് വണ്ടി എടുക്കാൻ തുടങ്ങിയത് മുതൽ ഏജ്‌ജാതി ബ്ലോക്ക്.. മാപ്പ് ഇട്ടു നേരെ ഗുരുവായൂരേക്ക്..
ഇതിനിടെൽ സ്പോട്ടിഫൈൽ ഓരോ പാട്ടുകൾ വച്ച് കണ്ണൻ പിറകിൽ വൈബ് അടിക്കുന്നുണ്ട്.
യാത്രയിലുടനീളം കഥകളും അനുഭവങ്ങളും മൂന്നുപേരും ആഞ്ഞു തള്ളിയപ്പോൾ പകുതി പെട്രോളിൽ തന്നെ വണ്ടി ഗുരുവായൂർ എത്തി.
നമക്ക് ഒരു റൂം എടുക്കണ്ടേ..
എടുക്കാം.. ബാഗ് വയ്ക്കണം.. ഡ്രസ്സ് മാറ്റണം തൊഴാൻ പോണം… അതിനു പറ്റിയ റൂം നോക്കാം.. വണ്ടി കൊടുത്തു രാത്രി തിരിച്ചു പോവേണ്ടതല്ലേ നാട്ടിലേക്ക്..
ന്നാ പിന്നെ ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോ താമസിച്ച ഹോട്ടൽ ഉണ്ട്. അങ്ങോട്ടേക്ക് പോകാമെന്നു വരുൺ.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. റൂം കാണിച്ചു തന്നു പൈസ ഒക്കെ പറഞ്ഞെങ്കിലും ഒരു “വൈബ്” കിട്ടുന്നില്ല.. ഈ കഥയാണ് ഗയിസ് കണ്ണൻ ഇന്നും ആരോടൊക്കെയോ നമ്മൾ അനുഭവിച്ച ഒറ്റപ്പെട്ട ആരോടും പറയാൻ ആഗ്രഹിക്കാത്ത സംഭവം എന്ന് പറഞ്ഞു റീച് കൂട്ടുന്നത്..
നേരെ ഇറങ്ങി ഗസ്റ്ഹൗസ് പാർക്കിങ്ങിൽ വണ്ടി വച്ച് കാറിന്റെ പിറകിൽ പോയി മുണ്ടുടുത്ത് അമ്പലത്തിലേക്ക്.

വരുൺ ബാഗെടുത്തത് കൊണ്ട് ഫോണും പേഴ്സും അതിൽ വയ്ക്കാൻ പറ്റി. ഇത്രേം കാലം വെറും കയ്യോടെ വന്ന എനിക്ക് പുതിയൊരു അനുഭവം ആയിരുന്നു ആ ക്ലോക്ക് റൂം. കാരണം ഓരോ തവണ തൊഴുതു തിരിച്ചു റൂമിലേക്ക് നടന്നു ഫോൺ എടുത്ത് വന്നിട്ടാണ് അടുത്ത കലാപടിപടികൾ തുടങ്ങുന്നത്. അവൻ നേരെ ക്ലോക്ക് റൂമിൽ ബാഗും വച്ച് അമ്പലത്തിനകത്ത് കയറി ഗുരുവായൂരപ്പനെ കൺകുളിർക്കെ തൊഴുതു പുറത്തേക്ക് വന്നു.
ഒന്നും പറയാനില്ല.. ഗംഭീര ദർശനം.. കൂടെ വന്ന രണ്ടുപേർ തൊഴാൻ വന്നതാണോ ഗുരുവായൂർ അമ്പലം കാണാൻ വന്നതാണോ എന്നൊന്നും അറിയില്ല എന്നാലും.. അകത്ത് കയറിയപ്പോ മിക്കവാറും ഗുരുവായൂരപ്പൻ “നമ്മളും ഇവിടെ ഉണ്ട് കേട്ടോ…” എന്ന് പറഞ്ഞിട്ടുണ്ടാവണം..
നേരെ പുറത്തേക്ക് വന്നു കലാപരിപാടികൾ തുടങ്ങി. ഫോട്ടോയും കണ്ണന്റെ ജഗണജഗണതയും എല്ലാം.. വന്ന സ്ഥിതിക്ക് പായസം വാങ്ങാതെ എങ്ങനെയാ പോകുന്നേ.. ഗുരുവായൂരപ്പന്റെ പായസം അത് വേറെ ഫീലാ.. നേരെ ക്യൂ നിന്ന് പായസം വാങ്ങിയപ്പോഴാണ് വരുണിനു ചേഞ്ച് വേണമെന്ന് പറഞ്ഞു എ ടി എമിൽ കയറിയത്. അതെന്തിനാ ഇവിടെ പറയുന്നത് എന്ന് ചോദിച്ചാൽ വഴിയേ അറിയാം.. അവിടുന്ന് നേരെ പോയത് കിഴക്കേ നടയിലെ കോഫി ഷോപ്പിലേക്കാണ്.. മൂന്നു കോഫിയും കുടിച്ചു നേരെ വണ്ടിയുടെ അടുത്തേക്ക്..

അടുത്ത പരിപാടി വണ്ടിയുടെ ആ ബമ്പർ നേരേയാക്കണം.. അടുത്തുള്ള സർവീസ് സെന്റർ നോക്കി അങ്ങോട്ടേക്ക് വച്ച് പിടിച്ചു.
അവിടെ എത്തിയപ്പോഴാണ് സ്റ്റോക്ക് തീർന്നു പോയി അടുത്ത ആഴ്ചയേ വരൂ എന്നൊരു മറുപടി.. വൈകി സമയം വൈകി.. ഒന്നും നോക്കിയില്ല അവിടെ ഉള്ളൊരു ലോക്കൽ വർക്ഷോപ്പിലെത്തിയപ്പോ രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ സെറ്റ് ആക്കിത്തരാമെന്നു അവിടുത്തെ ചേട്ടൻ പറഞ്ഞു.
എന്നാ പിന്നെ അങ്ങനെ നടക്കട്ടെ എന്നും പറഞ്ഞു വണ്ടിയും അവിടെ വച്ച് നിങ്ങളെ വിലപിടിപ്പുള്ളതൊന്നും വണ്ടിയിൽ വയ്‌ക്കേണ്ടെന്നു പറഞ്ഞപ്പോ വരുണിന്റെ പേഴ്സ് നോക്കിയപ്പോഴാണ് എടിഎം മിസ് ആയത് ശ്രദ്ധിച്ചത്.
വണ്ടി മുഴുവൻ നോക്കി. എ ടി എമിൽ നിന്നും പൈസ എടുത്തതായി ഓർമയുണ്ട്.. എന്നാലും വേറെ എവിടെയും കാണാത്ത സ്ഥിതിക്ക് രണ്ടു മണിക്കൂർ സമയം ഉണ്ട് അതുകൊണ്ട് തന്നെ ഓട്ടോയും പിടിച്ചു നേരെ കിഴക്കേ നടയിലെ എ ടി എമിലേക്ക് പോയി.
വീണ്ടും ഗുരുവായൂർ കിഴക്കേ നട. ടാറ്റാ ബൈ ബൈ ഒക്കെ പറഞ്ഞിട്ട് പോയതാണ്…
“വീണ്ടും വന്നു ല്ലേ” എന്നൊരു അശരീരി എവിടുന്നോ കേട്ടപോലൊരു തോന്നൽ.. ഏയ് തോന്നിയതായിരിക്കും..
എങ്ങനെ തോന്നാതിരിക്കും ഒരു അവസരം കിട്ടിയാൽ ആ നടയിൽ ദിവസങ്ങളോളം ഇരിക്കാൻ തയ്യാറായ എന്നോടോ ബാലാ..
പണ്ട് ഗുരുവായൂരമ്പലത്തിൽ 41 ദിവസം ഭജന ഇരുന്നതൊക്കെ കൈതപ്രം സാർ പറഞ്ഞിരുന്നു .. അന്ന് രാവിലെ എണീറ്റ് തീർത്ഥകുളത്തിൽ കുളിച്ചു ഗുരുവായൂരപ്പനെ തൊഴുതു നാമം ജപിച്ചു ദിവസം മുഴുവൻ ഭഗവാനിലേക്ക് അർപ്പിക്കുന്ന പോലൊരു ഭജന. സമയമുണ്ടല്ലോ പിന്നെ ഇതൊന്നും നമ്മൾ മാത്രം ആഗ്രഹിച്ച പോരല്ലോ.. മൂപ്പർക്കും തോന്നണ്ടേ..
നേരെ എ ടി എമിൽ കയറി നോക്കിയപ്പോഴാണ് വെസ്റ്റ് ബാസ്കറ്റിൽ രണ്ടു എടിഎം കാർഡുകൾ കണ്ടത്. ഒന്നാണേൽ പീസ് പീസ് ആകിയിട്ടുണ്ട്. മറ്റേത് വെറുതെ ഇട്ടതാ.. പരിശോധിച്ച് നോക്കുമ്പോൾ ആ വെറുതെ ഇട്ടതായിരുന്നു വരുണിന്റെ എടിഎം കാർഡ്.. വല്ലാത്തൊരു പരീക്ഷണം.. കളഞ്ഞു പോയെന്നു വിചാരിച്ചു തിരിച്ചു കിട്ടിയ സന്തോഷത്തിൽ നേരെ മിൽമയിലേക്ക്.. പടിഞ്ഞാറേ നടയിലൂടെയാണ് മിൽമയിലേക്കുള്ള വഴി..
മിൽമയിലേക്ക് പോകുന്ന വഴിയാണ് നന്ദുവിന്റെ മെസ്സേജ് കണ്ടത്..
ഫോണെടുത്തു അവനെ വിളിച്ചപ്പോ
അളിയാ എവിടെ..
എന്റെ അളിയാ ഒന്നും പറയേണ്ട ഞാൻ പിള്ളേരെയൊക്കെ കൂട്ടി “ഗുരുവായൂരമ്പല നടയിൽ” കാണാൻ വന്നിട്ടുണ്ട്.. നീ എവിടെ..
അളിയാ ഞാൻ “ഗുരുവായൂരമ്പല നടയിലുണ്ട്..”
കൊള്ളാലോ കളി.. വരുന്നില്ലേ തൃശ്ശൂർക്ക്..
അറിയില്ല അളിയാ വണ്ടി ചെറിയൊരു പണി തന്നിട്ടുണ്ട്, ഞാൻ സെറ്റ് ആയാൽ വിളിക്കാം.
ഓക്കേ ഡാ നിന്റെ കാര്യങ്ങൾ നടക്കട്ടെ.. പറ വരുന്നുണ്ടേൽ.. സിനിമ കഴിഞ്ഞിട്ട് ഞാൻ വിളിക്കാം. ഞാൻ ആണേൽ ഇന്ന് വൈകുനേരം അവനെ കാണാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ പദ്ധതികൾ തകിടം മറഞ്ഞത് പണിയായി.

നടന്നു മിൽമയിലെത്തി.. ജൂണിൽ വന്നപ്പോഴാണ് ആദ്യായിട്ട് മിൽമയിലേക്ക് വന്നത്.. അന്ന് ഒരു ലൈവ് വീഡിയോ ഇട്ടപ്പോൾ പലരും അവിടെ പോകാൻ പറഞ്ഞിരുന്നു. അറിഞ്ഞിടത്തോളം തൃശ്ശൂർക്കാരോട് ചോദിച്ചപ്പോൾ നമ്മൾ ഗുരുവായൂർ തൊഴാൻ വരുന്നതിൽ കൂടുതൽ ആ മിൽമയിൽ ചായ കുടിക്കാൻ വരുന്നതാണെന്നാണ് പലരും പറഞ്ഞത്. ആയിരിക്കാം ചായക്കും അവിടുത്തെ ഉണ്ണിയപ്പത്തിനും പ്രത്യേകം സ്വാദാണ്. സ്വാദ് കൊണ്ട് തന്നെ എല്ലാവരും രണ്ടു ചായയാണ് പറഞ്ഞത്.. ഇവിടെ അടുത്ത് എവിടെയെങ്കിലും വീട് ഉണ്ടെങ്കിൽ ദിവസവും ഇവിടെ വന്നു ചായ കുടിക്കാമല്ലോ എന്നായിരുന്നു കണ്ണന്റെ മുഖഭാവം..
ചായയും കുടിച്ചു വൈബടിച്ചു നടന്നു നടന്നു കിഴക്കേ നടയിൽ എത്തി ഗുരുവായൂരപ്പനെ വീണ്ടും തൊഴുതു “അടുത്ത വെക്കേഷന് കാണാം.. എല്ലാം പറഞ്ഞപോലെ ” എന്ന് യാത്രയും പറഞ്ഞു നേരെ വർക്ക് ഷോപ്പിലേക്ക്…
വർക്ഷോപ്പിലെത്തിയപ്പോൾ ഏകദേശം റെഡിയായിരുന്നു. പൈസയും കൊടുത്തു വണ്ടിയെടുത്തപ്പോഴാണ് രണ്ടു ഓപ്‌ഷനുള്ളത്..
ഒന്ന് ഞാൻ ഒറ്റപ്പാലത്തേക്ക് വിളിച്ചു വണ്ടി നാളെ രാവിലെ തന്നാൽ മതിയോ ചോദിക്കണം മതി എന്ന് പറഞ്ഞാൽ നേരെ ഇരിങ്ങാലക്കുട വല്യമ്മയുടെ വീട്ടിലേക്ക് പോവാം. അല്ലേൽ വണ്ടി ഇന്ന് തന്നെ ഒറ്റപ്പാലം കൊണ്ട് കൊടുത്തു രാത്രി നാട്ടിലേക്ക് തിരിക്കാം.. ആഗ്രഹിച്ച പോലെ തന്നെ ഒറ്റപ്പാലത്തേക്ക് വിളിച്ചപ്പോ ഓ രാവിലെ കിട്ടിയാൽ മതിയെന്നായിരുന്നു മറുപടി.
എടുക്ക് മോനെ വണ്ടി ഇരിങ്ങാലക്കുടയിലേക്ക്..
അപ്പോഴേക്കും സമയം വൈകുന്നേരം ആറര കഴിഞ്ഞിരുന്നു.. വല്യമ്മയെ വിളിച്ചു ലൊക്കേഷൻ ചോദിച്ചപ്പോൾ കൃത്യം ഒരു മണിക്കൂർ.. അതിനിടയിൽ പോകുന്ന വഴിയിലാണ് തൃപ്രയാർ എന്നത് മാപ്പിൽ കണ്ടത്..
ഇനി തേവരെ കുറിച്ച് പറയാം.. തൃപ്രയാർ തേവരെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നൊരു നായരുണ്ട് ഇൻസ്റ്റാഗ്രാമിൽ. ഞാനൊക്കെ അമ്പലം വൈബ് ആയത് കാരണം ഇടയ്ക്കൊക്കെ അവിടുത്തെ നടയും പ്രസാദവും രാവിലെ തന്നെ അയച്ചു തരും അതിലുപരി തൃശൂർ പൂരത്തിന്റെയും അവിടുള്ള അമ്പലങ്ങൾ കുറിച്ചുള്ള ഐതിഹ്യവും പറഞ്ഞു തരുന്ന നായർ. മറ്റുള്ളവരെ പോലെ തന്നെ പായസം ഒക്കെ അയച്ചു തന്നു ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട്.. അപ്പോഴൊക്കെ തേവരെ ഒന്ന് നേരിട്ട് തൊഴണമെന്നു ദുബായിൽ ഇരുന്നു വിചാരിക്കാറുണ്ട്. വന്നു തൊഴുമെന്നു പറഞ്ഞിട്ടും ഉണ്ട്. എപ്പോഴാണെന്ന് അറിയില്ലെങ്കിലും യാത്ര വൈകിയതൊക്കെ തേവരുടെ തീരുമാനമാണോ എന്ന് വരെ പിന്നീട് തോന്നിപോയി .അതുകൊണ്ട് തന്നെ വരുണിനോട് വണ്ടി നേരെ തൃപ്രയാർക്ക് വിടാൻ പറഞ്ഞു..

കാർ പാർക്ക് ചെയ്തു സെക്യൂരിറ്റിയോട് നട അടക്കാനായോ എന്ന് ചോദിച്ചപ്പോൾ അഞ്ചു മിനുട്ട് ബാക്കി ഉണ്ട് ഓടിക്കോ എന്നായിരുന്നു മറുപടി..
കൂടെയുള്ള രണ്ടുപേരും അകത്ത് കയറുന്നില്ലെന്നു പറഞ്ഞപ്പോ ഷർട്ടും ഫോണും കൊടുത്തു ഓടി നടയിലെത്തിയപ്പോഴാണ് നായർ അയച്ചു തരുന്ന ഫോട്ടോയിലെ “ഹരേ രാമാ ഹരേ രാമാ ” എന്ന ചുവന്ന കളറിലെ ബോർഡും ആ ദീപസ്തംഭവും ശ്രദ്ധിച്ചത് .. മുന്നിലേക്ക് നടന്നപ്പോൾ “നടയിലേക്കുള്ള വഴി” എന്നൊരു ബോർഡ് കണ്ടു ആ വഴി പോയപ്പോഴാണ് നടയുടെ അകത്തു നിന്നും ഒരാൾ പുറത്തേക്ക് വരുന്നത് കണ്ടത്..
ചേട്ടാ… നട പൂജയ്ക്ക് അടച്ചോ ?
മോൻ ഈ വഴി പൊയ്ക്കോളൂ.. അതിലെ പോയി അകത്ത് കയറുമ്പോഴേക്കും നട അടക്കും. അഞ്ചു മിനുട്ട് വേഗം ഓടി പോയി തൊഴുതു എന്നായിരുന്നു മറുപടി.
ആരാണെന്നോ എന്താണെന്നോ അറിയില്ല നേരെ അകത്ത് കയറിപ്പോ വേറെ ആരോ വന്നു കതക് അടച്ചു. ശ്രീകോവിലിനു മുന്നിലെത്തിയപ്പോൾ കിട്ടിയാ ആ ഒരു അനുഭൂതി.. ആള് സർവ്വാഭരണ വിഭൂഷണനായി ഇരിക്കുവാണ്.. നിറയെ വിളക്കും അതിന്റെ ശോഭയിൽ തേവരെ കണ്ടപ്പോ സത്യത്തിൽ കണ്ണ് നിറഞ്ഞു. ചാർത്തിയ മാലയോ.. അതിലും ഗംഭീരം.. സമയപരിമിതി കാരണവും കണ്ടു കൺനിറഞ്ഞത് കാരണവും സോപാനം തൊട്ടു തലയിൽ വച്ച് ഇനിയും വരാം എന്ന പ്രാർത്ഥനയിൽ പ്രസാദം വാങ്ങാനായി പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോഴാണ് കുറച്ചുപേർ മാല കെട്ടുന്നത് ശ്രദ്ധിച്ചത്. രാത്രി ആയത് കാരണം ഒന്നും വ്യക്തമായിരുന്നില്ല. അപ്പോഴാണ് പ്രസാദം കൊടുക്കാനിരിക്കുന്ന തിരുമേനിയെ ശ്രദ്ധിച്ചത്..
നമസ്തേ.. എന്നും പറഞ്ഞു തീർത്ഥം തന്നു..
എവിടുന്നാ വരണേ..
കുറച്ചു ദൂരെയാ.. കണ്ണൂരിൽ നിന്നാണ്.
സന്തോഷം തേവരെ തൊഴുതില്ലേ..എന്നും പറഞ്ഞു പ്രസാദവും തന്നു..
ഓ കൺകുളിർക്കെ തൊഴുതു. ഒരുപാട് കഥകളും ഐതിഹ്യങ്ങളും കേട്ടിരുന്നു. ദുബായിലാണ് ജോലി അതുകൊണ്ട് തന്നെ ഇപ്പോഴാണ് തൊഴാനുള്ള സമയമായത് എ ന്നും പറഞ്ഞു തൊഴുതു യാത്രയും പറഞ്ഞു പുറത്തേക്ക്.. ഈ സമയമൊന്നും നടയിൽ ആരുമുണ്ടായിട്ടില്ല എന്നതാണ് എന്നെ അത്ഭുതപെടുത്തിയത്..
പുറത്തേക്കിറങ്ങി കൃഷ്ണന്റെ നടയിലെത്തിയപ്പോൾ അവിടെ ഒരു മാരാർ അഷ്ടപദി കൊട്ടുന്നുണ്ട്. ദീപാരാധനായോ പൂജയോ ആണ്.. തേവരെ തൊഴാൻ വന്നവരൊക്കെ പുറത്തിറങ്ങി അവിടെ നിൽക്കുന്നുണ്ട് അവിടുന്നും പ്രസാദം വാങ്ങി പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോഴാണ് വെടി വഴിപാട് നടക്കുന്നതിന്റെ ശബ്ദം കേട്ടത്. പ്രതീക്ഷിക്കാതെ കേട്ടത് കൊണ്ട് തന്നെ ഒന്ന് ഞെട്ടി. നമ്മുടെ നാട്ടിലൊക്കെ ഉത്സവത്തിനോ തെയ്യത്തിനോ അല്ലേൽ വിഷുവിനോ കേൾക്കുന്ന വെടിക്കെട്ട് ഇവിടെയൊക്കെ ദിവസവും വഴിപാടായി ഉണ്ട് എന്നതാണ് വേറൊരു പ്രത്യേകത. പ്രദക്ഷിണം വച്ച് തേവരുടെ മുന്നിലൂടൊഴുകുന്ന നായരെപ്പോഴും പറയാറുള്ള തീവ്രനദിക്കരയുടെ ഭാഗത്തെത്തി. ഇരുട്ടായതു കൊണ്ടും പ്രവേശനമില്ലാത്ത കൊണ്ടും പ്രദക്ഷിണം തുടർന്ന് നേരെ പിറകിലെ നടയിലേക്ക് നടന്നു. അപ്പോഴേക്കും വരുണും കണ്ണനും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
വണ്ടിയിൽ കയറിയപ്പോഴാണ് വല്യമ്മയുടെ കോൾ വന്നത്.ലൊക്കേഷൻ അയച്ചപ്പോ മുക്കാൽ മണിക്കൂർ കാണിക്കുന്നുണ്ടെന്നും പറഞ്ഞു നേരെ ഇരിങ്ങാലക്കുടയിലേക്ക്..
ഇരിങ്ങാലക്കുടയിലെത്തിയപ്പോ എല്ലാരും നമ്മളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ വല്യമ്മയും വല്യച്ചനും രമ്യേച്ചിയും ശ്രീജിത്തേട്ടനും മക്കളും ശ്രീജിത്തേട്ടന്റെ അച്ഛനും അമ്മയും താമസിക്കുന്നുണ്ട്. രമ്യേച്ചിയുടെ കല്യാണം കഴിഞ്ഞ സമയത്താണ് ഞാൻ ഈ വീട്ടിലേക്ക് വന്നത്.
വണ്ടി അയൽവക്കത്തെ വീട്ടിൽ പാർക്ക് ചെയ്തു നേരെ വീട്ടിലേക്ക് കയറി ഒന്ന് കുളിച്ചപ്പോഴാണ് അന്നത്തെ ക്ഷീണമൊക്കെ മാറിയത്. ശ്രീജിത്തേട്ടൻ പക്ഷെ ടൂർ പോയിരുന്നു.. ജസ്റ് മിസ്.. എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഗുരുവായൂർ പായസം കൂടിയായപ്പോൾ അതിഗംഭീരം. ഭക്ഷണം കഴിഞ്ഞു ഓരോ കഥകൾ പറയുമ്പോഴാണ് ശ്രീജിത്തേട്ടന്റെ കോൾ വരുന്നത്..
ഉണ്ണീ…
ശ്രീജിത്തേട്ടാ..
നീയേ.. രാവിലെ പോകുമ്പോ തൃപ്രയാർ കൂടി കയറിക്കോളൂ..
അവിടെ ഇന്ന് വരുമ്പോ തന്നെ കയറിയല്ലോ..
ആണോ..അതേതായാലും നന്നായി.. അപ്പൊ രാവിലെ വല്യമ്മയുടെ കൂടെ കൂടൽമാണിക്യം പൊയ്ക്കോളൂ.. എല്ലാം പറഞ്ഞു തരും.. തിരക്കൊന്നും പ്രശ്നം അല്ല വല്യമ്മ അല്ലെ കൂടെ.. നിന്റെ വല്യമ്മ ആരാ എന്ന വിചാരം.. ഇവിടെ ഇലക്ഷന് നിർത്തിയാൽ ജയിക്കും അത്രയ്ക്ക് സുഹൃത്തുക്കൾ ഉണ്ട് ഇവിടെ.. അത് നാളെ നിനക്കു നാളെ അമ്പലത്തിൽ പോയാ മനസ്സിലാവും..
ഓ അപ്പൊ പിന്നെ പെട്ടെന്ന് തന്നെ തൊഴുതു ഇറങ്ങാലോ.. എന്ന് പറഞ്ഞു ഫോണും കട്ട് ചെയ്തു എല്ലാവരും വന്നു പുറത്തിരുന്നു .
ഓരോന്ന് പറഞ്ഞിരിക്കുമ്പോഴും സമയം പതിനൊന്നായി.. രാവിലെ അഞ്ചു മണിക്ക് എല്ലാവരെയും വിളിക്കുമെന്ന് വല്യമ്മയുടെ ഓർഡർ.. വേഗം പോയി ഒരൊറ്റ ഉറക്കം. കണ്ണ് പൂട്ടി തുറക്കുമ്പോഴേക്കും രാവിലെ വല്യമ്മ വന്നു വിളിച്ചു. ഓരോരുത്തരായി വന്നു കുളിക്കുമ്പോഴേക്കും വല്യമ്മ എല്ലാവര്ക്കും ഓരോ ഗ്ലാസ് ചായ റെഡി ആക്കി വച്ചിരുന്നു.അതും കുടിച്ചു വണ്ടിയും എടുത്തു രാവിലെ ആറുമണിക്ക് ഇരിങ്ങാലക്കുട ഭരതസ്വാമിയുടെ കൂടൽമാണിക്യത്തിലേക്ക്..

നേരെ അകത്ത് കയറി നന്നായി തൊഴുതു. രാവിലെ ആയത് കൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും തിരക്ക് കുറവായിരുന്നു. പക്ഷെ സ്ഥിരം ആൾക്കാർ ആണെന്ന് തോന്നുന്നു എല്ലാവരും വല്യമ്മയോട് ആരാ ഇത് എന്ന് ചോദിക്കുന്നുണ്ട്. “അനിയന്റെ മക്കളാ” എന്ന് പറയാനേ വല്യമ്മക്ക് സമയമുള്ളൂ. ശരിയാ…അപ്പൊ ശ്രീജിത്തേട്ടൻ പറഞ്ഞത് ഓര്മ വന്നു.. നേരെ വഴിപാട് കൗണ്ടറിലേക്ക് പോയപ്പോഴാണ് വലിയ താമര മാലകൾ കെട്ടുന്നത് കണ്ടത്. എന്ത് രസാ മാല കാണാൻ.. വഴിപാട് റസീറ്റ് മുറിച്ചു നേരെ സോപാനപ്പടിയിലേക്ക് പോയപ്പോ സ്വാമിയേ കാണേണ്ടതായിരുന്നു. നിറയെ വിളക്കും നീളമുള്ള താമര മാലയും ചാർത്തി ചിരിച്ചിരിക്കുവാണ്. തൊഴുതു പ്രാത്ഥിച്ചു. പുറത്തേക്കിറങ്ങി നേരെ വല്യമ്മയുടെ വീട്ടിലേക്ക്..
വീട്ടിലെത്തിയപ്പോഴേക്കും രമ്യേച്ചി പ്രഭാത ഭക്ഷണം റെഡിയാക്കി വച്ചിരുന്നു. നല്ല ചൂട് ദോശയും ചട്ടിണിയും.. ചായ കൂടി കുടിച്ചപ്പോ ഗംഭീരായി..
അപ്പോഴേക്കും ഒറ്റപ്പാലത്തു നിന്നും കോൾ വന്നു. കുറച്ചു തിരക്ക് കൂട്ടി അവിടെ നിന്നും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
ഇനി എത്തേണ്ടത് ഒറ്റപ്പാലം ബസ്റ്റാന്റ്.. കൃത്യം ഒരുമണിക്കൂർ ഓട്ടം. കുതിരാൻ തുരങ്കവും കഴിഞ്ഞു കാണാത്ത വഴികളിലൂടെ കഥകളിൽ മാത്രം കേട്ടു പരിചയമുള്ള പാലക്കാടൻ ഗ്രാമ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുവാണ്. കാണുന്ന കാഴ്ചകളെല്ലാം ഗ്രാമീണ ഭംഗിയുടെ ഒരംശമെങ്കിലും ഉണ്ട് എന്നത് അവിടുത്തെ പ്രത്യേകതയാണ്.
നേരെ ഒറ്റപ്പാലം ബസ്റ്റാന്റിലെത്തി വണ്ടി കൈമാറിയപ്പോഴാണ് എന്നാ പിന്നെ വില്വാദ്രിനാഥനെയും തൊഴുത്തിട്ട് പോവാമെന്ന ആഗ്രഹം ഉദിച്ചത്.
നേരത്തെ കുട്ടേട്ടനെ വിളിച്ചപ്പോ നന്ദുവിനെ കൂട്ടി അങ്ങോട്ടേക്ക് വരാമെന്നു പറഞ്ഞു. എന്നാൽ പിന്നെ ദീപകിനെയും വിളിക്കാം അവനെയും അന്ന് ഒരു മിന്നായം പോലെ കണ്ടതാ.. ഈ പറഞ്ഞവരൊക്കെ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടതാണ്.. ഊരും പേരും അറിയാതെ ഞാനായാലും അവരാണേലും ജോലി തിരക്കിൽ അമ്പലം വൈബ് തരുന്നവർ.. പക്ഷെ ഇങ്ങനെ നേരിട്ട് പരിചയപ്പെടാനും അടുപ്പമുണ്ടാവുമെന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
അങ്ങനെ നമ്മൾ മൂന്നു പേരും ബസ്സിന് തിരുവില്വാമല ബസ്റ്റാന്റിലെത്തിയപ്പോൾ ദീപക് ബ്രോ കാറിലെത്തി കൂട്ടി അമ്പലത്തിലേക്ക്..
വണ്ടിയിൽ ആണേൽ അവൻ വൈബ് കിട്ടാൻ “പത്തു വെളുപ്പിന്” എന്ന ഗാനത്തിലെ “വില്വാദ്രിനാഥന്” എന്ന ഭാഗം വച്ചിട്ടുണ്ട്.. അതും കേട്ട് അമ്പലത്തിലേക്കുള്ള കയറ്റവും ആർച്ചും എല്ലാം കഴിഞ്ഞപ്പോ ഗംഭീരായി.. ഉടുത്ത പാന്റ് മാറ്റി മുണ്ടുടുത്ത് രണ്ടാംമുണ്ടും മുറുക്കി കെട്ടി നേരെ അമ്പലത്തിലേക്ക്..
ആ നടയും നടയിലെ കാഴ്ചകളും മുന്നേ ചിത്രങ്ങളിലൂടെ ഒരുപാട് വട്ടം കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുമ്പോ കിട്ടുന്ന അനുഭൂതി വേറെ തന്നെയാണ്.. പടിയും കടന്നു മുറ്റത്തെത്തിയപ്പോൾ പറഞ്ഞറിഞ്ഞതിലും വലുതാണ് വില്വാദ്രിനാഥന്റെ നട.

കണ്ണനും വരുണും കയറുന്നില്ലെന്നു പറഞ്ഞു.. ദീപകും ഞാനും നേരെ അകത്തേക്ക് കയറി രണ്ടുപേരെയും തൊഴുതു. ഇത്രയേറെ അമ്പലങ്ങളിൽ പോയിട്ടുണ്ടെങ്കിലും എന്തോ ഒരു വല്ലാത്തൊരു ഫീൽ ആയിരുന്നു വില്വാദ്രിനാഥന്റെ സന്നിധി. അകത്ത് കയറിയപ്പോ ശ്രീരാമനും ലക്ഷ്മണനും രണ്ടു ദിശകളിലായി ഇരിക്കുന്നുണ്ട്. തൊഴുതു പ്രദക്ഷിണം വയ്ക്കുമ്പോഴേക്കും കുട്ടേട്ടനും നന്ദുവും അകത്തെത്തി. ഓരോ വരവിനും കണ്ണൂരെത്തിയാൽ ഓരോ അമ്പലങ്ങൾ ഞാൻ കൂട്ടി പോവുമ്പോൾ അവർ അവരുടെ നാട്ടിലേക്ക് കൂട്ടി കൊണ്ടുപോവുന്നു. അങ്ങനെയുള്ള യാത്രകൾ എന്നും പ്രത്യേകതകൾ നിറഞ്ഞതാണ്. കഴിഞ്ഞ പ്രാവശ്യം കണ്ണൂർ വന്നപ്പോൾ അപ്രതീക്ഷിതമായി ചെറുകുന്നമ്പലത്തിലേക്ക് കൂട്ടി കൊണ്ടുപോയി. മനസ്സിൽ പോലും വിചാരിക്കാത്ത യാത്ര. അവിടെ എത്തിയപ്പോൾ തോന്നി. അങ്ങ് പോയി. ഇതും അതുപോലൊരു യാത്ര.
അകത്ത് തൊഴുതു പ്രദക്ഷിണം വായിക്കുമ്പോഴാണ് അമ്പലത്തിൽ ഭാഗവത സപ്താഹം നടക്കുന്നുണ്ടെന്ന് മനസ്സിലായത്. അയ്യപ്പന്റെ നടയിലേക്ക് പോകുന്ന പടികളിൽ കുറച്ചു നേരം ഇരുന്നു. ആ പടികളിലൂടെ ഒരു തിരുമേനി കയറി വരുന്ന വീഡിയോ പണ്ട് കണ്ടത് ഓർമ വന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് കുട്ടേട്ടൻ കഥയുടെ കെട്ടഴിച്ചത്.. ഐതിഹ്യങ്ങളും ആചാരങ്ങളും അങ്ങനെ അമ്പലത്തിനെയും ചുറ്റുവട്ടത്തെ പറ്റിയുള്ള കഥകളും പറയാൻ തുടങ്ങി. ബാക്കിയുള്ളവർ കുട്ടികളെ പോലെ കേട്ടിരിക്കാനും. ഐവർമടത്തെ പറ്റിയും വേറെ അമ്പലങ്ങളുടെയും അങ്ങനെ കുറെ കഥകൾ..
പറഞ്ഞോണ്ടിരിക്കുമ്പോഴാണ് ചെണ്ടയുടെ ശബ്ദം കേട്ടത്.. ശീവേലി തുടങ്ങി.. എല്ലാവരും എണീറ്റ് നടയിലെത്തി. പലതരം വാദ്യങ്ങൾ കുത്തു വിളക്കുകൾ പിന്നെ രണ്ടു ദേവന്മാരുടെ തിടമ്പും മൂന്ന് തവണ പ്രദക്ഷിണം വച്ച് നേരെ അകത്തേക്ക്..

ആദ്യമായാണ് ശീവേലിയിൽ സ്ത്രീകൾ വിളക്ക് പിടിക്കുന്നത് കണ്ടത്.. കണ്ട എല്ലാ കാഴ്ചയും അതി ഗംഭീരം. ട്രെയിൻ സമയം നോക്കിയപ്പോൾ ഒന്നര മണിക്കൂറിൽ ഷൊർണൂരിൽ നിന്നും കണ്ണൂരെക്കൊരു ട്രെയിനുണ്ട്.
പുറത്തിറങ്ങി എല്ലാവരും കൂടി ഒരു സോഡാ സർബത്തും കാച്ചി വില്വാദ്രിനാഥനോട് യാത്രയും പറഞ്ഞു നേരെ ബസ്റ്റാന്റിലെത്തിയപ്പോഴേക്കും ഒറ്റപ്പാലത്തേക്കുള്ള ബസ്സ് കിട്ടി അവിടെ നിന്നും ഷൊർണ്ണൂരേക്ക്..
ഷൊർണൂർ എത്തിയപ്പോഴേക്കും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി കണ്ടു ഹര്യേട്ടന്റെ കോൾ..
എവിടെയാ കുട്ടാ..
ഞാൻ ഷൊർണൂർ റയിൽവേ സ്റ്റേഷനിലുണ്ട്.. ഹര്യേട്ടനല്ലേ തിരക്കിലാണെന്നു പറഞ്ഞത്.
അതെ.. പക്ഷെ ഞാൻ ഇപ്പൊ അരമണിക്കൂറിനുളിൽ ഷൊർണൂർ പാസ് ചെയ്യും..
അയ്യോ.. സമയം നോക്കിയപ്പോ ട്രെയിൻ കൃത്യം സമയത്ത് തന്നെ എത്തും എന്നും കാണുന്നുണ്ട്.. എന്നാലും ഇന്ത്യൻ റെയിൽവേ അല്ലെ.. വൈകും എന്ന് പ്രതീക്ഷിക്കാം..
ജീവിതത്തിൽ ആദ്യമായിട്ടാണ് വരുന്ന ട്രെയിൻ ലേറ്റാവാൻ പ്രാർത്ഥിക്കുന്നത്.. എന്തോ പ്രാർത്ഥന കേട്ടില്ല തോന്നുന്നു.. അതുകൊണ്ട് ഹര്യേട്ടനെ കാണാൻ പറ്റിയില്ല.. പക്ഷെ തിരിച്ചിവിടെ എത്തി അടുത്ത ആഴ്ച തന്നെ ആളെ കണ്ടു എന്നത് വേറൊരു ഹൈലൈറ്റ്.
അങ്ങനെ ട്രെയിൻ വന്നു ഇരിക്കാൻ പോയിട്ട് നിക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല.. ഹെഡ്സെറ്റും വച്ച് കണ്ണുംപൂട്ടി ഇരുന്നപ്പോൾ എവിടെയോ എത്തിയ സമയത്താണ് ആറ്റുനോറ്റൊരു സീറ്റ് കിട്ടിയത്. അതും സൈഡ് സീറ്റ്..
യാത്ര തുടർന്നുകൊണ്ട് ഇരുന്നു. ഞാനാണെങ്കിൽ പുറം കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. കാരണം തിരിച്ചു പോയാൽ എന്നും കാണുന്നത് ഒരേ കാഴ്ചകളാണ്.. ഇതുപോലെ നാട്ടിൽ വന്നു ട്രെയ്‌നിലിരുന്നു വ്യത്യസ്തമായ കാഴ്ചകൾ കാണാൻ പറ്റുന്ന അവസരം പരമാവധി ആസ്വദിക്കുമ്പോഴാണ് വേറിട്ടൊരു കാഴ്ച കണ്ടത്.
എന്റെ ഓര്മ ശരിയാണെങ്കിൽ പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്നും ഒരു അമ്മയും രണ്ടു പെൺകുട്ടികളും കയറി. ഒരു കുട്ടിയെ കണ്ടാൽ എട്ടിലോ ഒൻപത്തിലോ പഠിക്കുന്ന പ്രായം ചെറിയ കുട്ടി രണ്ടാം ക്ലാസ്സിലും. കയറിയപ്പോ തന്നെ ചെറിയ ആൾ ഓടി വന്നു എന്റെ സൈഡിൽ നിന്നിട്ട് പുറത്തേക്ക് നോക്കി ടാറ്റ കൊടുക്കുന്നുണ്ട്. അപ്പോഴാണ് പുറത്ത് വേറൊരു ഫാമിലിയെ ശ്രദ്ധിച്ചത്. അച്ഛനും അമ്മയും ഒരേ പ്രായം ഉള്ള രണ്ടു കുട്ടികളും ഉണ്ട്. അതിൽ ചെറിയ കുട്ടി ആണേൽ ഈ കുട്ടിയെ നോക്കി ഒരേ കരച്ചിൽ.. സങ്കടം വന്നു കണ്ണൊക്കെ കലങ്ങിയിട്ട് അമ്മയുടെ ഷാളിൽ തുടക്കുന്നുണ്ട്. ഈ കുട്ടി ആണേൽ ടാറ്റ കൊടുത്തിട്ടും നിർത്തുന്നില്ല.. പക്ഷെ ട്രെയിൻ അഞ്ചു മിനുട്ട് ആയിട്ടും നീങ്ങുന്നില്ല.. അപ്പോഴൊക്കെ ഇവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിർത്താതെ കരയുന്നുണ്ട്. പുറത്തു നിൽക്കുന്ന വലിയ കുട്ടിയും കരയാൻ തുടങ്ങി. ഏകദേശം ഈ മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലത്ത് വിരുന്നിനു വന്നു യാത്ര പറയുന്ന ഫീൽ.. അത് കണ്ടിട്ടാണെൽ അവിടെ നിക്കുന്ന അച്ഛനും അമ്മയ്ക്കും കരച്ചിൽ വന്നു. കൂട്ട കരച്ചിൽ. ട്രെയിൻ പോകുന്നില്ലെന്ന് മനസിലാക്കിയപ്പോൾ പുറത്തുള്ള ചെറിയ കുട്ടി വന്നു ഈ കുട്ടിക്ക് കൈയൊക്കെ കൊടുക്കുന്നുണ്ട്. എല്ലാവരും കൂടി വല്ലാത്തൊരു നിലവിളി. എത്ര ദൂരമാണെങ്കിലും ഒരു ഫോൺ കാലിൽ വിഡിയോയിൽ നേരിട്ട് കാണാൻ പറ്റുന്ന ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടു ഞാൻ അദ്‌ഭുതപെട്ടു. അര മണിക്കൂർ പിടിച്ചിട്ടപ്പോഴാണ് ട്രെയിനൊന്നു എടുത്തത്. അപ്പോഴേക്കും കണ്ടു നിന്നവരുടെ കണ്ണും നിറഞ്ഞു പോയി.. സൗഹൃദമാവട്ടെ.. കുടുംബമാവട്ടെ.. യാത്ര പറയുമ്പോൾ ഇത്രയും സങ്കടമുണ്ടെങ്കിൽ അവരെയൊക്കെ ചേർത്ത് നിർത്തണം.. കാരണം ഇതൊന്നും അഭിനയമല്ല.. മനസ്സ് വിങ്ങി പൊട്ടി സങ്കടം കണ്ണീരായി പുറത്തേക്ക് വരുന്നതാണ്..
ട്രെയിൻ ഹോൺ അടിച്ചു യാത്ര പോവുമ്പോഴും ടാറ്റായുടെ സ്പീഡ് കൂടി.. അപ്പോഴേക്കും ഈ കുട്ടി എന്റെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു.. കണ്ണെത്താ ദൂരത്തെത്തിയപ്പോഴും കൈ പുറത്തിട്ടു ടാറ്റ കൊടുക്കാൻ മറന്നില്ല.. എന്നിട്ട് കണ്ണ് തുടക്കുന്നുണ്ട്.. കരയുന്നുമുണ്ട്.. ഈശ്വരാ.. ഇതൊക്കെ ആണ് ബന്ധം.. അഭിനയം നിറഞ്ഞ ലോകത്തെ 916 ബന്ധം.. കോഴിക്കോട് എത്തുന്നത് വരെ പുറത്തെ പാടങ്ങളും പുഴകളും റോഡുകളും നോക്കി “കടൽ കാറ്റിന് നെഞ്ചിൽ” എന്ന ഗാനം കേൾക്കുന്ന ഫീലായിരുന്നു കുട്ടിക്ക്.. നമ്മുടെയൊക്കെ ചെറുപ്പ കാലം വല്യമ്മയോ ആരെങ്കിലും വന്നു തിരിച്ചു പോവുമ്പോൾ ഇതുപോലെ സങ്കടവും. പക്ഷെ ഈ ആധുനിക ലോകത്ത് ഇങ്ങനെ സങ്കടപെടുന്നുണ്ടേൽ അവരെയൊക്കെ ചേർത്ത് നിർത്തണം..
കോഴിക്കോട് എത്തിയപ്പോഴേക്കും കുട്ടിയുടെ അമ്മയുടെ അടുത്ത് സീറ്റ് കിട്ടി അങ്ങോട്ടേക്ക് പോയി. ഞാൻ വീണ്ടും പുറം കാഴ്ചകൾ ആസ്വദിച്ചിരുന്നു.. അതിൽ കണ്ടൊരു കാഴ്ചയാണ് ട്രെയിൻ പോകുന്ന വഴികളിലെ മിക്ക വീടുകളിലും കോലായിൽ സന്ധ്യയ്ക്ക് വിളക്ക് വച്ചിട്ടുണ്ട് ഏകദേശം ഏഴരയ്ക്ക് കണ്ണൂരിൽ ട്രൈനിറങ്ങി നേരെ വരുണിന്റെ മയിൽവാഹനം വച്ച പാർക്കിങ്ങിലേക്ക് നടന്നു.. വണ്ടിയിൽ കയറി വീട്ടിലേക്കാണ് ലക്‌ഷ്യം. കുളിക്കണം ഉറങ്ങണം.. വരുൺ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോ സ്റ്റാർട്ട് ആവുന്നില്ല.. സെക്കൻഡിൽ ഇട്ടു തള്ളി നോക്കി.. ഗിയര് മാറ്റി നോക്കി. നോ രക്ഷ.. മയിൽവാഹനം പിണങ്ങിയ മോനെ.. ബാറ്ററി പ്രശ്നമാണെന്ന് മനസ്സിലായപ്പോ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു പേരും കൂടി നേരെ കാൽടെക്സിലേക്ക് നടന്നു. അവിടെ നോക്കിയപ്പോ എട്ടുമണിക്ക് ശേഷം എല്ലാ കടകളും അടച്ചിട്ടുണ്ട്. ബ്ലോക്കിനൊരു കുറവും ഇല്ല.. അങ്ങനെ ഒരു സന്മനസ്സുള്ള ഓട്ടോ ചേട്ടൻ മുഘേന സൗത്ത് ബസാറിൽ ഉള്ളൊരു കടയിൽ എത്തിയപ്പോൾ ആള് കല്യാണത്തിന് പോയിട്ടുണ്ട് അരമണിക്കൂറിനുള്ളിൽ വരാമെന്നു പറഞ്ഞു. ഓട്ടോക്കാരനും നമ്മളും ആളെ കാത്തിരുന്നു.. ആള് വന്നു പുതിയ ബാറ്റെറിയെടുത്തു എല്ലാവരും കൂടി മന്ദാകിനിയുടെ അടുത്തേക്ക്.. വണ്ടിയിൽ ബാറ്ററി മാറ്റിയപ്പോൾ ശരിയായി.. പഴയ ബാറ്ററിയും ഈ രാത്രിയിൽ സഹായിച്ചതിനുള്ള നന്ദിയും ഓട്ടോ ചേട്ടനോട് പറഞ്ഞു വീട്ടിലെത്തുമ്പോഴേക്കും സമയം പതിനൊന്നായിരുന്നു. തലേന്ന് രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ യാത്ര അവസാനിച്ചത് പിറ്റേന്ന് രാത്രി പതിനൊന്നരയ്ക്ക്.. ആദ്യായിട്ടാണ് നമ്മൾ മൂന്നുപേരും ഇങ്ങനൊരു യാത്ര പോവുന്നത്. അതും ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യവും തിരുവല്വാമലയും കൂടി ആയപ്പോൾ രാമായണ മാസം അതിഗംഭീരാണത്രെ.. എന്തായാലും ഇത്രയേറെ ആസ്വദിച്ചു പണി കിട്ടിയിട്ടും സില്ലിയായി എടുത്തു ഗംഭീരമാക്കിയപ്പോൾ പിറന്നത് എഴുതാനുള്ളൊരു കഥയാണ്.. പക്ഷെ ഇത്രപേരായി കണക്ട് ആവും എന്ന് മനസ്സിൽ പോലും വിചാരിച്ചിട്ടില്ല.. ഒരുപാട് സന്തോഷം.. പഴയ ബന്ധങ്ങൾ പുതുക്കാൻ പറ്റിയതിനും പുതിയ കാഴ്ചകൾ കാണിച്ചു തന്നതിനും…😍🙏
അതുൽ കൃഷ്ണ വാര്യർ