/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins മാങ്ങാ മരം - ║കുത്തിക്കുറിപ്പുകൾ║

മാങ്ങാ മരം

രാവിലെ ഓഫീസിലെത്തി നെറ്റ് ഓണാക്കിയപ്പോഴാണ് അനിയത്തി ലച്ചുവിന്റെ രണ്ടു മിസ് കാൾ ശ്രദ്ധിച്ചത്. ദുബായിൽ എത്തിയതിൽ പിന്നെ ഈ സമയത്ത് അവൾ വിളിക്കാറില്ല എന്തേലും ഉണ്ടേൽ മെസ്സേജ് അയക്കും. മാനേജർ ക്യാബിനിൽ മീറ്റിംഗ് നടക്കുന്നത് കൊണ്ട് തിരിച്ചു വിളിക്കാനും പറ്റില്ല.. ഇതിപ്പോ എന്താ പെട്ടെന്ന്..

അവൾ ആണേൽ അടുത്ത മിസ് കോളും അടിച്ചു..

“എന്താ ഡീ.. നീ മെസ്സേജ് അയക്ക്.. എനിക്ക് ഇപ്പൊ വിളിക്കാൻ പറ്റില്ല..”

“kichhuuuuuu… nammale maav aa dushtanmar murichu..” (കുറേ കരയുന്ന സ്മൈലി)

എന്താ പറഞ്ഞെ… ഒന്നുടെ വായിച്ചു..

അതെ. മുറ്റത്തെ മൂവാണ്ടൻ മാവ് പോയിരിക്കുന്നു..വീടിന്റെ തണലായ വീട്ടിലെത്തിയാൽ ഇപ്പോഴും ഊഞ്ഞാലാടുന്ന എല്ലാ കൊല്ലവും കുറേ മാങ്ങയും തരുന്ന മൂവാണ്ടൻ മാവിനെ കുറെ മനുഷ്യർ കോടാലിയുടെ അറ്റം കൊണ്ട് വെട്ടി കൊന്നു..

ഓരോന്ന് ആലോചിച്ചു കണ്ണ് നിറഞ്ഞു.. പക്ഷെ കരയാൻ പാടില്ലല്ലോ. ഒരു മാവ് മുറിച്ചതിനാണോ ഇങ്ങനെ വിഷമിക്കുന്നതെന്നു ചോദിച്ചു കൂടെയുള്ളവർ കളിയാക്കി കൊല്ലും. അവരെ പറഞ്ഞിട്ടും കാര്യമില്ല.. ആ മാവും അതിലെ മാങ്ങയും അത്രയേറെ വികാരമാണെന്ന് അവർക്കറിയില്ലല്ലോ.

അനിയത്തിക്ക് “അയ്യോ” എന്ന റിപ്ലൈ കൊടുത്തു..

“ആ ഡീ എണീറ്റപ്പോ സർപ്രൈസ് തന്നതാ.. രാവിലെ ഞാൻ ഞെട്ടിയപ്പോൾ റൂമിൽ ഇതുവരെ ഇല്ലാത്തൊരു വെളിച്ചം. ജനൽ തുറന്നു നോക്കിയപ്പോൾ മുന്നിൽ കാണാത്ത കുറെ കാഴ്ചകൾ .എന്താ സംഭവിച്ചതെന്നു മനസ്സിലായില്ലെങ്കിലും ബാൽക്കണി തുറന്നു നോക്കിയപ്പോഴാണ്… “ എന്നും പറഞ്ഞു വീണ്ടും കുറെ കരയുന്ന സ്മൈലി..

ഓർമ വച്ച കാലം മുതൽ വീടിന്റെ തണലായിരുന്നു ചെറുപ്പം മുതൽ കാണുന്ന ആ മൂവാണ്ടൻ മാവ്. പൂക്കാൻ തുടങ്ങുമ്പോൾ തന്നെ കുറേ ദേശാടന കിളികളും പക്ഷികളും അതിൽ കൂടാറുണ്ട്. അതുകൊണ്ട് തന്നെ രാവിലെ കണ്ണ് തുറക്കുമ്പോൾ നല്ല കിളിനാദം കേൾക്കാം. സ്കൂൾ പൂട്ടിയാൽ ചേട്ടന്മാരും അനിയന്മാരും വരുന്നത് തന്നെ ഈ മാവിൽ ഊഞ്ഞാലാടാനും കല്ലട്ടിയിൽ കയറിയാൽ കൈയ്യിൽ കിട്ടുന്ന പച്ച മാങ്ങ മുറിച്ചു ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടി കഴിക്കാനും പിന്നെ അമ്മയുടെ മാമ്പഴ പുളിശ്ശേരി കഴിക്കാനുമാണ്..

ഈ മാവ് നിൽക്കുന്നത് അപ്പുറത്തെ പറമ്പിലാണേലും അതിലെ മാങ്ങ മുഴുവൻ നമുക്കായിരുന്നു. ആ പറമ്പാണെൽ അമ്പലമുറ്റത്തായത് കൊണ്ട് അതിന്റെ ഓണർ അവിടെ വീടൊന്നും വച്ചിട്ടുണ്ടായിരുന്നില്ല. കുറേകാലം വെറുതെ കിടന്നു കുടുംബവും മക്കളെല്ലാം അങ്ങു അമേരിക്കയിലെത്തിയപ്പോൾ നാട്ടിലെ തണൽ അവർക്കൊരു ശല്യമായി.

തിരക്കിനിടയിൽ അവളോട് ഒന്നും സംസാരിക്കാൻ പറ്റിയില്ലെങ്കിലും ദിവസം മുഴുവൻ ഇതിനെ കുറിച്ചുള്ള ചിന്തയായിരുന്നു. ജോലിയൊക്കെ കഴിഞ്ഞു വൈകുന്നേരം റൂമിലെത്തി അമ്മയെ വീഡിയോ കാൾ ചെയ്തു..

ഫോൺ എടുത്തെങ്കിലും ആകെ ഒരു മൂകത.

ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്നും ഇറങ്ങി പോയി മുറ്റം കാണിച്ചു തന്നു. വൈകുന്നേരവും മുറ്റത്ത് ഇതുവരെ ഇല്ലാത്ത വെളിച്ചം വന്നിട്ടുണ്ട്. ആ മതിലിനു കീഴെ നമ്മൾ പണ്ട് ഊഞ്ഞാൽ കെട്ടിയ കയറും പലകയും കണ്ടു. അതൊക്കെ കണ്ടപ്പോൾ തന്നെ എന്റെ കണ്ണ് കലങ്ങി…അമ്മയുടെയും..

കാരണം അങ്ങനൊരു മാവും തണലും ഈ തലമുറയ്ക്കിനി ഇല്ല. ഇനി അടുത്ത പ്രാവശ്യം നാട്ടിൽ പോയാൽ കിട്ടുന്ന മാങ്ങയ്‌ക്കൊന്നും ഈ സ്വാദുണ്ടാവില്ലെന്നു തീർച്ച.

അവളെവിടെ എന്ന് ചോദിച്ചപ്പോൾ ‘അമ്മ കാണിച്ചത് നേരെ മതിലിനപ്പുറത്ത് വെട്ടി തുണ്ടം തുണ്ടമായ മരത്തടികളിൽ കെട്ടിപിടിച്ചു കിടക്കുന്ന ലെച്ചുവിനെയാണ്. പൊട്ടി പൊട്ടി കരയുവാണ്. അതെ, എന്തും നഷ്ടപെടുമ്പോഴാണ് ജീവനില്ലെന്നു കരുതിയ പലതും ജീവന്റെ ജീവനായിരുന്നുവെന്നു തിരിച്ചറിയുന്നത്.

മനുഷ്യാ.. പ്രകൃതിയിൽ തണലേകുന്ന മരങ്ങളെ വെട്ടി തുണ്ടമാക്കിയപ്പോൾ എന്തു നേടി.

മണ്ണാകുന്ന ഭൂമിയിൽ വൃക്ഷങ്ങൾ പരിപാലിച്ചും പുതിയത് നട്ടു പിടിപ്പിച്ചുമാണ് പുതു തലമുറയ്ക്ക്
വെളിച്ചമേകേണ്ടത്.. അല്ലാതെ അനാവശ്യമെന്നു തോന്നുമ്പോൾ വെട്ടി തുണ്ടമാക്കിയിട്ടല്ല… !!

എന്തോ നിമിത്തം പോലെ ഈ വർഷം മൂവാണ്ടൻ മാവിന്റെ മുളപ്പിച്ച നാലഞ്ചു വിത്തുകൾ മക്കളുടെ രൂപത്തിൽ പൊടിച്ചിട്ടുണ്ട്. തെളിയിക്കണം, തലമുറ തല തെറിച്ച മനുഷ്യന്മാർക്ക് മാത്രമല്ല തണലേകുന്ന മരങ്ങൾക്കുമുണ്ട്…

@അതുൽ കൃഷ്ണ വാര്യർ

About the author

Leave a Reply

Your email address will not be published. Required fields are marked *