/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins ഹാപ്പി ബർത്ത്ഡേ ദാസാ.... - ║കുത്തിക്കുറിപ്പുകൾ║

ഹാപ്പി ബർത്ത്ഡേ ദാസാ….

കോളേജ് കാലം ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പോലും കാണാത്ത നൃത്തചുവടുകളോടെ ആരാധികമാരെ കറക്കിയെടുത്തു അവരൊക്കെ ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയ്തപ്പോ എന്റെ കണക്കിൽ 38 പ്രൊപോസൽ/ (സ്റ്റിൽ കൗണ്ടിംഗ്) പുഷ്പം പോലെ തട്ടി തെറിപ്പിച്ച സാക്ഷാൽ അജിത് കുമാർ.. 😍🔥

അനങ്ങിയാൽ സ്റ്റെപ്പ്.. നിന്നാൽ പോസ്.. നടന്നാൽ ആക്ഷൻ.. അങ്ങനെ എന്ത് ചെയ്താലും ട്രെൻഡിങ് ആക്കി മാറ്റുന്ന ഉയിർ നന്പൻ നോക്കിയ പെണ്പിള്ളോരൊക്കെ ഇന്ന് നല്ല നിലയിലെത്തി എന്നത് ഇവന്റെ മാത്രം പ്രത്യേകതയാണ്. ഞാൻ ഡിവിനേട്ടന്റെ ഫാനാണെന്ന് ഓരോ പെൺകുട്ടികളും ഒരേ സ്വരത്തിൽ പറയുമ്പോൾ എനിക്ക് അസൂയ കൂടിയെങ്കിലും ചേട്ടൻ ഡിവിനേട്ടന്റെ ഫ്രണ്ട് അല്ലെ എന്ന് കേൾക്കുമ്പോൾ കിട്ടുന്ന അഭിമാനത്തിൽ അതൊക്കെ അലിഞ്ഞു പോകും. “ദിവിനേട്ടൻ എങ്ങനെയാ.. പാവാണോ.. ബുള്ളെറ്റ് ഒക്കെ ഓടിക്കുമോ..കലിപ്പനാണോ എന്നൊക്കെ ഒരു കാന്താരി ചോദിച്ചു ശല്യപ്പെടുത്തിയപ്പോൾ “മോളെ അവനു വേറൊരു സെറ്റപ്പ് ഉണ്ടെന്നു പറഞ്ഞതും മുഖമൊക്കെ മാറിയ ആ കാന്താരിയെ സമാധാനിപ്പിക്കാൻ അവനെ മുന്നിൽ കൊണ്ട് വരേണ്ടി വന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.. 😌

പലരും ഗവണ്മെന്റ് ജോലിക്കാരെ മതി എന്ന് പറഞ്ഞപ്പോൾ നാട്ടിലെ പെണ്പിള്ളേരുടെ വീട്ടുകാരൊക്കെ നേരിട്ട് വന്നു ചോദിക്കണമെന്ന് പറഞ്ഞ സമയത്ത് “അത്രയ്ക്ക് സുന്ദരനാണോ ഞാൻ” എന്ന്ട്ട് സന്തോഷത്തോടെ തിരിച്ചു ചോദിച്ചപ്പോൾ അവര് പറയുവാ.. സൗന്ദര്യമൊക്കെ മനസ്സിലല്ലേ .. ഡിവിൻ ദാസ് നോക്കിയ പെണ്കുട്ടികൾക്കൊക്കെ ഒരുമാസം കൊണ്ട് വേറെ കല്യാണം റെഡി ആയെന്നു കേട്ടിട്ടുണ്ട്” എന്ന് കേട്ടപ്പോൾ മുഖത്തെ ചമ്മൽ ടിഷ്യു കൊണ്ട് തുടച്ചു ബ്ലഡി ഗ്രാമവാസികൾക്ക് തന്നോടുള്ള അസൂയകൊണ്ടാണെന്നു വിശ്വസിച്ച കാലമുണ്ട്..ഇത്രയും അനുഭവ സമ്പത്തുണ്ടെങ്കിലും പ്രേമിച്ച പെണ്കുട്ടികളൊക്കെ തന്നെ തേപ്പു പെട്ടി ആക്കിയെങ്കിലും മുഖത്തെ ആറ്റിട്യൂടും മനസ്സിലെ നിഷ്കളങ്കതയുമാണ് ഇന്നും ഈ ഫീൽഡിൽ നെഞ്ചുറപ്പോടെ ഇരിക്കുന്നതിന് കാരണം..🥳

എട്ടാം ക്ലാസ് മുതൽ നമ്മൾ സ്കൂളിൽ ഒരുമിച്ചു കൂടിയതാണ്.. അവിടുന്നുള്ള ഉടായിപ്പൊക്കെ ചെയ്തു ഉഴപ്പന്മാരുടെ ഇടയിൽ സ്റ്റാറായെങ്കിലും മാർക്ക് വരുമ്പോൾ ക്ലാസ്സിൽ കൂടുതൽ മാർക്ക് വാങ്ങുന്നതിവനായിരിക്കും.പഠിത്തത്തിലായാലും കലോത്സവത്തിലാണെങ്കിലും ഇവന്റെ കഴിവുകൾ ലോകം അറിയാൻ വൈകി പോയി എന്നതും അവൻ ഈ കാട്ടി കൂട്ടിയതൊന്നും നേരിട്ട് കാണിക്കാൻ അന്ന് ടിക്‌ടോക്കോ ഇൻസ്റ്റാ റീൽസോ ഇല്ല എന്നതും ഇരുപതാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയുടെ ഇന്റർനാഷണൽ പോരായ്മകളാണ്.😏

കോളേജ് ഡേയ്ക്ക് തുള്ളി തുള്ളി തുള്ളി മഴയായി വന്താലേ എന്ന പാട്ടിനു സ്റ്റെപ്പ് ഇട്ടപ്പോഴാണ് സത്യത്തിൽ പെൺകുട്ടികൾക്ക് അവൻ മലയാളികളുടെ വിജയ് ദേവർകൊണ്ട ആയത്. അതിനു ശേഷം “ഡാൻസർ ഡിവിൻ ആർമി” എന്നും പറഞ്ഞു കുറച്ചു ആരാധികമാർ ഒരു ഗ്രൂപ്പ് തുടങ്ങിയെങ്കിലും അക്ഷരാർത്ഥത്തിൽ അവനു അതിനൊന്നും സമയമില്ലായിരുന്നു.. നമ്മുടെ കൂടെയൊരു പ്രഭുദേവയെ വച്ചിട്ടാണോ മലയാളികൾ കൊറിയോഗ്രാഫിക്ക് പുറം രാജ്യങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവരുന്നത് എന്നൊരു ചോദ്യവും സിനിമ ലോകത്ത് പരന്നിരുന്നു.. ബാംഗ്ലൂർ ഗോപാലൻ മാളിൽ സ്പോട് കൊറിയോഗ്രാഫി ചെയ്തു കന്നടക്കാരെ അമ്പരപ്പിച്ചത് വലിയൊരു നേട്ടമായിരുന്നു… അന്നവിടെ വന്നവരൊക്കെ സ്റ്റെപ്പിട്ടപ്പോൾ മലയാളികളുടെ മാനം കാത്തു പ്രൈസും വാങ്ങി മാളിലെ കൂടൊരു സ്ലോ മോഷനിൽ വരുന്ന കാണണം യാ മോനെ പൊളി…!!

അവനോടുള്ള അസൂയയിൽ നടന്നൊരു സംഭവമായിരുന്നു ഒരു പെൺകുട്ടി ഡിവിൻ എങ്ങനെയാ ചോദിച്ചപ്പോൾ സ്വാഭാവികമായും എല്ലാവരോടും പറയുന്ന പോലെ മൂന്നു ചേച്ചിമാരുടെ പുന്നാര ആങ്ങളയാണ്.. പാവമാണ്.. നല്ലോണം പഠിക്കും.. പാട്ടു പാടും.. ഡാൻസ് ചെയ്യും.. സബർജില്ലി തോട്ടം.. കൊടൈക്കനാലിൽ നാലേക്കർ സ്ഥലം… സകലകലാവല്ലഭൻ ആന്നെന്നു കാച്ചിയപ്പോൾ ജീവിതത്തിൽ ദിവിനേട്ടനെ പോലൊരു ചെക്കനെ കിട്ടിയാൽ മതിയായിരുന്നു എന്ന് കേട്ടത് സഹിക്കാൻ വയ്യാതെ ഞാൻ അവനോട് പോയി “ഡാ നിന്നെ പറ്റിയൊരു പെൺകുട്ടി ചോദിച്ചിരുന്നു.. ഞാൻ അവനു മൂന്നു സെറ്റപ്പ് ഉണ്ട്.. രാത്രിയൊക്കെ അടിച്ചു കിണ്ടിയായി കടത്തിണ്ണയിലാണ് കിടന്നുറങ്ങുന്നത്..” പറഞ്ഞെന്നു കേട്ടതും എന്നെ തട്ടി മാറ്റി ഈ കലിപ്പൻ അവളുടെ അടുത്ത് പോയി … ” ദാ ഇവൻ എന്തൊക്കെയോ പറഞ്ഞില്ലേ… എല്ലാം വെറുതെ പറഞ്ഞതാണ്…എല്ലാം മായിച്ചു കളഞ്ഞേ.. നിങ്ങൾ കേട്ടതൊക്കെ അവൻ തന്നെ ഉണ്ടാക്കിയ കഥകളാണ്..” എന്ന് പറഞ്ഞപ്പോൾ ആ കലിപ്പ് കാന്താരി എന്നെ നോക്കി പറയുവാ “അതുൽ… യു ചീറ്റ്……ഐ ഡിഡിന്റ് എക്സ്പെക്ട് ദിസ് ഫ്രം യു” 🥺

അങ്ങനെ സ്കൂളിൽ നിന്നും കോളേജിൽ പോയപ്പോഴും അവിടുന്ന് ഒരുമിച്ചു ദുബായിലേക്ക് കയറിയപ്പോഴും അവിടുന്ന് യാദൃശ്ചികമായി ഒരേ റൂമിലേക്ക് മാറിയപ്പോഴും ഇവനെ പോലെയുള്ള ഒരുത്തൻ കൂടെയുള്ളത് കൊണ്ടാണ് ഞാനും എന്നെ പോലെ ഒരു നിഷ്കളങ്കനായ ഒരുത്തൻ കൂടെയുള്ളത് കൊണ്ടാണ് അവനും തിരിച്ചു നാട്ടിലേക്ക് പോവാഞ്ഞത്.. “മതിയെടാ നിർത്തി നാട്ടിൽ പോവാ എന്ന് പറയുമ്പോൾ “അല്ലേലും ഡിവിൻ ദാസ് പണ്ടേ ഒറ്റയ്ക്കല്ലേ” എന്ന മറുപടി കേട്ടാൽ മതി ഉള്ള മൂഡ് കളയാൻ… എന്തെങ്കിലും സഹായം ചോദിക്കുമ്പോൾ ഞാൻ പറ്റില്ല എന്ന് പറഞ്ഞാൽ “നീ പനി പിടിച്ചു കിടക്കുമ്പോ ആകെയുള്ള പുതപ്പും നിനക്ക് തന്നു എസി റൂമിൽ കിടുകിടാ വിറച്ചു ഒരു പോളകണ്ണടയ്ക്കാതെ സമയം കൂട്ടാൻ ഞാനേ ഉണ്ടായിട്ടുള്ളൂ ട്ടാ..(ബാക്ക്ഗ്രൗണ്ടിൽ നന്മയുള്ള ലോകമേ) ” എന്നൊക്കെ കേട്ടാൽ തന്നെ ചെയ്തു കൊടുത്തില്ലേലേ അതിശയമുള്ളൂ…🤷🏻‍♂️

ഒരു കലാകാരനെ അങ്ങേ അറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം.. ചിലപ്പോ നമ്മുടെ നല്ലൊരു വാക്കിൽ കിട്ടുന്ന കോൺഫിഡൻസിലായിരിക്കാം അവരുടെ വളർച്ച.. ഡാ ഇതെങ്ങനെയുണ്ട് എന്ന് ചോദിച്ചു തീരുന്നതിന് മുന്നേ “പൊളിച്ചെടാ” എന്ന് പറഞ്ഞാലും “ഡാ… ഡാ… ഒരുത്തനു കഴിവില്ലെങ്കിൽ മുഖത്ത് നോക്കി കഴിവില്ലെന്ന് പറയണം… അല്ലാതെ അനാവശ്യമായി പ്രോത്സാഹനം തന്നു കുഴിയിൽ ചാടിക്കുന്നവനല്ല യഥാർത്ഥ സുഹൃത്ത്” എന്ന ഡയലോഗ് മാത്രമാണ് ബാക്കി…🤭

ജീവിതത്തിൽ പല സന്ദർഭങ്ങളിൽ പല സുഹൃത്തുക്കളും വന്നും പോയിരിക്കുന്നുണ്ടെങ്കിൽ പത്തിൽ കൂടുതൽ വര്ഷങ്ങളായി കട്ടക്ക് കൂടെ നിൽക്കാൻ ഒരുത്തനെ കിട്ടിയത് ചെറിയ കാര്യമല്ല.. കോളജിലെ ചോരത്തിളപ്പിന്റെ കാലത്ത് ഒന്നോ രണ്ടോ വര്ഷം മിണ്ടാതായെന്നതൊഴിച്ചാൽ 24 മണിക്കൂറും നമ്മൾക്കിടയിൽ ദാസനും വിജയനുമായി ജീവിക്കുന്ന ദാസാ.. ഒരായിരം പിറന്നാളാശംസകൾ …😘😘😘

About the author

Leave a Reply

Your email address will not be published. Required fields are marked *