സമയം:വിഷു ദിവസം സ്ഥലം:തൃച്ചംബരം
നാട്ടിലേക്ക് വരുന്ന കാര്യങ്ങൾ ശരിയായത് പെട്ടെന്നായതു കൊണ്ടു തന്നെ വരുന്നത് വിഷുവിനാണെന്ന പ്രത്യേകതയും എന്തു വന്നാലും വിഷു ദിവസം പുലർച്ചെ തമ്പുരാന്റെ നടയിൽ ശങ്കര നാരായണ പൂജ തൊഴാൻ പോവണമെന്നും അത്രയും ആഗ്രഹിച്ചതായിരുന്നു. വർഷത്തിൽ രണ്ടു തവണ,വിഷുവിനും ശിവരാത്രിക്കും പുലർച്ചെ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള തൃച്ഛംബരത്തപ്പന്റെ കാൽ നടയായുള്ള എഴുന്നള്ളിപ്പിന് ശേഷം നടക്കുന്ന ചടങ്ങാണ് ശങ്കരനാരായണ പൂജ. വന്നപ്പോൾ രണ്ടു തവണ തമ്പുരാനെ തൊഴാൻ പോയെങ്കിലും ശങ്കര നാരായണ പൂജ തൊഴുന്നത് പ്രത്യേക അനുഭൂതിയാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.വൈകുന്നേരം തന്നെ തൃച്ഛംബരത്തെ ജ്യോതിസ്സിനെ വിളിച്ചു സമയം കൃത്യമാക്കിയപ്പോൾ എഴുന്നള്ളിപ്പ് പുലർച്ചെ രണ്ടു മണിക്കായിരിക്കും.. അവിടെ എത്തിയാൽ മതിയെന്നും പറഞ്ഞു. അങ്ങനെ വിഷുവിന്റെ തലേന്ന് രാത്രിയുള്ള ഒരുക്കങ്ങളും പടക്കം പൊട്ടിക്കുന്നതുമൊക്കെ കഴിഞ്ഞു പതിനൊന്നു മണിയായപ്പോൾ ഒറ്റയ്ക്ക് പോവാൻ മടിച്ചു നിൽക്കുമ്പോഴാണ് പെട്ടെന്ന് പ്രസാദേട്ടനെ ഒന്ന് വിളിച്ചു നോക്കാമെന്നു തോന്നിയത്. അല്ലേൽ വേണ്ട ഉറങ്ങിയിട്ടുണ്ടെങ്കിൽ ഉറങ്ങട്ടെ.. വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു നോക്കാമെന്നു കരുതി അയച്ചപ്പോൾ അപ്പൊ തന്നെ റീപ്ലൈ കിട്ടി. ഞാൻ ഒന്നര രണ്ടു മണിക്ക് പോവാമെന്നു പറയുമ്പോൾ എന്നാൽ വാ ഇപ്പൊ തന്നെ പോയി കളയാം എന്ന മൈൻഡിലായിരുന്നു പ്രസാദേട്ടൻ.. ഒന്നും നോക്കിയില്ല നേരെ തൃച്ചംബരം അമ്പല നടയിൽ എത്തിയപ്പോൾ കൃത്യം 12:00. ഞാൻ ഫോണിൽ കാണിച്ചിട്ട് പ്രസാദേട്ടനോട് പറഞ്ഞു. ഈ വർഷത്തെ വിഷു ദിനത്തിന്റെ തുടക്കം തൃച്ഛംബരത്തപ്പന്റെ നടയിൽ തുടങ്ങാനായിരിക്കും നമ്മുടെ യോഗം…!!
ആൾകാർ വന്നു തുടങ്ങുന്നതേ ഉള്ളു.. നടയിൽ പോയി തൊഴുതു പുറത്തു കാത്തുനിൽക്കുമ്പോഴാണ് ചെണ്ടയുടെ ശബ്ദം കേട്ടത്. ഈ വർഷം നാട്ടിൽ വന്നിട്ട് ആദ്യായിട്ട് കേൾക്കുന്നതിന്റെ ആവേശത്തിൽ ചാടി എണീറ്റ് നേരെ നടയിലേക്കോടി..അപ്പോഴേക്കും പന്തം പിടിക്കാനുള്ളവർ എത്തി കൂടെ ജ്യോതിസ്സും. പുറത്തേക്ക് വരുന്ന എഴുന്നള്ളിപ്പ് നേരിട്ട് കാണേണ്ട ആവേശത്തിൽ നടയിൽ തന്നെ നിൽക്കുമ്പോഴതാ അകത്തെ എഴുന്നള്ളിപ്പ് കഴിഞ്ഞു തൃച്ഛംബരത്തപ്പൻ പുറത്തേക്ക് വരുന്നു. അവിടെയുണ്ടായിരുന്നവരേവരും ഭഗവാനെ ഗോവിന്ദാ ആരവങ്ങളോടെ എതിരേറ്റു. പാക്കത്തോർ വിഗ്രഹം തലയിലേറ്റി പ്രദക്ഷിണം ചെയ്യാൻ തയ്യാറാവുമ്പോഴേക്കും പന്തക്കാരും ചെണ്ടക്കാരും എഴുന്നള്ളിപ്പ് കാണാൻ വന്നവരും കൂടെ കൂടി.. കുംഭമാസത്തിലെ ഉത്സവത്തിന് ഒരുമാസം ഉറക്കൊഴിയുന്ന തൃച്ഛംബരകാർക്ക് ഈ സമയമൊരു പുതിയ കാര്യമല്ല. പുറത്തെ എഴുന്നള്ളിപ്പിന് ശേഷം തൃച്ഛംബരത്തപ്പനെ അനുഗമിച്ചു പന്തക്കാരും ചെണ്ടക്കാരും എല്ലാവരും കാൽനടയായി തമ്പുരാന്റെ നടയിലെക്കെത്തുമ്പോഴേക്കും പ്രസാദേട്ടനും ഞാനും തമ്പുരാന്റെ നടയിൽ മുന്നിൽ തന്നെ സ്ഥലം പിടിച്ചു. ആ മേള അകമ്പടികളോടു കൂടി തൃച്ഛംബരത്തപ്പന്റെ വരവ് ജീവിതത്തിലൊരിക്കലെങ്കിലും കാണേണ്ടതാണ്. ഓടി വന്നു നടയിൽ നിന്നും നൃത്തം വച്ചതിനു ശേഷം നേരെ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തു കിഴക്കേ നടയിലെത്തി തൃച്ചംബരം ക്ഷേത്രത്തിൽ നിന്നും ഭഗവാനെ തലയിലേറ്റിയ പാക്കത്തോർ വിഗ്രഹം കയ്യിലെക്കെടുത്തു ശ്രീകോവിലിലേക്കൊരു നടത്തമുണ്ട്.. മനസ്സിൽ കുളിരു കോരുന്ന കാഴ്ച..ഉറക്കമൊഴിഞ്ഞു കാത്തിരുന്നത് കാരണം സ്വപ്നമാണോ യാഥാർഥ്യമാണോ മനസ്സിലാവാത്ത കാഴ്ച.. കൂടെ ഗോവിന്ദാ വിളിയും കനത്തപ്പോൾ നടയിൽ മുട്ടു കുത്തിയിരുന്നു ശ്രീകോവിലിലേക്കുള്ള യാത്ര കൺകുളിർക്കെ കണ്ടു.. ശ്രീകോവിലിൽ കയറി പെരുംതൃക്കോവിലപ്പന്റെ കൂടെ തൃച്ഛംബരത്തപ്പനെയും ഇരുത്തിയപ്പോൾ ഭഗവാനേ.. ഈ കാഴ്ചയാണ് ഇത്രയും കാലം കാത്തിരുന്നത്.. ഇതിനാണ് ഇവിടെ എത്തിച്ചത്…. മനസ്സ് നിറഞ്ഞെന്നും പറഞ്ഞു എണീറ്റ് നോക്കുമ്പോൾ എനിക്ക് കണ്ണു നിറഞ്ഞൊഴുകുന്നു. പ്രസാദേട്ടനും അതേ അവസ്ഥ.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി… മനസ്സലിയാൻ ഇതിലും നല്ല കാഴ്ച വേറെയില്ല..ഒരുതരത്തിൽ വിഷു ദിവസത്തെ ആദ്യത്തെ കണിയായി തോന്നിയെങ്കിലും സമയം നോക്കുമ്പോൾ രണ്ടര കഴിഞ്ഞു…പുലർച്ചെ എണീറ്റ് അമ്പലത്തിൽ കണി തൊഴാനുള്ള വിളക്ക് കത്തിക്കേണ്ടത് കാരണം നേരെ വീട്ടിലേക്കു വന്നു. അപ്പൊ പറഞ്ഞു വന്നത് …അതൊക്കെ അത്രേ ഉള്ളു.. ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പർ മറക്കില്ല… ![]()
