ശ്യോ ഇന്നാണ് “ലെറ്റ് അസ് മീറ്റ്” എന്ന് പറഞ്ഞത്.
രാവിലെ പത്ത് മണിക്ക് എത്തണം. കൂടെ ഒരു ഫ്രണ്ടും ഉണ്ട്.. അവനെയും പരിചയപ്പെടുത്താമെന്നൊക്കെ പറഞ്ഞിരുന്നു..
ഞാൻ റെഡിയായി പതിവ് പോലെ എക്സ്പോയിലേക്ക് മെട്രോ കയറി.
നേരെ എക്സ്പോ ചെക്കിങ് ഒക്കെ കഴിഞ്ഞു അകത്തു കയറി തേര പാര നടക്കുമ്പോ രണ്ടു ഫോട്ടോ എടുത്തു പോസ്റ്റി.
അപ്പോഴേക്കും മെസ്സേജ് വന്നു.. എന്നെ എൻട്രൻസിൽ കാത്തു നിക്കെടാ .. ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല്യാ ട്ടാ …
സൗകര്യോല്ലന്ന് പറയണമെന്നുണ്ടെങ്കിലും ആദ്യായിട്ട് കാണുന്നതല്ലേ.. എന്തിനാ വെറുപ്പിക്കുന്നതെന്നു കരുതി നേരെ മെട്രോയുടെ സൈഡിൽ തണലത്തു പോയിരുന്നു. കട്ട പോസ്റ്റ് ആയപ്പോൾ പഴയ കഥകളിങ്ങനെ ആലോചിച്ചു.
നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ടാവും എവിടെ നിന്നോ പറന്നു വന്നു മറ്റുള്ളവരുടെ ഇരുട്ട് മൂടിയ ജീവിതത്തിലേക്ക് മോട്ടിവേഷനിലൂടെ തൻ്റെ പ്രകാശം പകർത്തുന്ന മിന്നാമിന്നി. അങ്ങനുള്ളൊരു മിന്നാമിന്നിയെയാണ് ഇന്ന് കാണുന്നത്. ഇൻസ്റാഗ്രാമിലൂടെ നങ്കൂരമിടുമ്പോഴാണ് എളവള്ളി ടൗണിലുള്ള അച്ചാച്ചന്റെ ചായക്കടയിലെ കഥ വായിക്കാനിടയായത്. ഏഴോ എട്ടോ ഭാഗങ്ങളുള്ള കഥ ഒറ്റ ഇരിപ്പിനു വായിച്ചു തീർന്നപ്പോൾ തന്നെ ഗംഭീരായിട്ടുണ്ട്… വല്ലാതങ്ങു ഇഷ്ടപെട്ടെന്നൊരു മെസ്സേജ് അയച്ചതാണ് എല്ലാത്തിനും തുടക്കം. വല്യ എഴുത്തുകാരിയാണെങ്കിലും റിപ്ലൈ കിട്ടില്ലെന്ന് വിചാരിച്ചെങ്കിലും എന്റെ ചിന്തകളെ കാറ്റിൽ പറത്തി മറുപടി വന്നു. വരുന്ന മെസ്സേജുകൾക്കിടയിൽ നിന്നും എന്റെ മെസ്സേജ് എങ്ങനെ തിരഞ്ഞെടുത്തെന്നു പല പ്രാവശ്യം ചോദിച്ചിട്ടുണ്ടെങ്കിലും ” കഥ വായിച്ചതാണോ അതോ വെറുതെ പറയണതാണോ പറയണത് കേട്ടാൽ മനസിലാവും.. മെസ്സേജ് കണ്ടപ്പോൾ എന്റെ കഥ കലക്കി കുടിച്ച പോലെ തോന്നി”..
ഓ മൈ ഗോഡ്.. നമ്മളും വിട്ടുകൊടുക്കരുതല്ലോ.. ഞാൻ കുത്തിക്കുറിച്ച “ബുർജ് ഖലീഫ കഥ ” തിരിച്ചയച്ചു സമയം പോലെ വായിച്ചു മറുപടിതരാൻപറഞ്ഞു.
ഒരു ദിവസം കഴിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു
മൂന്നു ദിവസം കഴിഞ്ഞു
ഞാൻ സംഭവം വിട്ടു…
ഒരാഴ്ച കഴിഞ്ഞപ്പോഴതാ പ്രതീക്ഷിക്കാത്തൊരു റിപ്ലൈ..
കഥ വായിച്ചു നന്നായിട്ടുണ്ട്.. എഴുത്തു തുടരണം.. നല്ല വിവരണം.. എന്നൊക്കെ പറഞ്ഞു റിപ്ലൈ..!
ആഹാ.. നമ്മുടെ കഥ വായിക്കാനൊക്കെ സമയം ഉണ്ടാവുമോ.. അയച്ചു കൊടുത്ത പലരും വായിക്കാം എന്ന്പറഞ്ഞു തള്ളിക്കളയുമെങ്കിലും ആരെങ്കിലും എൻ്റെ കഥ വായിച്ചെന്നു കേട്ടാലും മനസ്സിന്റെ ഉള്ളിലൊരു സന്തോഷാ….
അച്ചാച്ചന്റെ കഥയും വല്ലാതെ മനസ്സിൽ കൊണ്ടെന്നും എനിക്കും അതുപോലൊരു കഥ എഴുതണം എന്ന് പറഞ്ഞപ്പോഴാണ് വഴിയേ നമുക്ക് എഴുതാം.. “ധൈര്യമായി എഴുത്”… പലരും എഴുതണം എഴുതണം എന്ന് പറഞ്ഞെങ്കിലും എഴുതാനുള്ള ധൈര്യം കിട്ടിയത് ഈ ഒരൊറ്റ വാക്കിലാണ്. വാക്കു മാത്രമല്ല എന്റെ ഓരോ എഴുത്തിലെ ശരിയും തെറ്റും പൊട്ടത്തരങ്ങൾ എഴുതിയ എന്റെ കഥകൾ ഒന്നാം ക്‌ളാസ്സിലെ ഉത്തര കടലാസ്സ് നോക്കിയാ ക്ലാസ് ടീച്ചറെ പോലെ എല്ലാം തിരുത്തി തന്നിട്ടുണ്ട്. ഇതിനിടയിൽ കൈതപ്രം തിരുമേനിയെ എങ്ങനെയാ പരിചയം എന്നായി അടുത്ത ചോദ്യം…
പിന്നങ്ങോട്ട് കൈതപ്രം തിരുമേനിയായിട്ടുള്ള ജീവിതത്തിലെ അനുഭവ സമ്പത്തിന്റെ പുസ്തകത്താളുകൾതുറന്നു പല കഥകളും പറഞ്ഞു കൊടുത്തപ്പോൾ നേരിട്ട് കാണണംന്നായി.. കാണിക്കാമെന്നു ഉറപ്പുംകൊടുത്തെങ്കിലും ഇന്നും പറ്റിയില്ല്യ എന്നാണു സത്യം. മാഷെ കാണിച്ചാലേ ഫേസ്ബുക്കിൽ റിക്വസ്റ് അക്സപ്റ്റ് ചെയ്യൂ എന്നൊക്കെ പറഞ്ഞായിരുന്നു.. എന്നാലും നമ്മള് തിരുമേനിയെ നേരിട്ട് കാണും എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്..
അങ്ങനെ സംസാരങ്ങൾ കഥകളായി പാട്ടുകളായി അനുഭവങ്ങളായി ഒടുവിൽ കോളേജ് സമയം കുറച്ചു ദിവസം റേഡിയോ ജോക്കി ആയി വേഷമിട്ട എന്നെ കൊണ്ട് ആ വേഷം ഇൻസ്റ്റാഗ്രാം മെസഞ്ചറിൽ ഒന്നുടെ അണിയിച്ചു പല ചോദ്യങ്ങളും ചോദിച്ചെങ്കിലും തിരിച്ചു പറഞ്ഞ ഉത്തരങ്ങൾ പല രീതിയിൽ എന്റെ ചിന്തകൾ തന്നെ മാറ്റി മറച്ചു. ആള് അനുഭവങ്ങൾ കൊണ്ട് എന്നെക്കാളും വലുതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീടൊക്കെ അങ്ങനെ സംസാരിക്കണമെങ്കിൽ കഥ എഴുതണം എന്ന ട്രാക്ക് വരെ എത്തി. അതിലൂടെയാണ് ഉറങ്ങി കിടന്ന കുഴിമടിയനായ എന്നെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു കയറ്റുന്നത്. എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്നു പറയുന്നത് പോലെ… എഴുത്ത് ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിച്ച ആളാണ്..
കാലം കുറച്ചു കഴിഞ്ഞു രണ്ടു പേരും ജോലി തിരക്കിൽ പെട്ട് രണ്ടു വഴിക്ക് മാറിയ സമയമാണ് ഒരപ്രതീക്ഷിതകാൾ വരുന്നത്…
വാര്യരേ..
ആരാ
ഞാനാടോ വാര്യരേ..
ഏത് ഞാൻ..
ഇങ്ങനെ വാര്യരേ എന്ന് വിളിക്കുന്ന എത്ര പേരെ നിനക്കുണ്ട്..
ഓ നമ്മടെ… എന്തെല്ലാ.. എവിടാണ്.. നമ്മളെയൊക്കെ ഓർമ്മയുണ്ടോ..
ഓർമയുള്ളത് കൊണ്ടല്ലേ വിളിച്ചത്..
ശ്യോ.. എനിക്ക് വയ്യ..
അല്ല നിനക്ക് ഈ ശനിയാഴ്ച എന്താ പരിപാടി..
അതിപ്പോ ഷെഡ്യുൾ നോക്കണല്ലോ..
റൂമിൽ ഫോണും കുത്തി ടിക്‌റ്റോക്കും ഇൻസ്റ്റഗ്രാമും മാറി മാറി കാണുന്നവനെന്ത് ഷെഡ്യുൾ 😌
ഉവ്വോ.. ഒരു അപ്പോയ്ന്റ്മെന്റ് കിട്ടുവോ.. ലെറ്റസ് മീറ്റ്..നിനക്കല്ലേ എന്റെ കഥ കേൾക്കണം പറഞ്ഞത്.. കുറേ കഥ പറയാനുണ്ട്.. ☺️
ആഹാ.. ഞാൻ ഇപ്പഴേ റെഡി..സ്ഥലം പറ.. പ്ലാൻ ചെയ്യാലോ:.
എക്സ്പോ ആയാലോ.. എന്റെ ഒരു ഫ്രണ്ടും ഉണ്ടാവും.. അവൻ ഫൊട്ടൊഗ്രൊഫർ കൂടിയാണ്.. lets capture something 🤭
ആ ഒരു മീറ്റപ്പാണിന്നു നടക്കുന്നത്.. നേരിട്ട് കാണണമെന്നൊന്നു പറഞ്ഞ ദിവസം..
അതെ…എനിക്ക് പാട്ട് പാടി തരുന്ന… കഥ പറഞ്ഞു തരുന്ന.. ഉപദേശിക്കുന്ന… ചിലപ്പോ നല്ല മൂഡ് ആണെങ്കിൽ”എടോ വാര്യരെ.. തന്നെ കാണാനേ ഇല്ലല്ലോ.. എവിടെടോ” എന്നൊക്കെ പറഞ്ഞു വീഡിയോ ഒക്കെ അയക്കുന്നആളെ നേരിട്ട് കാണാൻ പോവാ. ഈ ഫോണിലൊക്കെ ഉള്ള പോലെ അല്ലല്ലോ നേരിട്ട്.. ആദ്യത്തെ കാഴ്ച്ചയിൽതന്നെ കുളമാവാല്ലേ എന്നൊക്കെ വിചാരിക്കുമ്പോഴതാ കാൾ
“എവിടെ”
ദാ ഇവിടെ തണല്മരച്ചോട്ടിൽ ഉണ്ടല്ലോ…
എവിടെടാ..
ചെക്കിങ് കഴിഞ്ഞോ ?
ആ കഴിഞ്ഞു..
നേരെ മുന്നിലേക്ക് വാ.. എന്നെ കാണാം..ആ… വൈറ്റ് ടീഷർട്ട് ആണോ…
അതേല്ലോ…
എന്നാൽ ഇതാ ലെഫ്റ് സൈഡിലേക്ക് നോക്ക് ..
കൈ പൊക്കി കാണിച്ചു..
പമ്മി പമ്മി ആ വെയിലത്ത് നടന്നു വന്നു..
കണ്ടപ്പോൾ തന്നെ സ്റ്റക്കായി,,കുട്ടി മിണ്ടണില്യ.. ശ്യേ,, ഇങ്ങനോനും അല്ലല്ലോ ഫോണിൽ..
കണ്ടപ്പോൾ തന്നെ കയ്യിലൊരു ചോക്ലേറ്റ് നീട്ടിയപ്പോൾ ബാഗിൽ വയ്ക്ക് പിന്നീട് വാങ്ങാമെന്നു പറഞ്ഞെങ്കിലും എനിക്ക് അത് പിന്നീട് കിട്ടീട്ടില്ല…
വാ നമുക്ക് നടക്കാമെന്നു പറഞ്ഞു അൽ വാസൽ പ്ലാസയിലേക്ക് നടന്നു..
അവിടുന്ന് നേരെ അൽ ഫോർസാൻ പാർക്കിലേക്കും.. നേരത്തെ പറഞ്ഞ ഫ്രണ്ട് മിഥുൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു
മിഥുനോട് സംസാരിച്ചു വരുമ്പോഴേക്കും നമ്മൾ ഒരേ വൈബ് ആൾക്കാർ.. എന്നെ പോലെ എക്സ്പോയിലെ എല്ലാപരിപാടികളും മുന്നിലെ ബാരിക്കേയിഡിൽ നിന്നും കാണുന്നവൻ..അവന്റെ ഫോട്ടോയാണ് പിന്നീട് സാക്ഷാൽ എ ആർ റഹ്മാൻ ഷെയർ ചെയ്തത്…
സംസാരിച്ചു സെറ്റ് ആയപ്പോഴേക്കും ഇന്ന് കഥ പറയാൻ ക്ഷണിച്ചയാളോട് ആ അനുഭവങ്ങളുടെ കെട്ടഴിക്കാൻ പറഞ്ഞു..
പിന്നെ ഓരോ കഥകളായി പറയാൻ തുടങ്ങിയപ്പോൾ തൃശൂർ ഭാഷക്കാരി ആയത് കൊണ്ടായിരിക്കാം ആ പറഞ്ഞതൊക്കെ കേട്ടിരുന്നു.. കൂടെ കുറച്ചു പ്ലാൻസും പറഞ്ഞപ്പോൾ സത്യത്തിൽ ഈ ഒരു അനുഭവത്തിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്നതും നേരിട്ട് പരിചയപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലായത്..
അങ്ങനെ രാവിലെ വന്ന നമ്മൾ രാത്രി വരെ കഥകളും തമാശകളും പറഞ്ഞു പൊട്ടിച്ചിരിച്ചു പിരിയാൻ നേരത്താണ്എനിക്കൊരു പാട്ടു കേൾക്കണമെന്ന് ആഗ്രഹം പറഞ്ഞത്.. പാട്ടുകാരിയായാൽ കുറച്ചു ജാഡയൊക്കെ ഉണ്ടാവുമെന്ന് വിചാരിച്ചെങ്കിലും ഇൻസ്റ്റാഗ്രാമിൽ ലൈവിലൊക്കെ വന്നാൽ “ചേച്ചി എനിക്കും ഒരു പാട്ട്” എന്ന് പലരുംപറയുന്നത് കേട്ടിട്ടുണ്ടെങ്കിലും പാട്ട് കേൾക്കണമെന്ന് പറഞ്ഞ സ്ഥലത്തിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്ന്രണ്ടു പാട്ടുകൾ ഒരു മടിയും കൂടാതെ പാടി തന്നു..
തമാശയായി എഴുതാൻ തുടങ്ങിയ എന്നെ ഇത്രയധികം സഹായിച്ചു തെറ്റുകളെല്ലാം തിരുത്തി കൂടെ നിൽക്കാനൊരാളുണ്ടെങ്കിൽ എത്ര ഉയരത്തിലുമെത്തുമെന്നു കാണിച്ചു തന്നു ഞാനൊരു നല്ല എഴുത്തുകാരനാവാൻ കാരണക്കാരിയായ ഇന്നൊരു പത്തുപേർ എന്റെ കഥ നന്നായെന്ന് ആത്മാർത്ഥമായി പറയുന്നുണ്ടെങ്കിൽ അതിപ്പോ നൂറു പേരായാലും അതിനു പിന്നിൽ ആദ്യമായിട്ട് സ്റ്റേജിൽ കയറുന്നവനെ തള്ളി കയറ്റിയവന് പിന്നിൽ നിന്നും കിട്ടിയ തള്ളു പോലെ അക്ഷരലോകത്തേക്ക് തള്ളി വിട്ടു എന്നെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആളാണെന്നു അഭിമാനത്തോടെ പറയാൻ പറ്റുന്ന കലാകാരി…

❤️👍