സമയം രാത്രി
ഒരു പത്ത് മണി ആയിക്കാണും..
കിടന്നു.
രാവിലെ എണീക്കണം അമ്പലത്തിൽ നിറമാല ആണ് നാളെ. ഒരു ഉച്ച സമയത്ത് പോയാലാണ് വൈകുന്നേരം ദീപാരാധനയ്ക്ക് വിളക്ക് കത്തിക്കാൻ പറ്റു .
അച്ഛൻ രാവിലെ പോയി മാലയ്ക്കുള്ള പൂ ഒക്കെ കൊണ്ട് വരും. വരുമ്പോഴേക്കും കൂട്ടി വച്ച വിളക്കുകൾ ആ പത്തായത്തിൽ നിന്നും എടുക്കണം. ചെറിയ കാര്യം അല്ല. കൂടെ അതിന്റെ അളവ് ശരിയാക്കണം എന്നിട്ട് വേണം എണ്ണ ഒഴിച്ച് തിരി ഇടാൻ. തിരി അഞ്ചെണ്ണം വീതം ഇടണം. അതാണ് കണക്ക്. അച്ഛൻ കൊണ്ട് വരുന്ന മാല മുറിച്ചതായിരിക്കില്ല. അത് ഒരു കത്രിക വച്ച് അളന്നു മുറിച്ച് എല്ലാ അറ്റത്തും നൂല് കെട്ടിഇട്ട് വേണം തൂക്കാൻ. എല്ലാം രാവിലെ മുതൽ തുടങ്ങണം. ഇതൊക്കെ ആലോചിച്ച് കിടന്നു. പിന്നെ നിറമാലയുടെ അന്ന് ഭഗവാന് രാവിലെ പാല്പായസം പതിവുണ്ട്.. അതും നെയ്പായസവും.. ഉണ്ണിക്കത്ഭുതമഹ്ളാദം..!!
ഉറങ്ങി തുടങ്ങുമ്പോൾ തന്നെ പല ചിന്തകളും മനസ്സിൽ വന്നു.
എന്നാലും രാവിലെ തന്നെ എണീക്കണം. കിടന്നു. ഉറങ്ങി.. രാവിലെ ‘അമ്മ വിളിച്ചാൽ മേൽശാന്തിക്ക് താക്കോൽ എടുത്ത് കൊടുക്കണം. എന്നിട് പാട്ടു വച്ചിട് വേണം വീണ്ടും വന്നു കിടന്നുറങ്ങാൻ.. അപ്പോഴേക്കും അച്ഛൻ വിളിക്കും.
അതൊക്കെ ആലോചിച്ചു കിടന്നു.
അലാറം രാവിലെ കൃത്യം അഞ്ച് മണിക്ക് അടിച്ചു.
‘അമ്മ വിളിച്ചില്ലല്ലോ.. ‘അമ്മ തന്നെ താക്കോൽ എടുത്ത് കൊടുത്തോ.. ബെഡിൽ വേറെ ആരോ ഉണ്ടല്ലോ.. ഞാൻ കണ്ണ് തുറന്നു നോക്കി. ഇത് ഞാൻ എവിടെയാ.. നല്ല തണുപ്പ്.. എസിലാണ്. തമ്പുരാനേ.. ദുബായിൽ അല്ലെ ഞാൻ… ഹൂ അഞ്ചു മണി ഓഫീസിൽ പോവാനായി.. എണീറ്റോ ആറു മണിക്കാണ് ബസ്. അത് മിസ് ആയാൽ പിന്നെ ഓഫീസിൽ ലേറ്റ് ആണ്. എണീറ്റ് ഓടി കുളിക്കാൻ. പോയി നിറമാലയും ഇല്ല പാൽപ്പായസവും ഇല്ലാ..
ചിലപ്പോ കാര്യങ്ങളൊക്കെ ഇങ്ങനെയാ.. മനസു ഒന്ന് വിങ്ങി പൊട്ടിയെകിലും പിടിച്ച് നിന്നു . കാരണം ഞാൻ ദുബായിൽ ആണ്. ഇവിടെ മനുഷ്യരൊക്കെ മെഷീൻ ആണ്. സ്വിച്ച് ഇട്ടാൽ ഓടുന്ന മെഷീൻ. വെയിൽ ആയാലും മഴ ആയാലും ലീവ് ഇല്ലാത്ത പേരിനു പോലും ഒരു ഹർത്താൽ ഇല്ലാത്ത നാട്. കമ്പനിയിൽ പിടിച്ച നിൽക്കുക അതിപ്പോ ആട്ടും തുപ്പും കേട്ടാലും. കാരണം സ്വപ്‌നങ്ങൾ തൂക്കിയ ചാക്കിയിലാണ് ഓരോ പ്രവാസിയും ഇവിടെ എത്തുന്നത്. അത് വെറും ചാക്കോടെ കൊണ്ട് പോകുന്നതിനേക്കാൾ നല്ലത് ഇവിടെ ജീവനോടെ കുഴിച്ച് മൂടുന്നതാ.. പല പ്രതീക്ഷകളും ആഗ്രഹങ്ങളും നടത്തുന്നത് പട്ടിണി കിടന്നും പല അവസ്ഥകളും സഹിച്ചിട്ടാണ്. അത് കൊണ്ട് സങ്കടപെട്ടിട്ട കാര്യം ഇല്ല നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കണം. കാരണം തോൽക്കാൻ മനസ്സില്ലാത്തവരെ എല്ലാ സ്ഥലത്തും ജയിച്ചിട്ടുള്ളു. (കണ്ണട സ്മൈലി- കരഞ്ഞാലും കാണാതിരിക്കാൻ)
അതുൽ കൃഷ്ണ വാര്യർ

Super Athul.
Nalla ezhuth.