” ഇന്ന് അതുലാണ് സാറിനു ബെഡ് കോഫി കൊണ്ടുകൊടുക്കേണ്ടത്”
കഴിച്ചോണ്ടിരിക്കുന്ന ദോശ ചട്ടിണി പൊടിയിൽ മുക്കിയെടുക്കുമ്പോഴാണ് ഞാൻ ആ സംസാരം കേട്ടത്. ചേച്ചിയായിരുന്നു അത്. കൈതപ്രം ഇല്ലത്തെ മാതാജി.
“ഞാനോ” എന്ന് ചോദിക്കുന്നതിനും മുന്നേ “ഇന്ന് തിരുവാതിരയാണ്..ഞങ്ങളൊക്കെ പുലർച്ചെ തന്നെ കുളിച്ചു റെഡിയായി പൂജയ്ക്കുള്ള സാധനങ്ങൾ ഒരുക്കുകയാണ്” .പോകുമ്പോൾ സാറിന്റെ കണ്ണടയും ഇന്നത്തെ പത്രവും എടുക്കാൻ മറക്കേണ്ട.
ഉറങ്ങുന്നവരെ ഉണർത്തുന്ന സ്വഭാവം എനിക്ക് പണ്ട് തൊട്ടേ ഇല്ല.. കാരണം നമ്മളൊക്കെ സമാധാനത്തോടെ ജീവിതം ആസ്വദിക്കുന്നത് ആ സമയത്താണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാലും സാറിനെ രാവിലെ വിളിക്കണം എന്നൊക്കെ പറയുമ്പോൾ….
വേഗം കൈ കഴുകി പുറത്തു മേശപ്പുറത്തു ഉണ്ടായിരുന്ന പത്രവും ഷെൽഫിൽ വച്ചിരുന്ന കണ്ണടയും ഡൈനിങ്ങ് ടേബിളിൽ വച്ച ബെഡ് കോഫിയും എടുത്തു നേരെ സാറിന്റെ റൂമിലേക്ക് നടന്നു.
കയറുമ്പോൾ തന്നെ രണ്ടു ഡോർ ഉള്ളത് കാരണം കയ്യിലെ പേപ്പർ മുട്ടി ഒരു ഡോർ അറിയാതെ ടപ്പേ ന്നു പറഞ്ഞു അടഞ്ഞു.
റൂമിൽ കയറി ലൈറ്റ് ഇട്ടപ്പോഴേക്കും ആ ശബ്ദം കേട്ടിട്ടായിരിക്കണം സാർ എണീറ്റിട്ടുണ്ടായിരുന്നു..
” ആ മോനാണോ ഇന്നത്തെ ഡ്യൂട്ടി”
അതെ സാർ എന്ന് പറയുമ്പോഴേക്കും സാർ കിടക്കയിൽ നിന്നും റിമോട്ട് എടുത്തു ടിവി ഓൺ ചെയ്തു.
കയ്യിലുള്ള ചായയും കണ്ണടയും പേപ്പറും വയ്ക്കാൻ പോകുമ്പോഴാണ് ടിവിയിൽ യാദൃശ്ചികമായി ഒരു സിനിമ തുടങ്ങുമ്പോഴുള്ള പേരെഴുതി കാണിക്കുന്നത് കണ്ടത്..
പെട്ടെന്നായിരുന്നു ഓരോ പേരുകളും മിന്നി മറഞ്ഞു “ഗാനരചന കൈതപ്രം” എന്ന പേര് കാണിച്ചത്…
എന്താ പറയ്യാ..ടിവിയിലുള്ള ആ പേരിനുടമ മുന്നിൽ ഇരിക്കുന്നു. ഞെട്ടി.. നന്നായി ഞെട്ടി. കാരണം ആ ഒരു നിമിഷം സന്തോഷം കൊണ്ട് എന്താ ചെയ്യാ ന്നു അറിയില്ലായിരുന്നു. കയ്യിലുള്ള കോഫി മേശപ്പുറത്ത് വയ്ക്കുമ്പോഴേക്കും സാർ പറഞ്ഞു
” ഇതേതാ സിനിമ മനസ്സിലായോ മോനെ…”
ആ സാർ..നരനിലെ തുടക്കത്തിലുള്ള മ്യുസിക് ഒക്കെ പണ്ടേ മനസ്സിൽ കയറിയതല്ലേ..
അതെ നരൻ തന്നെ.. ജോഷിയുടെ സിനിമ..
ഇതിൽ ഞാനൊരു പാട്ട് ചെയ്തിട്ടുണ്ട്.. വേൽമുരുക ഹരോ ഹര.. മോൻ കേട്ടിട്ടുണ്ടോ…
അതായിരുന്നു സാർ നമ്മടെ ആസ്ഥാന തുള്ളൽ പാട്ട്..
ദീപക് ദേവ് ആയിരുന്നു സംഗീതം ചെയ്തത് .. അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്.. പാട്ടിലെ വരികൾ ശ്രദ്ധിച്ചാൽ നമ്മുടെ സുബ്രഹ്മണ്യന്റെ നടയെപ്പറ്റി കേൾക്കാൻ പറ്റും ..
അയ്യോ അതെപ്പോ എന്ന് ചോദിക്കുന്നതിനു മുന്നേ തന്നെ
“ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവണ്ണൂരിൽ വടിവേലൻ വന്നു”
അതിലെ വടിവേലൻ നമ്മുടെ സുബ്രഹ്മണ്യ സ്വാമിയേ പറ്റിയാണ് എഴുതിയത്…
എന്താ ല്ലേ..സ്വന്തം നാടായ തിരുവണ്ണൂരും അവിടുത്തെ സുബ്രഹ്മണ്യ സ്വാമിയുടെ അമ്പലവും എല്ലാം ഉൾക്കൊള്ളിച്ചൊരു ഗാനം. ഞാനൊക്കെ മുന്നേ പാട്ട് കേൾക്കുമ്പോൾ മ്യുസിക് നോക്കി തുള്ളും.. വരി ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. പക്ഷെ സാർ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.. മോനെ വരിയുടെ അർഥം മനസ്സിലാക്കി പാട്ട് കേൾക്കുമ്പോഴാണ് ഒരു പാട്ട് അതിന്റെ പൂർണതയിൽ എത്തുന്നത്…
അതിനു ശേഷം ഏതു പാട്ട് കേട്ടാലും വരികൾ മനസ്സിലാക്കിയാണ് കേൾക്കുന്നത്. ചില പാട്ടുകളിലൊക്കെ ഒരു വരി എന്തിനാ രണ്ടു പ്രാവശ്യം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ അർഥം മനസ്സിലാക്കാനാണെന്നു പിന്നീടല്ലേ മനസ്സിലായത്. ഒരു ഗാന രചയിതാവ് അദ്ദേഹത്തിന്റെ ഭാവനയിൽ വരികൾ സൃഷ്ടിച്ചു അതൊരു സംഗീത സംവിധായകൻ ഒരു ഗാനമാക്കി മാറ്റുമ്പോൾ വരികൾ ശ്രദ്ധിക്കാതെ പോയാലുള്ള നഷ്ടം ആസ്വാദകർക്കാണെന്നു മനസിലാക്കി തന്ന സമയമായിരുന്നു ആ കാലം..
ഇങ്ങനോടെയൊക്കെ ആലോചിച്ചു റൂമിൽ നിന്നും തിരിച്ചു പോവുമ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു… “രചയിതാവിന്റെ ഓർമകളിൽ നിന്നാണോ ഭാവനയിൽ നിന്നാണോ അനുഭവ സമ്പത്തിൽ നിന്നാണോ ഒരു ഗാനത്തിന്റെ വരികൾ പിറക്കുന്നത് അതോ ഇതൊന്നും ഇല്ലാതെ ദേവദുന്ദുഭി സാന്ദ്രലയം പോലെ മനസ്സിൽ നിന്നും ഒഴുകി വരുന്നതാണോ പ്രേക്ഷക “ഹൃദയ”ത്തിലേക്ക്…
