/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins പദ്‌മശ്രീ കൈതപ്രം തിരുമേനി.. - ║കുത്തിക്കുറിപ്പുകൾ║

പദ്‌മശ്രീ കൈതപ്രം തിരുമേനി..

കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പരിപാടിക്ക് വരുമ്പോഴായിരുന്നു കൈതപ്രം സാർ വീട്ടിലേക്കു വരുന്നത്. വരുമ്പോൾ തന്നെ ” മോനെ.. ഞാൻ വാര്യത്തേക്ക്  വരുന്നുണ്ടെന്നു ” പറഞ്ഞു സാറുടെ വിളി വന്നാൽ എവിടെയാണേലും ഞാൻ  ഓടി പിടിച്ചു നേരെ വീട്ടിലേക്ക് വന്നു സാറിനെ കാണാൻ റെഡി ആയി നിൽക്കും.അങ്ങനെ ഒരു ദിവസം കണ്ണൂരിൽ വന്ന സമയത്തായിരുന്നു സാറിന്റെ കൂടെ പയ്യന്നൂരിലേക്ക് പോയത്. പയ്യന്നൂരിലെ  പരിപാടിയൊക്കെ കഴിഞ്ഞപ്പോ “മോനെ നമുക്ക് കൈതപ്രം വരെ പോയിട്ട് തിരിച്ചു പോവാം” എന്ന് പറഞ്ഞപ്പോൾ ഭാഗ്യം പോലെയാണ് തോന്നിയത്. സ്വന്തം പേരിൽ കൊണ്ട് നടക്കുന്ന ഗ്രാമത്തിന്റെ പേര് അതും അദ്ദേഹത്തിന്റെ കൂടെ തന്നെ പോകാൻ പറ്റുന്നത് ഭാഗ്യം തന്നെ അല്ലേ. അങ്ങനെ പയ്യന്നൂരിൽ നിന്നും കൈതപ്രത്തേക്കു യാത്ര തിരിച്ചു. പോകുന്ന വഴികളൊക്കെ പട്ടണത്തിൽ നിന്നും ഗ്രാമത്തിലേക്ക് മാറി കൊണ്ടിരിക്കുന്ന പ്രതീതി. എത്താറായപ്പോഴാണ്.. ” മോനേ.. ഇതായിരുന്നു ഞാൻ അഞ്ചാം ക്ലാസ് വരെ പഠിച്ച സ്കൂൾ” എന്നും പറഞ്ഞു ഒരു സ്കൂൾ കാണിച്ചു തന്നു.ദിവസവും ഇല്ലത്ത് നിന്നും വയലും കുന്നും താണ്ടി നടന്നു വരുന്നതാണ് ഈ സ്കൂളിലേക്ക് എന്നും പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ സ്കൂൾ ബസ്സിലൊക്കെ  പോയ നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാ എന്ന് ചിന്തിച്ചു പോയി..
” ഈ കുഗ്രാമത്തിൽ നിന്ന്  ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത് എന്റെ ഒരൊറ്റ പരിശ്രമം കൊണ്ട് തന്നെയാണ്.. പണ്ട് ഞാൻ അമ്പലത്തിലെ ശാന്തി കഴിഞ്ഞു സംഗീതം പഠിക്കാൻ പോയെന്നു കേട്ടപ്പോൾ ഇവിടെ ഉള്ളവർ എന്നോട് ”  ഇതിനൊന്നും പോയി സമയം കളയേണ്ട.. അമ്പലത്തിൽ ശാന്തി ചെയ്‌താൽ മതി” എന്ന് വരെ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ ലക്‌ഷ്യം.. അതാണ് ഇവിടെ എത്തിച്ചത്. അന്ന് എന്നോട് ഇങ്ങനെ പറഞ്ഞ അതേ  ആൾക്കാർ ഇന്ന് കൈതപ്രത്തിന് പുറത്തൊരു സ്ഥലത്ത് പോയാൽ ” എവിടുന്നാ വരുന്നേ” എന്ന് ചോദിക്കുമ്പോൾ ” കൈതപ്രത്ത് നിന്ന് വരികയാണെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം ” കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ? ” എന്നാണ് ചോദിക്കുന്നത്. അത് തന്നെ വലിയൊരു അംഗീകാരമല്ലേ.. സത്യം.. ഈ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് തോന്നിയത്. കാരണം നമ്മളെ തട്ടി തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലും വലിയ മറുപടി കൊടുക്കാനില്ല.. നീ ഒന്നും ആവില്ലെന്നും പറഞ്ഞവരുടെ മുന്നിൽ പ്രതീക്ഷയ്ക്കപ്പുറം എന്തൊക്കെയോ ആയി കാണിച്ചു കൊടുത്തവരെ കണ്ടിട്ടുണ്ട്. പക്ഷെ നാഴികയ്ക്ക് നാൽപ്പതു വട്ടം പേര് പറയിപ്പിച്ചവരെ കാണുന്നത് ഇതാദ്യാ.

പേരിൽ കൈതപ്രം വന്നതിൽ വല്യ അദ്‌ഭുതമൊന്നുമില്ല.. കാരണം സ്വന്തം നാടിനെ ഇത്രയേറെ സ്നേഹിച്ച വ്യക്തി.. എഴുതുന്ന പാട്ടുകളിൽ നാടിനെയോ വീടിന്റെയോ പ്രതീതമാക്കി തന്റെ ഒരു അടയാളം ചേർക്കുന്ന എഴുത്തുക്കാരിൽ ചിലർ. വണ്ണാത്തി പുഴയും.. കണ്ണാടി ഇല്ലവും..ഏഴിമലയും.. പാണപ്പുഴയും.. തിരുവണ്ണൂരും…. ഇത് പോലുള്ള അമ്പലങ്ങളും.. കൂടെ ഗൃഹാതുരത്വവും.. നാടും നാട്ടുകാരും..ജില്ലയും.. രാജ്യവും.. അങ്ങനെ പാട്ടിലെ വരികളിൽ എന്തൊക്കെ ചേർക്കാൻ പറ്റും അതൊക്കെ പ്രതീക്ഷിക്കാത്ത തലത്തിൽ ചേർത്ത കവി.

” മോനെ.. അടുത്ത കാണുന്നതാണ് നമ്മുടെ കൈതപ്രത്തെ വായനശാല..ഒരു പക്ഷെ  ഈ വായനശാലയിലെ എല്ലാ പുസ്തകവും വായിച്ചൊരാൾ ഞാൻ മാത്രമായിരിക്കും. ശാന്തി കഴിഞ്ഞാൽ ഇവിടെ വന്നിരിക്കും.. ആ വായനയാണ് എനിക്ക് ഇത്രയും പ്രചോദനമായത്” .. അത് എഴുത്തുകളിൽ കാണാനുണ്ട്.. കാരണം ഓരോ വരികളും വാക്കുകളും അതിലെ സ്പുടതയും ഒരു പോലെ വരുമ്പോഴാണ് ഗാനമായി മാറുന്നത്. അത്രയേറെ വാക്കുകളുടെ ശേഖരമുള്ളവർക്കേ ഒരൊറ്റ സെക്കൻഡ് കൊണ്ട് ” അവിടെ ആ വാക്ക് വേണ്ട.. ഈ വാക്ക് മതി” എന്ന് പറയാൻ പറ്റൂ..ആ വായനയുടെ തുടർച്ചയായിരിക്കാം ഒരു പക്ഷെ  നാട് വിട്ടു തിരുവനന്തപുരത്തു പോയി അവിടെ അമ്പലത്തിൽ ശാന്തി ചെയ്തു വരുന്ന സമയത്ത് ” ദേവ ദുന്ദുഭി സാന്ദ്രലയം..” എന്ന ഗാനത്തിലൂടെ മലയാളം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന് സാധിച്ചത്. പിന്നെ അങ്ങോട്ട് ” അമ്പലപ്പുഴേ.. രാജ ഹംസമേ.. ദേവി..ആത്മരാഗമേകാൻ… വണ്ണാത്തി പുഴയുടെ…എന്തിനു വേറൊരു സൂര്യോദയം…” എണ്ണിയാൽ തീരാത്ത മനസ്സിൽ ഇടം പിടിച്ച ഒട്ടനവധി പാട്ടുകൾ..അഭിനയിച്ച സിനിമകൾ.. ഭക്തിഗാനങ്ങൾ…എഴുതിയ കഥകൾ.. പാടിയ പാട്ടുകൾ.. ഈണം കൊടുത്ത പാട്ടുകൾ.. മലയാള സിനിമയ്ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തു രാജ്യം ഇന്ന് ” പദ്മശ്രീ” കൊടുത്തു ആദരിച്ചു. അതെ… കൈതപ്രം ഇനി “പദ്മശ്രീ കൈതപ്രം” എന്ന പേരിൽ സ്വന്തം നാടിനൊരു പൊൻതൂവൽ അണിയിച്ചു. കണ്ണൂരിലെ ഒരു ഗ്രാമത്തെ രാജ്യ ബഹുമതിയിൽ ദേവദുന്ദുഭി സാന്ദ്രലയം കൊണ്ടാറാടിച്ചു വണ്ണാത്തി പുഴയുടെ പ്രശസ്തി വാനോളം ഉയർത്തിയ കണ്ണാടി ഭാഗവതരുടെ പുത്രന് ഒരായിരം ആശംസകൾ…

About the author

Leave a Reply

Your email address will not be published. Required fields are marked *